ജയൻ സിനിമകളും, ചാനൽ ചർച്ചകളും രൂപപ്പെടുത്തിയിരിക്കുന്ന മലയാളിയുടെ ബോധ മണ്ഡലങ്ങൾ

വെള്ളാശേരി ജോസഫ്
Monday, September 16, 2019

‘ജയൻ സിനിമകളിൽ’ കാണുന്നത് പോലെ നിക്കറിട്ട് സ്കോച്ച് നുണഞ്ഞിരിക്കുന്ന മുതലാളിമാരെ പോലെയാണ് നമ്മുടെ കോർപ്പറേറ്റ് മുതലാളിമാരെന്നാണ് പല കമ്യൂണിസ്റ്റുകാരുടേയും ധാരണ!!! പഴയ മലയാളം സിനിമകളിൽ ജോസ് പ്രകാശിനേയും, ഉമ്മറിനേയും, മറ്റ്‌ മുതലാളിമാരേയും എസ്റ്റേറ്റ്‌ മുതലാളിമാരായിട്ടും, ഫാക്റ്ററി മുതലാളിമാരായിട്ടും ഒക്കെ കാണാം.

ഈ മുതലാളിമാർക്കൊക്കെ ഒരു സ്ഥിരം ഇമേജുണ്ട്. അവർ കുതിരപ്പുറത്ത്‌ സഞ്ചരിക്കുന്നവരോ, ഗോൾഫ് കളിക്കുന്നവരോ, ഇറക്കം കുറഞ്ഞ നിക്കറിട്ടവരോ ഒക്കെ ആയിരിക്കും. മദ്യം നുണഞ്ഞുകൊണ്ട് അവർ ഇരിക്കുമ്പോൾ അടുത്ത്‌ ‘മിനി സ്‌കേർട്ടിൽ’ കാണാൻ കൊള്ളാവുന്ന മാദകത്വം തുളുമ്പുന്ന ഒരു യുവതിയും ഇരിപ്പുണ്ടാവും. അൽപ്പ വസ്ത്രധാരിയായ യുവതിയും, മദ്യവും, ബംഗ്‌ളാവിൻറ്റെ മുറ്റവും ഒക്കെ സൃഷ്ടിക്കുന്ന ഒരു പ്രത്യേക ‘ഇമേജ്’ എന്താണ്??? ഇവർ തൊഴിലാളികളുടെ രക്തം ഊറ്റി കുടിക്കുന്ന ബൂർഷ്വാസികളാണെന്ന് പിന്നെ പ്രത്യേകിച്ച് പറയേണ്ട കാര്യമുണ്ടോ????

എസ്റ്റേറ്റ്‌ ബംഗ്ലാവിലിരുന്ന് രാത്രി നല്ല തീറ്റയും, കള്ള് കുടിയുമൊക്കെ കഴിയുമ്പോൾ തൊഴിലാളികളുടെ കോളനിയിലേക്ക് പെണ്ണു പിടുത്തം ലക്ഷ്യമാക്കി പുറപ്പെടുന്ന മുതലാളിമാരേയും സൃഷ്ടിച്ചിട്ടുണ്ട് മലയാള സിനിമകൾ. ഇത്തരം സിനിമകൾ ചെറുപ്പത്തിലും, ചോര തിളപ്പുള്ള യവ്വനത്തിലും കണ്ടിട്ടുള്ള മലയാളികളുടെ മനസ്സിൽ കോർപ്പറേറ്റ് വിരോധം വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ.

