ആഴക്കടല്‍ മല്‍സ്യബന്ധനത്തിനുള്ള കെഎസ്‌ഐഡിസി-ഇംഎംസിസി ധാരണാപത്രവും റദ്ദാക്കി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, February 24, 2021

തിരുവനന്തപുരം: ആഴക്കടൽ മൽസ്യബന്ധനത്തിനുള്ള കെഎസ്‌ഐഡിസി-ഇംഎംസിസി ധാരണാപത്രവും റദ്ദാക്കി. 2020 ഫെബ്രുവരി 28നാണ് ‘അസെൻഡ്’ നിക്ഷേപക സംഗമത്തിന്റെ ഭാഗമായി 5000 കോടി രൂപ പദ്ധതിയുടെ ധാരണാപത്രം ഒപ്പിട്ടത്. ആറുമാസം കഴിഞ്ഞാൽ ധാരണാപത്രത്തിനു സാധുതയില്ലെന്നായിരുന്നു സർക്കാർവാദം. മന്ത്രി ഇ.പി.ജയരാജന്റെ നിർദേശപ്രകാരമാണ് നടപടി.

അതേസമയം, ഇഎംസിസി വിശ്വാസ്യതയില്ലാത്ത കമ്ബനിയെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കമ്ബനിയെക്കുറിച്ച്‌ സർക്കാരിന് മികച്ച അഭിപ്രായമില്ല. കമ്ബനിയെപറ്റി മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ അയച്ച കത്ത് താൻ കണ്ടിട്ടില്ല. സർക്കാരിന്റെ അനുമതിയില്ലാതെ പൊതുമേഖലാസ്ഥാപനം വിദേശകമ്ബനിയുമായി ധാരണാപത്രം ഒപ്പിട്ടതിന്റെ ലക്ഷ്യം അരിയാഹാരം കഴിക്കുന്നവർക്ക് മനസിലാകുമെന്ന് മന്ത്രി പറഞ്ഞു.
ജനുവരി 27ന് പ്രതിപക്ഷനേതാവിന്റെ ജാഥ തുടങ്ങിയ ശേഷം ഫെബ്രുവരി രണ്ടിന് ധാരണപാത്രം ഒപ്പുവച്ചതിന് എന്താണ് അർത്ഥം. അതിനാലാണ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. വിവാദത്തിന്റെ പേരിൽ താൻ രാജിവയ്ക്കണമെന്ന പ്രതിപക്ഷനേതാവിന്റെ ആവശ്യവും മേഴ്‌സിക്കുട്ടിയമ്മ തള്ളി.

‘എന്തിനാണ് രമേശ് ചെന്നിത്തല നിരന്തരം നുണ പറയുന്നത്. ഒരു ഗീബൽസാകാൻ തയ്യാറെടുക്കുകയാണോ എന്നെനിക്കറിയില്ല. പ്രതിപക്ഷ നേതാവിന്റെ ആശയ പാപ്പരത്തം നിർഭാഗ്യകരമാണ്. മത്സ്യത്തൊഴിലാളികളെ അഭിസംബോധന ചെയ്യാൻ പ്രതിപക്ഷത്തിന് എന്ത് അർഹതയാണ് ഉള്ളത്. ഇവരുടെ കാലത്ത് കടലേറ്റത്തിൽ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിച്ചത് ഇടതുപക്ഷ സർക്കാരാണ്. ഇപ്പോഴവർ ഫഌറ്റുകളിൽ എ.സി.വച്ച്‌ താമസിക്കുകയാണ്. മത്സ്യത്തൊഴിലാളികൾക്ക് കേരള സർക്കാരിനെ നന്നായി അറിയാം. പ്രതിപക്ഷം ഇരുട്ടിൽ തപ്പുകയാണ്. അത് കേരളത്തിൽ വിലപോവില്ലെന്നും അവർ കൂട്ടിച്ചേർത്തു.

×