ദോഹ : ഗ്രൂപ്പ് ബിയിൽ ഇംഗ്ലണ്ട് ചാമ്പ്യൻമാരായി പ്രീക്വാർട്ടറിലെത്തിയപ്പോൾ അവസാന നിമിഷം വരെ പൊരുതിയ ഇറാനെ ഒരേ ഒരു ഗോളിന് വീഴ്ത്തി യു.എസ്.എ രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിന് യോഗ്യത നേടി. ഗ്രൂപ്പിലെ അവസാന റൗണ്ട് മത്സരത്തിൽ വെയ്ൽസിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് ഇംഗ്ലണ്ട് 7 പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യൻമാരായത്. രണ്ട് ജയവും ഒരു തോൽവിയുമാണ് ഗ്രൂപ്പിൽ ഇംഗ്ലണ്ടിന്റെ നേട്ടം.
അവസാന റൗണ്ട് മത്സരം തുടങ്ങുമ്പോൾ ഇറാൻ മൂന്ന്‌പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാമതും രണ്ട് പോയിന്റുള്ള യു.എസ് മൂന്നാമതുമായിരുന്നു. സമനില നേടിയെങ്കിൽ പോലും ഇറാന് പ്രീക്വാർട്ടറിൽ കളിക്കാമായിരുന്നു. എന്നാൽ ആദ്യപകുതിയിൽ ക്രിസ്റ്റ്യൻ പുലിസിച്ച് നേടിയ ഗോളിൽ ലീഡ് നേടിയ ശേഷം ഇറാൻ ആക്രമണങ്ങളെ കൃത്യമായി പ്രതിരോധിച്ച യു.എസ്.എ അഞ്ചു പോയിന്റുമായി വെയ്റ്റിംഗ് ലിസ്റ്റിൽ ഇറാനും താഴെയായിരുന്ന തങ്ങളുടെ നോക്കൗട്ട് ടിക്കറ്റ് കൺഫേം ആക്കുകയായിരുന്നു.
ആദ്യ മത്സരങ്ങളിൽ വെയ്ൽസിനെയും കരുത്തരായ ഇംഗ്ലണ്ടിനെയും സമനിലയിൽ പിടിച്ചതും യു.എസിന്റെ നോക്കൗട്ട് പ്രവേശനത്തിൽ നിർണായകമായി. ഇറാൻ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോട് വലിയ മാർജിനിൽ തോറ്റെങ്കിലും രണ്ടാം മത്സരത്തിൽ വെയ്ൽസിനെ വീഴ്ത്തിയാണ് നോക്കൗട്ട് പ്രതീക്ഷ സജീവമാക്കിയിരുന്നു. എന്നാൽ യു.എസിന് മുന്നിൽ അവരുടെ സ്വപ്നങ്ങൾ പൊലിഞ്ഞു.
64 വർഷത്തിന് ശേഷം ലോകകപ്പിനെത്തിയ വെയ്ൽസിന് യു.എസിനെതിരെ നേടിയ സമിനില മാത്രമേ ഓർക്കാനുള്ളൂ. മറ്റ് രണ്ട് മത്സരത്തിലും തോറ്റ അവർ 1 പോയിന്റുമായി ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. കഴിഞ്ഞ മത്സരത്തിൽ യു.എസ്.എയോട് അപ്രതീക്ഷിത സമനിലയിൽ കുരുങ്ങിയ ഇംഗ്ലണ്ട് അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന അവസാന പോരാട്ടത്തിൽ രണ്ടാം പകുതിയിൽ നേടിയ മൂന്ന് ഗോളുകളുടെ പിൻബലത്തിൽ അയൽക്കാരായ വെയ്ൽസിനെ തകർക്കുകയായിരുന്നു.
ഇംഗ്ലണ്ട് നാല് മറ്റങ്ങളുമായാണ് വെയ്ൽസിനെതിരെ ഇറങ്ങിയത്. മാർകസ് റാഷ്‌ഫോർഡ്, ഫിൽ ഫോഡൻ, കെയ്ൽ വാൽക്കർ, ഹെൻഡേഴ്‌സൺ എന്നിവരെ സൗത്ത് ഗേറ്റ് വെയ്ൽസിനെതിരെ ആദ്യ ഇലവനിൽ ഇറക്കി. മാർകസ് റാഷ്‌ഫോർഡ് ഇരട്ടഗോളുമായി വെയ്ൽസ് വധത്തിൽ നിർണായക പങ്കുവഹിച്ചു.