സത്യത്തിൽ യഥാർത്ഥത്തിലുള്ള കോർപ്പറേറ്റ് മുതലാളിമാരൊക്കെ ഇങ്ങനെയാണോ??? കള്ളിൽ മുങ്ങി നടക്കുന്നവർക്ക് എങ്ങനെയാണ് ഒരു സ്ഥാപനം വിജയകരമായി നടത്തിക്കൊണ്ടു പോകുവാൻ സാധിക്കുന്നത്??? കള്ളു കുടിയും, പെണ്ണുപിടുത്തവും ഒക്കെയായി നടന്നാൽ സഹപ്രവർത്തകർ ആരെങ്കിലും അത്തരക്കാരെ ബഹുമാനിക്കുമോ??? സഹ പ്രവർത്തകരുടെ ആദരവും, ബഹുമാനവും, സഹകരണവും കിട്ടാതെ എങ്ങെനെയാണ് ഒരു സ്ഥാപനത്തെ മുന്നോട്ട്‌ നയിക്കാൻ സാധിക്കുക???

ഒരു സ്ഥാപനം ലാഭത്തിലാക്കാൻ കൂടെയുള്ളവരുടെ സഹകരണം അത്യന്താപേക്ഷിതമായ ഒന്നല്ലേ??? ഇതൊക്കെ എന്താണ് മലയാളി മനസ്സിലാക്കാത്തത് ??? അച്ചടക്കം ആവശ്യമുള്ള മേഖലകളിലുള്ളവരെ ഒക്കെ പുച്ഛിക്കുന്നത് മലയാളികളുടെ ഒരു സ്ഥിരം ശീലമായി കഴിഞ്ഞു. അതുകൊണ്ടാണെന്നാണ് തോന്നുന്നത് പട്ടാളക്കാർ മലയാള സിനിമകളിൽ സ്ഥിരം കോമഡിയന്മാരായി മാറുന്നത്.

ഇതു കൂടാതെ മലയാളികളുടെ മനസ്സിൽ കോർപ്പറേറ്റ് വിരോധം കുത്തിവെക്കുന്ന ചില മാധ്യമ പ്രവർത്തകരുമുണ്ട്. മലയാളികളുടെ മനസ്സിൽ സ്ഥിരം കോർപ്പറേറ്റ് വിരോധം കുത്തിവെക്കുന്നത് സിന്ധു സൂര്യകുമാറാണെന്നാണ് തോന്നുന്നത്. പുള്ളിക്കാരിയുടെ ‘കവർ സ്റ്റോറിയിൽ’ ആഗോളവൽക്കരണം, കമ്പോളവൽക്കരണം, കോർപ്പറേറ്റിസം എന്നൊക്കെ സ്ഥിരം കേൾക്കാം.

ഇതുപോലെ ചില മാധ്യമ പ്രവർത്തകരും, ചാനലുകാരുമാണ് മലയാളിയെ സ്ഥിരം കോർപ്പറേറ്റ് വിരുദ്ധനാക്കുന്നത്. പിന്നെ ഒരു പി.ജെ. ജെയിംസ് ഉണ്ട്. ഊഹ കച്ചവടം എന്ന് സ്ഥിരമായി ചാനൽ ചർച്ചകളിൽ പറയുന്ന ആൾ. മലയാളികൾക്കിടയിൽ അങ്ങനെ ഒത്തിരി തലതിരിഞ്ഞവർ ഉണ്ട്. മാധ്യമങ്ങളിൽ ഉള്ളവർ; പ്രതേകിച്ച് നമ്മുടെ ചാനൽ മാധ്യമക്കാർ കരുതുന്നത് അവർ സർവവിജ്ഞാനകോശങ്ങൾ ആണെന്നാണ്. ഇവർ പാവം കാഴ്ചക്കാരേയും കേൾവിക്കാരേയും വഴിതെറ്റിക്കുയാണ് യഥാർഥത്തിൽ ചെയ്യുന്നത്.

മലയാളം ചാനലുകളിലെ മിക്കവർക്കും മാന്യമായി ചർച്ചകൾ നടത്താൻ അറിയില്ല. ചാനൽ ചർച്ചകൾ നയിക്കുന്ന മിക്കവരുടേയും പ്രകടനം തീർത്തും അരോചകമാണ്. ഒരു തവണ ഡൽഹിയിലെ ബോംബ് സ്ഫോടനവും ആയി ബന്ധപ്പെട്ട് ഒരു മുതിർന്ന വനിതാ പോലീസ് ഉദ്യോഗസ്ഥ തത്സമയം വാർത്തയിൽ സംസാരിച്ചപ്പോൾ വേണു ബാലകൃഷ്ണൻ അവരോട് തട്ടികേറിയത് ഇപ്പോഴും ഓർമ്മിക്കുന്നു.

