New Update
ന്യൂഡല്‍ഹി: ഗള്‍ഫിലുള്ള പ്രവാസികളെ ഒഴിപ്പിക്കുന്നതിനായി യുദ്ധക്കപ്പലുകള്‍ തയ്യാറാക്കിയതിന് പുറമേ വിമാനങ്ങളും സജ്ജമാക്കുന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ പേരെ ഗള്‍ഫ്‌നാടുകളില്‍ നിന്ന് ഒഴിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ഉപയോഗിക്കുന്നതിനായാണ് വിമാനം തയ്യാറാക്കുന്നത്.
സര്‍ക്കാരില്‍ നിന്ന് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും എന്നാല്‍ തീരുമാനമുണ്ടാകുന്ന മുറയ്ക്ക് യാത്രതിരിക്കാന്‍ യുദ്ധക്കപ്പലുകളും വിമാനങ്ങളും തയ്യാറാക്കിയതായും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കൂടുതല്‍ പേരെ ഒഴിപ്പിക്കേണ്ടി വന്നാല്‍ വായുസേനയുടെയും എയര്‍ ഇന്ത്യയുടെയും വിമാനങ്ങള്‍ക്ക് പകരം ഐഎന്‍എസ് ജലാശ്വ പോലുള്ള യുദ്ധക്കപ്പലുകള്‍ തയ്യാറാക്കുന്നതാണ് സൗകര്യപ്രദം.
ഐഎന്‍എസ് വിക്രമാദിത്യ കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ യുദ്ധക്കപ്പലായ ജലാശ്വയില്‍ 800-1000 ആളുകളെ കയറ്റാന്‍ കഴിയും.
ചെറിയ തോതിലുള്ള ഒഴിപ്പിക്കലിന് വായുസേനയ്ക്ക് സി-17 ഗ്ലോബ്മാസ്റ്റര്‍-3, ഐഎല്‍-76 വിമാനങ്ങള്‍ വിന്യസിക്കാന്‍ കഴിയും. ചൈനയിലെ വുഹാനില്‍ നിന്നും ഇറാനിലെ ടെഹ്‌റാനില്‍ നിന്നും 180-ഓളം പൗരന്മാരെ തിരികെയെത്തിക്കുന്നതിന് വായുസേന സി-17 വിമാനം മുമ്പ് വിന്യസിച്ചിരുന്നു.
ഐഎന്‍എസ് ജലാശ്വയ്ക്കും രണ്ട് ചെറിയ ലാന്‍ഡിംഗ് പ്ലാറ്റ്‌ഫോം ഡോക്കുകള്‍ക്കും (എല്‍.പി.ഡി) ഒരുമിച്ച് 1500 പേരെ ഒഴിപ്പിക്കാന്‍ കഴിയും.
എത്രപേരെ ഒഴിപ്പിക്കണമെന്ന് അന്തിമമായി തീരുമാനിച്ചതിന് ശേഷമേ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കുകയുള്ളൂവെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
വ്യോമ-നാവിക സേനകള്‍ ഇതിന് മുമ്പും വിദേശങ്ങളില്‍ അകപ്പെട്ട ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ സഹായിച്ചിട്ടുണ്ട്. 2015ല്‍ യെമനില്‍ യുദ്ധം നടന്നപ്പോള്‍ ഓപ്പറേഷന്‍ റാഹത്ത് ദൗത്യത്തിന്റെ പേരില്‍ യുദ്ധക്കപ്പലുകള്‍ ഇന്ത്യക്കാരെയും വിദേശികളെയും യെമനില്‍ നിന്ന് ഒഴിപ്പിച്ചിരുന്നു.