ബലൂൺ ഊതി വീർപ്പിച്ചു കൊണ്ടിരിക്കുന്നതിനിടെ പൊട്ടിയ ബലൂൺ തൊണ്ടയിൽ കുടുങ്ങി; നാല് വയസുകാരന് ദാരുണാന്ത്യം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, December 3, 2020

ഈസ്റ്റ് അന്ധേരി: ബലൂൺ തൊണ്ടയിൽ കുടുങ്ങി നാല് വയസുകാരന് ദാരുണാന്ത്യം. ഈസ്റ്റ് അന്ധേരി സ്വദേശി ദേവ്‍രാജ് നാഗ് എന്ന കുട്ടിയാണ് മരിച്ചത്. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്.

സഹോദരിയോടൊപ്പം ബലൂൺ കൊണ്ട് കളിക്കുകയായിരുന്നു ദേവ്‍രാജ്. ബലൂൺ ഊതിവീർപ്പിച്ചുകൊണ്ടിരിക്കുന്നതിനിടെ പൊട്ടിയ ബലൂൺ കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.

മാതാപിതാക്കൾ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സമയത്താണ് സംഭവം നടന്നതെന്ന് ദേവ്‍രാജിൻറെ അമ്മാവൻ രാജ രാംദയാൽ നാഗ് മുംബൈ മിററിനോട് പറഞ്ഞു. പരിഭ്രാന്തരായ വീട്ടുകാർ കുട്ടിയെ വീടിന് അടുത്തുള്ള പട്ടേൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്ധേരിയിലുള്ള ക്രിട്ടികെയർ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. എന്നാൽ നാനാവതി ആശുപത്രിയിലേക്ക് മാറ്റാനാണ് ക്രിട്ടികെയർ അധികൃതർ നിർദ്ദേശിച്ചത്.

ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ തന്നെ കുട്ടിയുടെ ബോധം നഷ്ടപ്പെട്ടിരുന്നു. നാനാവതിയിലെത്തിയപ്പോഴെക്കും മരിക്കുകയും ചെയ്തു. ബലൂൺ തൊണ്ടയിൽ കുടുങ്ങിയപ്പോൾ തന്നെ മാതാപിതാക്കൾ നീക്കം ചെയ്യാൻ ശ്രമിച്ചിരുന്നെങ്കിലും ആഴത്തിലായതിനാൽ സാധിച്ചില്ല.

×