Advertisment

മത്തിപ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത ! ഏറെക്കാലമായി കേരള തീരങ്ങളില്‍ ക്ഷാമം നേരിട്ടിരുന്ന മത്തി തിരിച്ചുവരുന്നു; പിടിക്കുന്നതില്‍ കരുതല്‍ വേണമെന്ന മുന്നറിയിപ്പുമായി സിഎംഎഫ്ആര്‍ഐ

New Update

publive-image

Advertisment

കൊച്ചി: ഏറെക്കാലമായി കേരളത്തിന്റെ തീരങ്ങളിൽ ക്ഷാമം നേരിട്ടിരുന്ന മത്തി കാലാവസ്ഥ അനുകൂലമായതോടെ ചെറിയ തോതിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി. തെക്കൻ കേരളത്തിന്റെ വിവിധ തീരങ്ങളിലാണ് ചെറുമത്തികൾ കണ്ടുതുടങ്ങിയത്. എന്നാൽ, ഇവ പിടിക്കുന്നതിൽ കരുതൽ വേണമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ദിവസങ്ങളില്‍ പിടിക്കപ്പെട്ട മത്തിയുടെ വളര്‍ച്ചാപരിശോധന നടത്തിയപ്പോള്‍ ഇവ പൂര്‍ണ പ്രത്യുല്‍പാദനത്തിന് സജ്ജമാകാന്‍ ഇനിയും മൂന്ന് മാസം വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, മുട്ടയിടാന്‍ പാകമായ വലിയ മത്തികള്‍ നിലവില്‍ കേരളതീരങ്ങളില്‍ തീരെ കുറവാണെന്നും സിഎംഎഫ്ആര്‍ഐയുടെ പഠനം വ്യക്തമാക്കുന്നു.

നിയമാനുസൃതമായി പിടിക്കാവുന്ന മത്തിയുടെ വലിപ്പം (എംഎൽഎസ്) 10 സെ.മീ. ആണെങ്കിലും പ്രതികൂലവും അസാധാരണവുമായ നിലവിലെ സാഹചര്യം പരിഗണിച്ച്‌ ഇപ്പോൾ ലഭ്യമായ മത്തിയെ പിടിക്കാതിരിക്കുന്നതാണ് അഭികാമ്യമെന്ന് ഈ മേഖലയിൽ പഠനം നടത്തുന്ന സിഎംഎഫ്ആർഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ഇ. എം. അബ്ദുസ്സമദ് പറഞ്ഞു.

കഴിഞ്ഞ അഞ്ചുവര്‍ഷമായി കേരള തീരങ്ങളില്‍ മത്തിയുടെ ക്ഷാമമുണ്ട്. 2017ല്‍ ലഭ്യത ചെറിയ തോതില്‍ ഉയര്‍ന്നുവെങ്കിലും പിന്നീടുള്ള വര്‍ഷങ്ങളില്‍ ഗണ്യമായി കുറയുകയാണുണ്ടായത്. 2019ല്‍ മത്തിയുടെ ലഭ്യത കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു.

വെറും 44,320 ടണ്‍ മത്തി മാത്രമാണ് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ലഭിച്ചത്. എല്‍നിനോ പ്രതിഭാസവുമായി ബന്ധപ്പെട്ട കടലിലെ കാലാവസ്ഥാ മാറ്റങ്ങളാണ് മത്തിയുടെ ലഭ്യതയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമെന്ന് സിഎംഎഫ്ആര്‍ഐ നേരത്തെ കണ്ടെത്തിയിരുന്നു.

Advertisment