കോഴിക്കോട് ബാലുശ്ശേരിയിലെ എസ്‌ഡിപിഐ ആക്രമണത്തിൽ 5 പേർ അറസ്റ്റിൽ. നജാഫ് ഫാരിസ്, മുഹമ്മദ് സാലി, റിയാസ്, മുഹമ്മദ് ഇജാസ്, ഷാലിദ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.നജാഫ് ഡിവൈഎഫ്ഐ പ്രവർത്തകനും സാലിയും റിയാസും ലീഗ് പ്രവർത്തകരുമാണ്. മുഹമ്മദ് ഇജാസ് വെൽഫെയർ പാർട്ടി പ്രവർത്തകനാണെന്ന് പൊലീസ് വ്യക്തമാക്കി. മർദ്ദനമേറ്റ ജിഷ്ണുവിനെതിരെ പരാതി നൽകിയത് നജാഫ് ഫാരിസാണെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു.
നജാഫിന്‍റെ മൊഴിയിലാണ് ജിഷ്ണുവിനെതിരെ പൊലീസ് കേസെടുത്തത്. പിന്നാലെയാണ് ജിഷ്ണുവിനെതിരെ ആള്‍ക്കൂട്ട ആക്രമണം ഉണ്ടായി എന്ന തരത്തില്‍ പരാതി വന്നത്. എന്നാല്‍, നാജാഫ് ഡിവൈഎഫ്ഐയുടെ സജീവ പ്രവർത്തകൻ അല്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വസീഫ് വ്യക്തമാക്കി. എസ്‍ഡിപിഐയുടെ പോസ്റ്റർ നശിപ്പിച്ചെന്ന പേരിലാണ് ബാലുശ്ശേരിയിൽ കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ പ്രവർത്തകനായ യുവാവിനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിൽ 29 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. രാഷ്ടീയ വിരോധമാണ് ജിഷ്ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ എഫ്ഐആറിൽ പറയുന്നത്.
ഒന്നരമണിക്കൂറോളം മര്‍ദനത്തിനിരയായ ജിഷ്ണുരാജിനെ പോലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. വധശ്രമം, പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമം, ജാതിപ്പേരുവിളിച്ച് അധിക്ഷേപം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ബാലുശ്ശേരി പോലീസ് കേസെടുത്തത്. എസ്.ഡി.പി.ഐ, ലീഗ് പ്രവർത്തകരാണ് മർദനത്തിന് പിന്നിൽ എന്നായിരുന്നു ജിഷ്ണു രാജ് നേരത്തെ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ മൊഴി കൊടുത്തത് ഡി.വൈ.എഫ്.ഐ അനുഭാവിയാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.