ഒരു ബോംബ് പൊട്ടിയെന്നു വെച്ച് ഡൽഹിയിലെ ക്രമ സമാധാന നില മൊത്തം തകർന്നു എന്നതല്ല അർഥം എന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥ പറഞ്ഞപ്പോൾ വേണു അവരോട് നിങ്ങളൊക്കെ ഇത്ര ലഖുവായിട്ടാണൊ കാര്യങ്ങൾ കാണുന്നത് എന്ന് ചോദിച്ചു കൊണ്ട് അവരോട് തട്ടികേറി. പോലീസ് ഉദ്യോഗസ്ഥ പറഞ്ഞതല്ലേ അതിൻറ്റെ ശരി? ഒരു ബോംബ് പൊട്ടിയെന്നു കരുതി ഒന്നര കോടിയിലേറെ ജനങ്ങൾ അധിവസിക്കുന്ന ഒരു നഗരത്തിലെ ക്രമ സമാധാന നില തകർന്നു എന്നതാണോ അർഥം?

മലയാളത്തിലെ മാധ്യമ പ്രവർത്തകരിൽ പലരും ഇരുപത്തൊന്നാം നൂണ്ടിലേക്കു കാലു കുത്തിയിട്ടില്ല എന്നത് ഇവരുടെ പ്രകടനങ്ങളിൽ നിന്ന് മനസ്സിലാക്കാം. വേണു ബാലകൃഷ്ണൻ മാത്രമല്ല മാത്രം അല്ല; വിനു വി.ജോൺ, ലല്ലു, സിന്ധു സൂര്യകുമാർ, ഷാജൻ സ്കറിയ – അങ്ങനെ തൊണ്ണൂറുകളിലെ മുൻ എസ്.എഫ്. ഐ.- അനുഭാവികൾ മുഴുവൻ ഇപ്പോൾ മാധ്യമ രംഗത്ത് ആണ്. അതിൻറ്റെ കുഴപ്പം ഒത്തിരി ഉണ്ട്. സിന്ധു സൂര്യകുമാർ ആഗോള വൽക്കരണം, കമ്പോള വൽക്കരണം, കോർപറേറ്റിസം എന്നൊക്കെ പറയുമ്പോൾ തന്നെ അത് പഴയ എസ്. എഫ്. ഐ. ട്രെയിനിങ് ആണെന്ന് സാമാന്യ ബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാം.

ഏഷ്യാനെറ്റിലെ വിനുവാകട്ടെ, മാർക്സിസ്റ്റു സിദ്ധാന്തങ്ങളെ കുറിച്ച് വലിയ ഗൗരവത്തിൽ ചർച്ച നടത്തും. ഇപ്പോൾ റഷ്യയിലും ചൈനയിലും വരെ ഈ സിദ്ധാന്തങ്ങളൊക്കെ ആർക്കും വേണ്ടാ. കേരളത്തിലെ മിക്ക മാധ്യമ പ്രവർത്തകർക്കും ആഗോള തലത്തിൽ ഉണ്ടാകുന്ന സംഭവങ്ങളെ കുറിച്ചോ, ഫിനാൻസ് ക്യാപ്പിറ്റൽ അല്ലെങ്കിൽ മോണിട്ടറി ഇക്കണോമിക്‌സിനെയോ കുറിച്ചോ വലിയ പിടിപാടൊന്നും ഇല്ല. ഒട്ടും അറിയില്ല എന്നാണു പലപ്പോഴും തോന്നിയിട്ടുള്ളത്. അത് കൂടാതെ മലയാളത്തിലെ അർനാബ് ഗോസ്വാമി ആകാനും ചിലർ ശ്രമിക്കുന്നു. അർനാബ് ഗോസ്വാമിയെ പോലെ വക്കീലും, പ്രോസിക്യൂട്ടറും, ജഡ്ജും ആകാൻ പലരും ശ്രമിക്കുന്നു. കമ്യുണിസവും കോൺഗ്രസ്സ് വിരോധവും മാത്രമേ ഈ പല ചാനൽ പ്രവർത്തകർക്കും വശമുള്ളൂ.

