Advertisment

ആത്മ രാജ്യാന്തര ചലച്ചിത്ര മേള 21 മുതൽ കോട്ടയം ആനശ്വര തീയറ്ററിൽ

New Update

ആത്മയുടെ നേതൃത്വത്തിലുള്ള പ്രാദേശിക രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരി 21 മുതൽ 25 വരെ കോട്ടയം അനശ്വര തീയറ്ററിൽ നടക്കും. 21 ന് വൈകിട്ട് അഞ്ചു മണിയ്ക്ക് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ചലച്ചിത്ര മേളയ്ക്കു തിരിതെളിയ്ക്കും. നാലു ഓസ്‌കാർ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ കൊറിയൻ ചിത്രം പാരസൈറ്റ് മേളയിൽ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 15 വിദേശ ചിത്രങ്ങൾ അടക്കം 25 സിനിമകൾ പ്രദർശിപ്പിക്കും.

Advertisment

publive-image

തുടർന്നു നടക്കുന്ന യോഗത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സംവിധായകൻ കമൽ, സംവിധായകരും ചലച്ചിത്ര പ്രവർത്തകരുമായ സിബി മലയിൽ, ബീനാ പോൾ, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, സുരേഷ് കുറുപ്പ്, വി.എൻ വാസവൻ, ആർട്ടിസ്റ്റ് സുജാതൻ, ഫെസ്റ്റിവൽ ഡയറക്ടർ സംവിധായകൻ ജോഷി മാത്യു എന്നിവർ പങ്കെടുക്കും.

25 ന് സമാപന ദിവസം നടക്കുന്ന സമാപന സമ്മേളനത്തിൽ ഷാങ്ഹായ് മേളയിൽ പുരസ്‌കാരം ലഭിച്ച വെയിൽ മരങ്ങൾ എന്ന ചിത്രത്തിന്റെ സംവിധായകൻ ഡോ.ബിജു, ചിത്രത്തിലെ നായകൻ ഇന്ദ്രൻസ്, ഗോവർദ്ധൻ, നിർമ്മാതാവ് ബേബിമാത്യു സോമതീരം, ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റി പ്രസിഡന്റ് വി.കെ ജോസഫ് എന്നിവർ പങ്കെടുക്കും. ഇത് കൂടാതെ എം.ജി സർവകലാശാല വൈസ് ചാൻസലർ ഡോ.സാബു തോമസ് മുഖ്യാതിഥിയാവും. സാഹിത്യകാരി കെ.ആർ മീര മുഖ്യ പ്രഭാഷണം നടത്തും. വിവിധ ദിവസങ്ങളായി നടക്കുന്ന സമ്മേളനങ്ങളിലും ഓപ്പൺ ഫോറങ്ങളിലും മലയാള സിനിമയിലെ പ്രമുഖ സംവിധായകരും സാങ്കേതിക പ്രവർത്തകരും പങ്കെടുക്കും. കൂടാതെ കോട്ടയത്തെ പ്രമുഖരായ സിനിമാ നിർമ്മാതാക്കളും ,സിനിമാ പ്രവർത്തകരും രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ അടക്കമുള്ളവരും ഫെസ്റ്റിവലിന്റെ ഭാഗമാകും.

എല്ലാ ദിവസവും ഉച്ചയ്ക്കു രണ്ടിനു നടക്കുന്ന മലയാള സിനിമയ്ക്കു ശേഷം സിനിമയുടെ സംവിധായകർ പങ്കെടുക്കുന്ന സിനിമ ചർച്ച നടക്കും നടക്കും. പ്രേക്ഷകർക്ക് ഈ സംവിധായകരും അണിയറ പ്രവർത്തകരുമായി നേരിട്ട് സംവദിക്കാൻ അവസരം ലഭിക്കും.വിവിധ ദിവസങ്ങളിലായി നടക്കുന്ന ചർച്ചകളിലും സംവാദങ്ങളിലും അജു കെ.നാരായണൻ , കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ക്യാമറാ വിഭാഗം മേധാവി ഫൗസിയ ഫാത്തിമ, ക്യാമറാമാൻ സണ്ണി ജോസഫ് എന്നിവർ പങ്കെടുക്കും.

