നാലു വര്‍ഷം മുമ്പ് കാറപകടത്തില്‍ ‘മരിച്ച’ ഫുട്‌ബോള്‍ താരം ജീവനോടെ ജര്‍മ്മനിയില്‍ ! ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ മുന്‍ഭാര്യ നടത്തിയ നാടകം

സ്പോര്‍ട്സ് ഡസ്ക്
Wednesday, May 6, 2020

മ്യൂണിച്ച്: നാലു വര്‍ഷം മുമ്പ് കാറപകടത്തില്‍ മരിച്ചെന്ന് കരുതിയ ഫുട്‌ബോള്‍ താരം ജര്‍മ്മനിയില്‍ ജീവനോടെയുണ്ടെന്ന് ജര്‍മ്മന്‍ ടാബ്ലോയ്ഡായ ബില്‍ഡിന്റെ റിപ്പോര്‍ട്ട്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. താരത്തിന്റെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ മുന്‍ ഭാര്യ നടത്തിയ നാടകമാണിതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഷാല്‍ക്ക യൂത്ത് ടീമിലെ മുന്‍ താരവും കോംഗോ വംശജനുമായ ഹിയാനിക്ക് കാംബ (33) ആണ് കഥയിലെ താരം.

2016ല്‍ കോംഗോയിലുണ്ടായ കാറപകടത്തില്‍ കാംബ മരണപ്പെട്ടെന്നായിരുന്നു അന്ന് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. പിന്നീട് കാംബയെക്കുറിച്ച് വിവരങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ നാലു വര്‍ഷങ്ങള്‍ക്കു ശേഷം കാംബ ജീവിച്ചിരിപ്പുണ്ടെന്ന അതിശയിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് ജര്‍മ്മന്‍ മാധ്യമം പുറത്തുവിട്ടത്.

കാംബ മരിച്ചാല്‍ വന്‍ തുക ഇന്‍ഷുറന്‍സായി ലഭിക്കുമെന്ന് കരുതിയാണത്രേ മുന്‍ഭാര്യ തട്ടിപ്പ് നടത്തിയത്. കാംബ മരിച്ചെന്ന് വാര്‍ത്ത വന്നതിന് പിന്നാലെ ഇന്‍ഷൂറന്‍സ് തുക ലഭിക്കാനായി ഇവര്‍ ഇന്‍ഷൂറന്‍സ് ഏജന്‍സിയെ സമീപിച്ചിരുന്നു.

കാംബയുടെ മരണം സ്ഥിരീകരിക്കുന്ന രേഖകളും നല്‍കി. എന്നാല്‍ ഇതെല്ലാം വ്യാജരേഖകളാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. എന്നാല്‍ മരണവാര്‍ത്ത അറിഞ്ഞശേഷമാണ് വലിയ തുക ഇന്‍ഷൂറന്‍സായി തനിക്ക് ലഭിക്കുമെന്ന് തിരിച്ചറിഞ്ഞതെന്നും ഇതിനാലാണ് രേഖകള്‍ നല്‍കിയതെന്നുമാണ് മുന്‍ ഭാര്യ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്.

കാര്‍ അപകടം നടന്ന രാത്രി സുഹൃത്തുക്കള്‍ ഫോണും പണവും രേഖകളും തട്ടിയെടുത്ത് തന്നെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നെന്ന് കാംബ ഉദ്യോഗസ്ഥരോട് പറഞ്ഞു. നിലവില്‍ ജര്‍മ്മനിയില്‍ കെമിക്കല്‍ ടെക്‌നീഷ്യനായി ജോലി ചെയ്യുകയാണ് താരം.

×