ലോകത്തിലൊരിടത്തും മലയാളികളെ പോലെ കോർപ്പറേറ്റ് വിരുദ്ധരെ കാണാൻ സാധിക്കില്ലെന്നാണ് പല രാജ്യങ്ങളും സന്ദർശിച്ചിട്ടുള്ള ഒരാൾ കുറച്ചു നാൾ മുമ്പ് സോഷ്യൽ മീഡിയയിൽ കൂടി അഭിപ്രായപെട്ടത്. മലയാളി ഇന്ത്യയിലെ പല സ്ഥലങ്ങളിലും നിലനിൽക്കുന്ന നന്മകൾ കാണില്ല; അവയെ ആദരിക്കില്ല. വെറുതെ വിവാദങ്ങൾ ഉണ്ടാക്കാൻ മാത്രമേ പലർക്കും താല്പര്യമുള്ളൂ. മലയാളികളിൽ ചിലർക്ക് തീവ്ര മത ബോധവും, ഇടതു പക്ഷ വ്യാമോഹങ്ങളും, അരാജക സങ്കൽപ്പങ്ങളും ഉണ്ട്. അതും പല വിഷയങ്ങളിലുമുള്ള മലയാളികളുടെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാണ്.

കേരളത്തിൽ ഉള്ളത് പോലെ ‘അമേരിക്കൻ വിരുദ്ധർ’ ലോകത്തെവിടെയെങ്കിലും ഉണ്ടോ? ഇല്ലെന്നാണ് തോന്നുന്നത്. അമേരിക്കൻ ബഹു രാഷ്ട്ര കുത്തകകളാണ് ലോകം മുഴുവൻ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്ന് ആയിരുന്നു ഇടതു പക്ഷക്കാർ ഒരുകാലത്ത് വിശ്വസിച്ചിരുന്നതും പ്രചരിപ്പിച്ചിരുന്നതും. ഇപ്പോൾ ചൈന ലോക വ്യാപാരത്തിൽ മേൽകൈ നേടുമ്പോൾ ചൈനക്കെതിരെ അത്തരം ഒരു പ്രചാരണവുമില്ല എന്നത് ശ്രദ്ധേയമാണ്. ചൈനീസ് കമ്പനികളായ ഷവോമി, വാവേ, വൺ പ്ലസ് വൺ, ജിയോനി – ഇങ്ങനെ അനേകം കമ്പനികൾ ഇന്ത്യയിലെ സ്മാർട്ട്‌ ഫോൺ മാർക്കറ്റ് അടക്കി വാഴുന്നു. ഇതൊന്നും നമ്മുടെ ഇടതു പക്ഷ അനുഭാവികളായ മാധ്യമ പ്രവർത്തകരും, അക്കാഡമിക്ക് വിദഗ്ധരും കാണില്ല.

