ഖത്തർ: ലോകകപ്പ് വേദിയിൽ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം നേടിയിട്ടും പ്രീക്വാർട്ടർ എത്താതെ ടുണീഷ്യ ആരവങ്ങളിൽ നിന്ന് മടങ്ങി. ഇന്നലെ ഗ്രൂപ്പ് ഡിയിൽ ഫ്രാൻസിനെ അട്ടിമറിച്ചിട്ടും ടുണീഷ്യയെ പുറത്താക്കിയത് ഡെന്മാർക്കിനെതിരെ ഓസ്‌ട്രേലിയ വിജയിച്ചതോടെയാണ്. ഓസ്‌ട്രേലിയ - ഡെന്മാർക്ക് മത്സരവും ഫ്രാൻസ് -ടുണീഷ്യ മത്സരവും ആദ്യ പകുതിയിൽ ഗോൾ രഹിതമായാണ് അവസാനിച്ചത്.
എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ടുണീഷ്യ ഗോൾ നേടി ഫ്രാൻസിനെ ഞെട്ടിച്ചു. 58-ാം മിനിട്ടിൽ വബി ഖസ്‌റിയാണ് ലോക ചാമ്പ്യന്മാരെ ഞെട്ടിച്ച് ഗോൾ നേടിയത്. ആദ്യ പകുതിയിലെ മുന്നേറ്റങ്ങളുടെ തുടർച്ചയെന്നോണം കളിച്ച ഖസ്‌റി മദ്ധ്യനിരയിൽ നിന്നുകിട്ടിയ പന്തുമായി ഒറ്റയ്ക്ക് ഓടിക്കയറി മൂന്ന് ഡിഫൻഡർമാർക്കിടയിലൂടെയാണ് ഗോൾ നേടിയത്.
ആദ്യ രണ്ട് മത്സരങ്ങളിലെ വിജയങ്ങളോടെ ആദ്യം തന്നെ പ്രീ ക്വാർട്ടർ ഉറപ്പിച്ച ഫ്രാൻസ് ഇന്നലെ മുൻനിര താരങ്ങളായ കിലിയൻ എംബാപ്പെയെയും ഒളിവർ ജിറൂദിനെയും അന്റോയ്ൻ ഗ്രീസ്മാനെയും നായകനും ഗോളിയുമായ ഹ്യൂഗോ ലോറിസിനെയും ഒഴിവാക്കിയാണ് ഫസ്റ്റ് ഇലവനെ ഇറക്കിയത്. ഡിഫൻഡർ റാഫേൽ വരാനെയാണ് ടീമിനെ നയിച്ചത്. ടുണീഷ്യ തുടക്കം മുതൽ ആക്രമിച്ചു കളിച്ചു.
കോർണറുകളും ഫ്രീകിക്കുകളും നേടിയെടുക്കുന്നതിൽ മുന്നിട്ടുനിന്ന ടുണീഷ്യക്കാർക്ക് അത് ഫിനിഷിംഗിലെത്തിക്കുന്നതിൽ വിജയിക്കാനായില്ലെന്നുമാത്രം. 35മിനിട്ടിനുള്ളിൽ ആറ് കോർണറുകളാണ് ടുണീഷ്യ നേടിയെടുത്തത്. ഇന്നലെ ഫ്രഞ്ച് വല കാക്കാനെത്തിയ വെറ്ററൻ താരം സ്റ്റീവ് മന്ദാന്ദയുടെ മികച്ച സേവുകളും ഡിഫൻസിലെ കാമാവിംഗയുടെ മനസാന്നിദ്ധ്യവും ഫ്രാൻസിന് സഹായമായി.
ആദ്യ പകുതിയിൽ ടുണീഷ്യ ലക്ഷ്യത്തിലേക്ക് രണ്ട് ഷോട്ടുകൾ ഉതിർത്തപ്പോൾ ഫ്രാൻസിന് ഒരു ഷോട്ടേ തൊടുക്കാനായുള്ളൂ.ആദ്യപകുതിയുടെ അവസാന സമയത്ത് ഗോളി മാത്രം മുന്നിൽ നിൽക്കേ ടുണീഷ്യയ്ക്ക് നല്ലൊരവസരം ലഭിച്ചെങ്കിലും ഖസ്‌റിയുടെ ഷോട്ട് പുറത്തേക്ക് പോവുകയായിരുന്നു.
എന്നാൽ രണ്ടാം പകുതിയിൽ മദ്ധ്യനിരയിൽ നിന്ന് കിട്ടിയ പന്തുമായി ഒറ്റയ്ക്ക് ഓടിക്കയറിയ വാബി പിന്നാലെ കൂടിയ മൂന്ന് ഡിഫൻഡർമാരെ സമർത്ഥമായി കബളിപ്പിച്ച് ബോക്‌സിലേക്ക് കടന്നുകയറി വലയിലേക്ക് ഷൂട്ട് ചെയ്യുകയായിരുന്നു.
തുടർന്ന്ഫ്രാൻസ് എംബാപ്പെയെയും ഗ്രീസ്മാനെയുമൊക്കെ കളത്തിലേക്ക് ഇറക്കിയെങ്കിലും തോൽവിയെ തടുക്കാനായില്ല. ഇൻജുറി ടൈമിൽ ഗ്രീസ്മാൻ വലകുലുക്കിയെങ്കിലും വാർ പരിശോധനയിൽ റഫറി ഓഫ് സൈഡ് കുറിച്ചു. ലോകകപ്പിൽ ടുണീഷ്യയുടെ ആദ്യ വിജയമാണിത്.
ഫ്രാൻസിനെ തോൽപ്പിക്കുന്നതും ഇതാദ്യം .ഈ ലോകകപ്പിലെ ടുണീഷ്യയുടെ ആദ്യ ഗോളാണ് വാബി നേടിയത്. ഖത്തറിൽ തന്റെ ആദ്യ മത്സരത്തിനാണ് വാബി ഇറങ്ങിയത്. കഴിഞ്ഞ ലോകകപ്പിൽ വാബി രണ്ട് ഗോളുകളാണ് നേടിയത്.