ഫിൽ ഫോഡൻ ഒരു ഗോൾ നേടി. നേരിയ പ്രീക്വാർട്ടർ പ്രതീക്ഷയുമായിറങ്ങിയ വെയ്ൽസ് ആദ്യ പകുതിയിൽ ഇംഗ്ലണ്ട് ആക്രമണങ്ങളെ നന്നായി പ്രതിരോധിച്ചെങ്കിലും രണ്ടാം പുകുതിയിൽ ഇംഗ്ലീഷ് ആക്രമണങ്ങൾക്കു മുന്നിൽ പകച്ചു പോവുകയായിരുന്നു. രണ്ടാം പകുതിയുടെ അമ്പതാം മിനിട്ടിൽ ഫ്രീകിക്കിൽ നിന്നാണ് റാഷ്‌ഫോർഡ് ഇംഗ്ലണ്ടിന്റെ ഗോൾ അക്കൗണ്ട് തുറന്നത്.
ഒരു മിനിട്ടിനകം വെയ്ൽസ് പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് ഹാരി കേൻ നൽകിയ പാസിൽ നിന്ന് ഫോഡൻ ഇംഗ്ലണ്ടിന്റെ ലീഡുയർത്തി. പകരക്കാരനായെത്തിയ കാൽവിൻ ഫിലിപ്പ്സിന്റെ പാസിൽ നിന്ന് 68-ാം മിനവിട്ടിൽ റാഷ്‌ഫോർഡ് ഇംഗ്ലീഷ് ഗോൾ പട്ടിക പൂർത്തിയാക്കി. അൽ തുമാ സ്റ്റേഡിയം വേദിയായ മത്സരത്തിൽ 38-ാം മിനിട്ടിൽ ക്രിസ്റ്റിയൻ പുലിസിച്ച് നേടിയ ഗോൾ യു.എസിന് നോക്കൗട്ടിലേക്ക് വഴിവെട്ടുകയായിരുന്നു.
തുടർന്ന് അവസാന നിമിഷം വരെ തിരിച്ചടിക്കാനുള്ള ഇറാനിയൻ നീക്കങ്ങളെ കോട്ടകെട്ടിത്തടഞ്ഞ് യു.എസ്.എ 2014ന് ശേഷമുള്ള ലോകകപ്പ് പ്രവേശനം പ്രീക്വാർട്ടറിലേക്ക് നീട്ടുകയായിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഇറാന് ഫ്രീകിക്ക് ലഭിച്ചെങ്കിലും മുതലാക്കാനായില്ല. തുടർന്ന് അമേരിക്ക നിരവധി തവണ ഇറാനിയൻ ഗോൾ മുഖത്തേക്ക് ഇരച്ചെത്തി.
ഡസ്റ്റിൽ നിന്ന് കിട്ടിയ പന്താണ് 38-ാം മിനിട്ടിൽ പുലിസിച്ച് ഗോളാക്കിയത്. ഒന്നാം പകുതിയുടെ അധിക സമയത്ത് തിമോത്തി വിയ ഇറാനിയൻ ഗോൾ വലകുലുക്കിയെങ്കിലും ഓഫ് സൈഡായി. രണ്ടാം പകുതിയിൽ അവസാന നിമിഷം വരെ ഗോളിനായി ഇറാൻ ഗോളിനായി ശ്രമിച്ചെങ്കിലും അവസരത്തിനൊത്തുയർന്ന യു.എസ് പ്രതിരോധം അതെല്ലാം നിഷ്പ്രഭമാക്കി.
എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ സെനഗലാണ് നാലാം തീയതി രാത്രി നടക്കുന്ന പ്രീക്വാർട്ടറിൽ ഇംഗ്ലണ്ടിന്റെ എതിരാളികൾ. യു.എസ്.എ മൂന്നിന് രാത്രി 8.30ന് നടക്കുന്ന പ്രീക്വാർട്ടറിൽ ഗ്രൂപ്പ് എയിലെ ചാമ്പ്യൻമാരായ ഹോളണ്ടിനെ നേരിടും.