മാർക്സിസ്റ്റ് പണ്ഡിതനായ പ്രൊഫസർ പി. ജെ. ജെയിമ്സ്‌ ‘ഊഹ കച്ചവടം’ എന്നു പറഞ്ഞു സാമ്പത്തിക രംഗത്ത് എന്തെങ്കിലും ഒരു ‘ക്രൈസിസ്’ ഉണ്ടാവുമ്പോൾ മലയാളം ടി. വി. ചർച്ചകളിൽ നിറയാറുണ്ട്. ഈ ഇടതു പക്ഷക്കാർ ഇത്രയും വലിയ കോലാഹലങ്ങൾ ഉണ്ടാക്കിയിട്ട് ഇവിടെ എന്തു സംഭവിച്ചു? 2008 – ലെ അമേരിക്കൻ ‘ഫിനാൻഷ്യൽ ക്രൈസിസ്’ -ൻറ്റെ സമയത്ത് പ്രൊഫസർ പി.ജെ.ജെയിമ്സ്‌ അടക്കം പലരും അമേരിക്കൻ ഡോളറിൻറ്റെ അന്ത്യം പ്രവചിച്ചു. എന്നിട്ട് എന്തായി? ഡോളർ കൂടുതൽ ശക്തമായി. ലോക രാജ്യങ്ങൾക്കു വിശ്വസിക്കാവുന്ന മറ്റൊരു ആൾട്ടർനേറ്റീവ് കറൻസി ഇപ്പോഴും ലോകത്തിൽ ഇല്ല.

അമേരിക്ക ലോകത്തിലെ വൻശക്തിയായത് ജപ്പാൻറ്റെ പേൾ ഹാർബർ ആക്രമണത്തിന് ശേഷമാണ്. രണ്ടാം ലോക മഹായുദ്ധ കാലത്ത്‌ അവരുടെ ‘മെയിൻലാൻഡ്’ ആക്രമിക്കപ്പെടാതെ തന്നെ ഉൽപ്പാദനം വളരെ വലിയ തോതിൽ കൂട്ടാൻ അമേരിക്കക്ക് സാധിച്ചു. സോവിയറ്റ് യൂണിയനും ലോക വൻശക്തി ആയത്‌ ഇങ്ങനെ ഒക്കെ തന്നെ.പക്ഷെ സോഷ്യലിസ്റ്റ് സമ്പത് വ്യവസ്ഥ ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഉൽപ്പാദന ശക്തികളെ പുറകോട്ടടിച്ചപ്പോൾ സംരഭകത്ത്വത്തിലൂടെയും, സ്വാതന്ത്ര്യത്തിലൂടെയും അമേരിക്ക മുന്നേറി. ഇതാണ് ‘അമേരിക്കൻ ഡ്രീം’ എന്ന് പറയുന്നത്.

പലരും ഇത് മനസിലാക്കുന്നതേ ഇല്ലാ. എണ്ണയുടെ കാര്യത്തിലും, ഡോളറിൻറ്റെ മേധാവിത്ത്വത്തിനും, തങ്ങളുടെ താൽപര്യങ്ങൾക്കും വേണ്ടി അമേരിക്കൻ സൈന്യവും ഇൻറ്റലിജൻസ് ഏജൻസികളും ലോകത്തിൻറ്റെ പല ഭാഗങ്ങളിലും ഇടപെട്ടിട്ടുണ്ട് എന്നുള്ള കാര്യം ശരി തന്നെയാണ്. പക്ഷെ ഇതൊന്നുമല്ല അമേരിക്കയുടെ യഥാർത്ഥത്തിലുള്ള ശക്തി. ലോകത്തെ ഏറ്റവും പ്രസിദ്ധമായ യൂണിവേഴ്സിറ്റികളായ ഹാർവാഡ്, യെയിൽ, കൊളംബിയ, കോർണൽ, മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്‌നോളജി – ഇതൊക്കെ അമേരിക്കയിലാണ്. ഏറ്റവും വലിയ ഗവേഷണ കേന്ദ്രങ്ങളും അമേരിക്കയിൽ തന്നെ.

