രോമക്കുപ്പായങ്ങളുടെ നിർമാണത്തിന് വേണ്ടി മൃഗങ്ങളോട് ചെയ്യുന്ന സമാനതകളില്ലാത്ത ക്രൂരതയുടെ ദൃശ്യങ്ങളാണ് ഏഷ്യയിലെ ഒരു ഫാമിൽ നിന്നും പുറത്തുവരുന്നത്. മൃഗങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഹ്യൂമേൻ സൊസൈറ്റി ഇൻറർനാഷണലിലെ അന്വേഷണ ഉദ്യോഗസ്ഥരാണ് ഭൂമിയിലെ ഈ നരക കാഴ്ചകൾ പകർത്തിയത്. തൊലിയുരിച്ച് വലിച്ചെറിയപ്പെട്ട നിലയിൽ ജീവനുള്ളവയും അല്ലാത്തവയുമായ ആയിരക്കണക്കിന് ചെന്നായ്ക്കളുടെയും റക്കൂൺ നായ്ക്കളുടെയും വലിയൊരു കൂനയാണ് ദൃശ്യങ്ങളിലുള്ളത്.
ഏരിയൽ ക്യാമറ ഉപയോഗിച്ചാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. റക്കൂൺ നായ്ക്കളെ കൊല്ലുന്നതിനു വേണ്ടി ഇരുമ്പ് ദണ്ഡുകൊണ്ട് പലയാവർത്തി തലയ്ക്കടിക്കുന്നതിന്റെ ദൃശ്യങ്ങളും സംഘടന പുറത്തു വിട്ടിട്ടുണ്ട്.
ഇരുമ്പ് ദണ്ഡു കൊണ്ട് അടിക്കുമ്പോൾ അവയ്ക്ക് അസഹ്യമായ വേദനയും മുറിവുകളും ഉണ്ടാവുകയല്ലാതെ പലപ്പോഴും ജീവൻ നഷ്ടപ്പെടാറില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു. ചത്തു എന്ന് ഉറപ്പുവരുത്തുന്നതിന് മുൻപുതന്നെ അവയെ ജീവനോടെ തൊലി ഉരിക്കുകയാണ് ചെയ്യുന്നത്.
സ്വസ്ഥമായി ചലിക്കുവാൻ പോലും ഇടയില്ലാത്ത നിരനിരയായുള്ള കൂടുകളിലാണ് ചെന്നായ്ക്കളെയും റക്കൂൺ നായ്ക്കളെയും പാർപ്പിച്ചിരിക്കുന്നത്. കൂടുകൾക്കുള്ളിലെ വെള്ളം നൽകുന്നതിനുള്ള പാത്രങ്ങൾ ഒഴിഞ്ഞ നിലയിലാണ്. അതായത് അവയ്‌ക്ക് വേണ്ടത്ര ഭക്ഷണമോ വെള്ളമോ കൊടുക്കുന്നില്ല എന്നതു വ്യക്തം. പീഡനങ്ങളും സമ്മർദവും താങ്ങാനാവാതെ പല മൃഗങ്ങളും മാനസിക അസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിക്കുന്ന നിലയിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
ഒരു വയസ്സ് പ്രായമാകുന്നതു വരെ മൃഗങ്ങളെ ഇത്തരത്തിൽ കൂടുകളിൽ പാർപ്പിക്കും. അതിനുശേഷമാണ് അവയുടെ തോലുരിക്കുന്നത്. ജീവനോടെ തന്നെ അവയുടെ ശരീരം മുറിക്കുന്നതും തോലുരിക്കുന്നതും ചിത്രീകരിച്ചതായി അവർ കൂട്ടിച്ചേർത്തു. ഏഷ്യയിലെ 11 ഫാമുകളിൽ നിന്ന് സംഘടനയിലെ ഉദ്യോഗസ്ഥർ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് ഫാമിന്റെ പേര് പുറത്തുവിട്ടിട്ടില്ല.
https://www.facebook.com/humanesociety/videos/746955626061247/