പൗരത്വഭേദഗതി നിയമത്തിൽ പശ്ചിമബംഗാളിലും പ്രതിഷേധം ആളിക്കത്തുന്നു: അഞ്ച് തീവണ്ടികളും 15 ബസ്സുകളും അ​ഗ്നിക്കിരയാക്കി: ദില്ലിയിൽ മെട്രോ നിയന്ത്രണം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, December 14, 2019

കൊൽക്കത്ത: പൗരത്വഭേദഗതി നിയമത്തിൽ പശ്ചിമബംഗാളിലും പ്രതിഷേധം ആളിക്കത്തുന്നു. അക്രമാസക്തമായ സമരങ്ങളാണ് പശ്ചിമബംഗാളിന്‍റെ പലയിടങ്ങളിലും നടക്കുന്നത്. ഗതാഗതം പൂർണമായി സ്തംഭിച്ച് ഒറ്റപ്പെട്ട നിലയിലാണ്. റോഡ്, റെയിൽ ഗതാഗതം പലയിടത്തും തടസ്സപ്പെട്ടു.

മുർഷിദാബാദിലെ ലാൽഗൊല റയിൽവേസ്റ്റേഷനിൽ ഇന്ന് വൈകിട്ടുണ്ടായ പ്രക്ഷോഭത്തിനിടെ നിർത്തിയിട്ടിരുന്ന അഞ്ച് തീവണ്ടികൾ സമരക്കാർ തീയിട്ടു. ഇതിൽ ആളില്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ബംഗ്ലാദേശിന്‍റെ അതിർത്തി പ്രദേശമായ മുർഷിദാബാദ് ജില്ലയിൽ വൻ അക്രമസംഭവങ്ങളാണ് അരങ്ങേറുന്നത് .

കൊൽക്കത്ത നഗരത്തിലെ ഹൗറയ്ക്ക് അടുത്ത് നൂറ് കണക്കിന് പേർ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഇതിനിടെ ഒരു സംഘമാളുകൾ സംക്റെയിൽ റെയിൽവേ സ്റ്റേഷന്‍റെ ഒരു ഭാഗത്തിന് തീയിട്ടു. തൊട്ടടുത്തുള്ള ചില കടകളും പ്രതിഷേധക്കാർ തീയിട്ട് നശിപ്പിച്ചു. ടിക്കറ്റ് കൗണ്ടറിന് തീയിടാൻ ശ്രമിച്ച അക്രമികളെ പൊലീസും ആർപിഎഫ് ഉദ്യോഗസ്ഥരും തടയാൻ ശ്രമിച്ചെങ്കിലും ഇവരെ സമരക്കാർ മർദ്ദിച്ചെന്നാണ് പൊലീസ് പറയുന്നത്.

മുർഷിദാബാദ് ജില്ലയിലെ പൊരാദംഗ, ജാംഗിപൂർ, ഫരാക്ക എന്നീ റെയിൽവേ സ്റ്റേഷനുകളിലും ഹൗറ ജില്ലയിലെ ബാവ്‍രിയ, നൽപൂർ സ്റ്റേഷനുകളിലും പ്രതിഷേധക്കാർ തീവണ്ടിട്രാക്കുകൾ തടസ്സപ്പെടുത്തിയതിനാൽ തീവണ്ടിഗതാഗതം പൂർണമായി തടസ്സപ്പെട്ടു. ഹൗറയും മുർഷിദാബാദും അടക്കമുള്ള ജില്ലകളിൽ മൂന്ന് സ്റ്റേറ്റ് ബസ്സുകളടക്കം പതിനഞ്ച് ബസ്സുകൾ ആളുകളെ ഇറക്കി വിട്ട ശേഷം പ്രതിഷേധക്കാർ കത്തിച്ചു.

മുഖ്യമന്ത്രി മമതാ ബാനർജിയും ഗവർണർ ജഗ്ദീപ് ധൻകറും സമാധാനം പാലിക്കണമെന്ന് പല കുറി ആവശ്യപ്പെട്ടിട്ടും സംഘർഷത്തിന് അയവില്ല. രാജ്യത്തെ പാർലമെന‍്‍റ് ഒരു നിയമം പാസ്സാക്കിക്കഴിഞ്ഞാൽ അതിനെതിരെ സമാധാനപരമായി സമരം ചെയ്യാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും എന്നാൽ സമരങ്ങൾ അക്രമത്തിലേക്ക് വഴിമാറരുതെന്നും ഗവർണർ ആവശ്യപ്പെട്ടു.

×