ഗവേഷണ ഫലങ്ങളിൽ നിന്നുള്ള ‘പേറ്റൻറ്റ്’ വിറ്റു കിട്ടുന്ന പണം അമേരിക്കൻ സമ്പദ് വ്യവസ്ഥക്ക് വലിയൊരു മുതൽ കൂട്ടാണ്. ഡിജിറ്റൽ ടെക്‌നോളജി വന്നപ്പോൾ മൈക്രോസോഫ്റ്റ്, ഗൂഗിൾ, യാഹൂ, ഫെയിസ്ബുക് – ഇവയെല്ലാത്തിൻറ്റെയും കേന്ദ്ര സ്ഥാപനങ്ങളും അമേരിക്കയിൽ തന്നെയാണ് ഉണ്ടായത്. ഏറ്റവും വലിയ ഓൺലയിൻ വ്യാപാരമായ ആമസോൺ – ൻറ്റെ കേന്ദ്ര സ്ഥാപനവും അമേരിക്കയിൽ തന്നെ. ഏറ്റവും വലിയ മിലിട്ടറി ഇൻഡസ്ട്ട്രിയൽ കോമ്പ്ലെക്സുകളും അമേരിക്കയിലാണ്.

ഇവയെ ഒക്കെ സംരക്ഷിക്കുന്ന നിയമ വ്യവസ്ഥയും, ഇവക്കൊക്കെ പ്രവർത്തിക്കുവാനുള്ള സ്വാതന്ത്ര്യവും അമേരിക്കയിലുണ്ട്. അതുകൊണ്ട് ലോകം മുഴുവൻ ഉള്ള ‘ടാലൻറ്റ്’ അമേരിക്കയിലേക്ക് ഒഴുകുന്നു. ഹോളിവുഡിലെ വിദഗ്ധരേയും, ആൽബർട്ട് അയിൻസ്റ്റിൻ അടക്കമുള്ള ലോകത്തിലെ പ്രതിഭകളേയും ആകർഷിക്കുന്ന പ്രവർത്തനാ സ്വാതന്ത്ര്യമാണ് അമേരിക്കയുടെ കരുത്ത്. ഇത്രയധികം നോബൽ സമ്മാന ജേതാക്കളെ സൃഷടിച്ച മറ്റൊരു രാജ്യമുണ്ടോ?

പക്ഷെ ഇതൊന്നും മലയാളിയോട് പറഞ്ഞിട്ട് കാര്യമില്ല. ഇടതു പക്ഷ സംസ്കാരം രൂപപ്പെടുത്തിയ ഇരുപതാം നൂറ്റാണ്ടിലെ ഉത്തരാർദ്ധം മുതല്‍ക്ക്‌ മലയാളികളില്‍ വളരെപ്പെര്‍ക്ക് ഉള്ള ഒരു ശിലമാണ് അമേരിക്കയെ ചിത്ത വിളിക്കുക എന്നത്. ഇതെല്ലാം ഇവര്‍ ഒരു അനുഷ്ഠാനം പോലെ ആചരിക്കുകയാണ്. അമേരിക്ക നമ്മുടെ ഇടതുപക്ഷക്കാർക്ക് മുതലാളിത്ത രാജ്യം മാത്രമല്ല; സാമ്രാജ്യത്വ രാജ്യവും ആണ്. സോവിയറ്റ് യുണിയന്‍ ഉണ്ടായിരുന്നപ്പോള്‍ അമേരിക്ക ബുര്‍ഷ്വാസികളുടെ ഈറ്റില്ലവും സോവിയറ്റ് യുണിയന്‍ പൊരുതുന്ന തൊഴിലാളിവര്‍ഗത്തിൻറ്റെ പാളയവും ആയിട്ടു വേര്‍തിരിച്ചു കാണുമായിരുന്നു.

അത്തരം കാഴ്ചപാടുകളൊക്കെ ലോകത്തൊരിടത്തും ഇന്ന് കാണുവാൻ ഇല്ലാ. പക്ഷെ മലയാളിയോട് അതൊന്നും ഇനിയും മനസിലാക്കിയിട്ടില്ല. കാരണം പണ്ട് ജയൻ സിനിമകൾ സൃഷ്ടിച്ച തൊഴിലാളി വർഗ്ഗത്തോടുള്ള ആവേശം ഇപ്പോഴും മലയാളിയുടെ ബോധമണ്ഡലത്തിൽ ഉണ്ട്. അന്നത്തെ തൊഴിലില്ലായ്‌മയും, യുവാക്കളുടെ അപകർഷതാബോധവും ഒക്കെ ജയനെ പോലൊരു സൂപ്പർ സ്റ്റാറിനെ സൃഷ്ടിച്ചു എന്നേ പറയാൻ സാധിക്കൂ.