സമാപന സമ്മേളനത്തിന് മുന്നോടിയായും സിനിമാ പ്രവർത്തകരെ പരിചയപ്പെടുത്തും. ഫൈനൽസിന്റെ സംവിധായകൻ അരുൺ , അങ്കിൾ സിനിമയുടെ സംവിധായകൻ ഗിരീഷ് ദാമോദർ , കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്സിന്റെ സംവിധായകൻ ജിയോ ബേബി , പി.ബാലചന്ദ്രൻ എന്നിവർ പങ്കെടുക്കും.

പ്രശസ്ത ഫോട്ടോ ഗ്രാഫർ ചിത്രാകൃഷ്ണൻ കുട്ടിയുടെ ശേഖരത്തിലുള്ള ചലച്ചിത്ര ഫോട്ടോ പ്രദർശനം ക്യാമറാമാൻ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. മേളയുടെ ഭാഗമായി പ്രശസ്ത കലാകാരന്മാരായ ആർട്ടിസ്റ്റ് അശോകൻ , ആർട്ടിസ്റ്റ് കെ.എസ് ശങ്കർ , കാർട്ടൂണിസ്റ്റ് പീറ്റർ , ഉദയൻ, പ്രസന്നൻ ആനിക്കാട്, യേശുദാസ് പി.എം എന്നിവർ ഫെസ്റ്റിവൽ കാഴ്ചകൾ എന്ന പേരിൽ ചിത്രങ്ങൾ വരയ്ക്കും. സി.എം.എസ് കോളേജിലെ മ്യൂസില് ക്ലബ് ഒരുക്കുന്ന മ്യൂസിക്കൽ ഈവനിംങ്, യേശുദാസിന്റെയും സതീഷ് തുരുത്തിയുടെയും നാടൻപാട്ടുകളും, ആത്മയിലെ കലാകാരന്മർ ചലച്ചിത്ര ഗാനങ്ങളും നാടക ഗാനങ്ങളും കോർത്തിണക്കിയ മ്യൂസിക്ക് ഫെസ്റ്റും മേളയുടെ ഭാഗമായി നടക്കും.

എല്ലാ ദിവസവും വൈകിട്ട് അഞ്ചു മുതൽ ആറു വരെ നടക്കും. ഫെസ്റ്റിവലിലെ ഡെലിഗേറ്റുകൾക്കും വിദ്യാർത്ഥികൾക്കും വേണ്ടി ഫെസ്റ്റിവൽ കാഴ്ചകൾ എന്ന പേരിൽ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. മൊബൈൽ ഫോണിൽ ഫെസ്റ്റിവൽ ചിത്രങ്ങൾ പകർത്തുന്നതിനാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ഏറ്റവും മികച്ച ഫെസ്റ്റിവൽ കാഴ്ചകൾക്ക് സമ്മാനവും വിതരണം ചെയ്യും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക.

300 രൂപയാണ് ഡെലിഗേറ്റ് പാസുകൾ ലഭിക്കുക. പ്രായപൂർത്തിയായവർക്കു മാത്രമാണ് ചലച്ചിത്ര മേളയിലേയ്ക്കു പ്രവേശനം. പത്രസമ്മേളനത്തിൽ ആത്മപ്രസിഡന്റ് ആർട്ടിസ്റ്റ് സുജാതൻ, ഫെസ്റ്റിവൽ ഡയറക്ടറും ചെയർമാനുമായ ജോഷി മാത്യു, ജനറൽ കൺവീനർ ഫെലിക്‌സ് ദേവസ്യ, ഫെസ്റ്റിവൽ വൈസ് ചെയർമാൻ ബിനോയ് വേളൂർ, ഫെസ്റ്റിവൽ കൺവീനർ ഫെലിക്‌സ് മനയത്ത് എന്നിവർ പങ്കെടുത്തു.

--

Advertisment