ഓസ്‌ട്രേലിയയെ ആശങ്കയിലാഴ്ത്തി ‘ബുറുലി അള്‍സര്‍’ കേസുകള്‍; രോഗം റിപ്പോര്‍ട്ട് ചെയ്തത് നിരവധി പേരില്‍; നേരത്തെ ചികിത്സ തേടാനായാല്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് വിദഗ്ധര്‍; കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കില്‍ ഗുരുതരം

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Wednesday, February 24, 2021

മെല്‍ബണ്‍: കൊവിഡിന്റെ ആശങ്കകള്‍ അവസാനിക്കും മുമ്പേ ഓസ്‌ട്രേലിയയിലെ പരിഭ്രാന്തിയിലാഴ്ത്തി ‘ഫ്‌ളഷ് ഈറ്റിംഗ് ബുറുലി അള്‍സര്‍’ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മെല്‍ബണ്‍ നഗരപ്രാന്തങ്ങളായ എസെന്‍ഡണ്‍, മൂണി പോണ്ട്‌സ്, ബ്രണ്‍സ്വിക് വെസ്റ്റ് എന്നിവിടങ്ങില്‍ ബുറുലി അള്‍സര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി വിക്ടോറിയ ആരോഗ്യവകുപ്പ് അറിയിച്ചു.

ആളുകള്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്തുക പ്രയാസകരമാണെന്ന് മെല്‍ബണിലെ ഡോഹെര്‍ട്ടി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ടിം സ്‌റ്റൈനര്‍ പറഞ്ഞു. നിരവധി പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരു പൊതു ഉറവിടത്തില്‍ നിന്നാണ് രോഗം ബാധിച്ചതെന്നാണ് നിഗമനം.

പ്രാദേശികമായി രോഗം വ്യാപിക്കുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ ജീനോമിക്‌സ് ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത് ഒരു ഫ്‌ളഷ് ഈറ്റിംഗ് (മാംസം ഭക്ഷിക്കുന്ന) രോഗമാണെന്നും വളരെ സാവധാനമാണ് ഇത് വ്യാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കണ്ടുപിടിക്കാനായാല്‍ ഇത് ഗുരുതരമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെറിയ പ്രാണികള്‍ കടിച്ചതാണെന്ന് കരുതി പലരും കാര്യമാക്കാത്തതാണ് ഈ രോഗം ഗുരുതരമാക്കുന്നത്. എന്നാല്‍ ഇത് ക്രമേണ ഗുരുതരമായേക്കാം. തൊലികള്‍, സോഫ്റ്റ് ടിഷ്യൂകള്‍ എന്നിവ നശിക്കാന്‍ ഇത് കാരണമാകും.

നേരത്തെ ചികിത്സ തേടാനായില്ലെങ്കില്‍ ഒരുപക്ഷേ, ശസ്ത്രക്രിയ വേണ്ടിവരുമെന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. രോഗവ്യാപനത്തിന് കൊതുകുകള്‍ കാരണമാകാമെന്നും വിദഗ്ധര്‍ പറയുന്നു.

മെല്‍ബണില്‍ രോഗം റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും വ്യാപന തോത് സാവധാനമാണെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരുന്നതല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

×