അങ്ങാടിയിൽ ജയൻ ഇംഗ്ലീഷ് പറയുന്ന സീനൊക്കെ സൂപ്പർ ഹിറ്റായത് അന്ന് പല ചെറുപ്പക്കാർക്കും ഇംഗ്ലീഷ് പറയാൻ അറിയാൻ വയ്യാതിരുന്നത് കൊണ്ടാണ്. അപ്പോൾ തങ്ങളുടെ ഹീറോ ഇംഗ്ലീഷ് പറയുമ്പോൾ ജനം ആവേശത്തോടെ കയ്യടിക്കും. പക്ഷെ ഇന്ന് ജയനെ പോലുള്ളവരുടെ ഹീറോയിസം ജനസമ്മിതി നേടുമോ എന്നുള്ള കാര്യം സംശയമാണ്. പക്ഷെ ഇന്നും ‘മുതലാളിയുടെ ചട്ടുകങ്ങൾ’ എന്നുള്ള പഴയ ജയൻ ഡയലോഗ് മലയാളികളിൽ ചിലർക്കെങ്കിലും ആവേശം പകരുന്നുണ്ടാവാം. അതായിരിക്കാം മുതലാളിത്തത്തോടുള്ള മലയാളികളുടെ ഒടുങ്ങാത്ത വിരോധത്തിൻറ്റെ പിന്നിൽ!!!

ഇന്നു നിലവിലില്ലാത്ത സോഷ്യലിസ്റ്റ്‌ സാമ്പത്തിക ക്രമത്തേയും, അതില്‍ നിന്നു ആവേശം ഉള്‍ക്കൊള്ളുന്നവരുമൊക്ക ചരിത്രത്തിൻറ്റെ ചങ്ങലക്കണ്ണികളില്‍ സ്വയം ബന്ധിക്കപെട്ടരാണ്. ഇവര്‍ക്ക് ലോകത്തിലെ മാറ്റങ്ങള്‍ ഒന്നും ബാധകമല്ല. സോവിയറ്റ് യുണിയന്‍ ചരിത്രത്തിന്‍റെ ചവറ്റുകുട്ടയില്‍ വിസ്മൃതമായപ്പോള്‍ ഇവിടത്തെ സ്വപ്നാടകക്കാര്‍ പിന്നെ നോക്കിയത് ചൈനയിലേക്ക് ആയിരുന്നു. “മധുര മനോജ്ഞ മഞ്ജുള ചൈന” എന്ന് വിശ്വസിച്ചു നടന്നവര്‍ അവിടെ പുത്തന്‍ ജനാധിപത്യത്തിൻറ്റെ ഉദയം നോക്കി നിന്നവരാണ്. മാവോയുടെ ‘ജനാധിപത്യ സങ്കൽപ്പങ്ങൾ’ എന്നുള്ളത് ഇന്ത്യയിലേയും കേരളത്തിലേയും നക്സലൈറ്റുകാർക്ക്‌ ആവേശം പകർന്നു.

പക്ഷെ “പുച്ച കറുത്തതോ വെളുത്തതോ ആകട്ടെ; അത് എലിയെ പിടിച്ചാല്‍ മതിയെന്നാണ്” മാവോയ്ക്ക് ശേഷം വന്ന ചൈനീസ് നേതാവായ ഡെങ് സിയാവോ പിങ്ങിൻറ്റെ സിദ്ധാന്തം. പരിപുര്‍ണ്ണമായ ഏക പാര്‍ട്ടി ഏകാധിപത്യവും എന്നാല്‍ അമേരിക്കന്‍ സാമ്രാജ്യത്ത്വ സാബത്തിക വ്യവസ്ഥയെ മറികടക്കുന്ന മുതലാളിത്ത നയങ്ങളും, അടിച്ചമർത്തലുകളും ഉള്ള ഒരു ചൈനയുടെ ആശയ അടിത്തറ പഴയ ഹാന്‍ സാമ്രാജ്യത്ത്വത്തില്‍ നിന്നും ഉത്തേജനം ഉള്‍കൊണ്ട തിവ്ര ദേശിയതയാണ്.

