തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ഈസ്റ്റർ-വിഷു കിറ്റ് വിതരണം ഇന്ന് മുതൽ ആരംഭിക്കും. റേഷൻ കടകൾ വഴി ഇന്ന് മുതൽ കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യ വകുപ്പ് വ്യക്തമാക്കി. മുൻഗണനേതര വിഭാഗങ്ങൾക്കുള്ള സ്പെഷ്യൽ അരി വിതരണമടക്കം ഇന്ന് ആരംഭിക്കും.
/sathyam/media/post_attachments/ZIlgS2Q18iRaJskivwbF.jpg)
അരി വിതരണം നിർത്തിവെച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തതോടെയാണ് ഇന്ന് മുതൽ വിതരണം തുടങ്ങാൻ തീരുമാനിച്ചത്. മുൻഗണനേതര വിഭാഗക്കാർക്ക് പതിനഞ്ച് രൂപക്ക് 10 കിലോ സ്‌പെഷ്യൽ അരി വിതരണം ചെയ്യുന്നതായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞത്. ഇതിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
അരി വിതരണം തുടരാമെന്ന് ഉത്തരവിട്ട കോടതി ഇതിനെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കരുതെന്നും നിർദേശിച്ചിരുന്നു. അരി വിതരണം ചെയ്യുന്നതിനായുള്ള തീരുമാനം ഫെബ്രുവരി നാലിന് തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പായി എടുത്തിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
ഇത് സ്‌പെഷ്യൽ അരി എന്ന നിലയിൽ നേരത്തെയും വിതരണം ചെയ്തതായിരുന്നുവെന്നും ബജറ്റിൽ പ്രഖ്യാപിച്ചതാണ് എന്നുമാണ് സർക്കാർ വാദം. അരി നൽകുന്നത് നേരത്തേ നടന്നുകൊണ്ടിരിക്കുന്ന നടപടികളുടെ ഭാഗമാണെന്നും അത് തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി അംഗീകരിക്കാനാകില്ലെന്നും സർക്കാർ കോടതിയില്‍ വാദിച്ചു.