ഒപ്പം കൺഫ്യുഷ്യൻ പ്രായോഗികതയും ചൈനക്ക് സ്വന്തമായുണ്ട്. അതുകൊണ്ട് ചൈനക്ക് ഇന്ന് സാമ്പത്തിക വളർച്ചയുണ്ടാകുന്നു. ചൈനക്ക് ഇപ്പോൾ ലോകത്തിൻറ്റെ പല ഭാഗങ്ങളിലും മിലിറ്ററി ബെയ്സുകൾ ഉണ്ട്. അതും ഇന്ത്യയിലെ പല ഇടതുപക്ഷക്കാരും കാണുന്നില്ല.

മലയാളികളിൽ ചിലർ ഇന്നും ഇടതുപക്ഷ വ്യാമോഹങ്ങൾക്ക് അടിമപ്പെട്ടവരാണ്. നമ്മുടെ ഇടതുപക്ഷക്കാർക്ക് സുന്ദര വാഗ്ദാനങ്ങളൊക്കെ മലയാള സിനിമകളിലൂടെയും, സാഹിത്യത്തിലൂടെയും, ലേഖനങ്ങളിലൂടെയും കൂടി കൊടുക്കുവാൻ സാധിക്കുന്നത് മലയാളികൾക്കിടയിലുള്ള ഇടതു പക്ഷ വ്യാമോഹം കൊണ്ടെക്കെയാണ്.

വിദേശത്തോ, അന്യ സംസ്ഥാനങ്ങളിലോ നല്ല ശമ്പളവും, ആധുനിക സൗകര്യങ്ങളുമൊക്കെ കിട്ടി കഴിയുമ്പോഴും രാത്രി രണ്ടു പെഗ്ഗും വീശി, പരദൂഷണവും പറഞ്ഞു വിപ്ലവ തത്വശാസ്ത്രങ്ങളൊക്കെ അയവിറക്കാൻ ഇന്നും മലയാളിയെ പ്രേരിപ്പിക്കുന്നത് പഴയ ഇടതു പക്ഷ കാൽപ്പനിക മോഹങ്ങളാണ്. ഇന്നും പല മലയാളികളും ജീവിക്കുന്നത് സമത്ത്വ സുന്ദര ഭൂമി സ്വപ്നം കണ്ടു കൊണ്ടല്ലേ???

വിപ്ലവ പോസ്റ്റൊക്കെ ഫെയിസ് ബുക്കിലിട്ട്‌, ബാലചന്ദ്രൻ ചുള്ളിക്കാടിൻറ്റെ കവിതയും, കടമ്മനിട്ടയുടെ ‘കുറത്തിയും’ പാടി ജീവിക്കുന്ന മലയാളികൾ ഇപ്പോഴുമുണ്ട്!!! ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും കമ്യൂണിസ്റ്റ് വിപ്ലവ മോഹങ്ങളും, സമത്വ സുന്ദര ഭൂമിയുമൊക്കെ വാഗ്ദാനം ചെയ്യുന്നവരെ മലയാളികൾക്കിടയിൽ ഇപ്പോഴും കാണാവുന്നതും ഒരുപക്ഷെ ചെറുപ്പത്തിൽ കണ്ട ‘ജയൻ സിനിമകളുടെ’ ഒക്കെ ആവേശം ചോർന്നു പോകാത്തത് കൊണ്ടായിരിക്കാം!!!

(ലേഖകൻ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

×