അൽഫോൻസാമ്മയുടെ വിശുദ്ധ വഴിയേ നടക്കുമ്പോൾ വള്ളോം പുരയിടത്തച്ചന് തൻ്റെ  ജീവിതം തന്നെ അത്ഭുതമായി തോന്നും ; തൻ്റെ വിശുദ്ധപദവിയിലേക്കുള്ള പ്രാർത്ഥനാ വഴികളിൽ അദൃശ്യ സാന്നിധ്യമായി വന്ന് അൽഫോൻസാമ്മ റവ. ഫാ.ജോസഫ് വള്ളോം പുരയിടത്തേയും ഒപ്പം കൂട്ടിയ കഥ, അല്ല സംഭവം - ഇന്ന് വിശ്വാസികൾക്കും അത്ഭുതമാണ്.വിശുദ്ധ അൽഫോൻസാമ്മയുടെ നാമകരണ നടപടികൾക്കും, ഒടുവിലത്തെ "വിശുദ്ധ പദവി "യ്ക്കും നിർണ്ണായക നിമിത്തമായത് ഇപ്പോൾ ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന കേന്ദ്രം റെക്ടറായ വള്ളോം പുരയിടം അച്ചനാണ്. അനുഗ്രഹ പദവികളായി കാണുന്ന മൂന്ന് നിയോഗങ്ങൾ അച്ചന് ലഭിച്ചത് പാലാ രൂപതയെ നയിച്ച മൂന്ന് പ്രമുഖ മേലധ്യക്ഷൻ മാർ വഴിയും

author-image
സുനില്‍ പാലാ
Updated On
New Update

അൽഫോൻസാമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി രൂപീകരിച്ച സഭാ കോടതി പ്രധാനമായും രണ്ട് കാര്യങ്ങളാണ് പരിശോധിച്ചത്. അൽഫോൻസാമ്മയുടെ ജീവിത വിശുദ്ധിയെക്കുറിച്ചും, അത്ഭുതങ്ങളെക്കുറിച്ചും പരിശോധിച്ച രണ്ട് കോടതികളിലെയും അഡീഷണൽ നോട്ടറി റവ. ഫാ.ജോസഫ് വള്ളോം പുരയിടമായിരുന്നു. ഇതിലേക്ക് അച്ചനെ നിയോഗിച്ചത് പാലാ രൂപതയുടെ പ്രഥമ മെത്രാൻ മാർ സെബാസ്റ്റ്യൻ വയലിൽ.

Advertisment

publive-image

അൽഫോൻസാമ്മയുടെ കബറിടം രണ്ടാം വട്ടം തുറന്ന് തിരുശേഷിപ്പുകൾ ശേഖരിക്കുകയും, വിശദമയ പഠനം നടത്തുകയും ചെയ്തപ്പോഴും പ്രധാന നോട്ടറി വള്ളോം പുരയിടത്തച്ചൻ. ഇത്തവണ ബിഷപ്പ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിലാണ് ഈ ചുമതല ഏൽപ്പിച്ചു കൊടുത്തത്.

ഫാ. വള്ളോം പുരയിടം കാപ്പുന്തല ഫാത്തിമാപുരം ഇടവക വികാരിയായിരിക്കേ അടുത്ത അത്ഭുതവും അൽഫോൻസാമ്മ വഴി വന്നു. ആ ഇടവകയിൽ നിന്ന് വിവാഹം കഴിച്ചയച്ച ഒരു യുവതിക്കു പിറന്ന മകന്റെ കാലുകൾ ജന്മനാ വളഞ്ഞിരുന്നു. ജിനിൽ എന്ന ആ കുട്ടിയുമായി വല്യപ്പൻ ഫാ.ജോസഫിന്റെ അടുത്ത് പ്രാർത്ഥിക്കാനെത്തി. അവരെ അൽഫോൻസാമ്മയുടെ മാധ്യസ്ഥം തേടാൻ പറഞ്ഞു വിട്ടത് വള്ളോം പുരയിടത്തച്ചനാണ്. പിന്നീട് അൽഫോൻസാമ്മയെ "വിശുദ്ധ" ആയി പ്രഖ്യാപിക്കാൻ റോം അംഗീകരിച്ച അത്ഭുതം ജിനിലിന്റെ കാൽപ്പാദങ്ങൾ നേരേ ആയതായിരുന്നു !

കഴിഞ്ഞ ഫെബ്രുവരിൽ ഫാ. ജോസഫിനു മേൽ വീണ്ടും അൽഫോൻസാമ്മയുടെ കൃപാകടാക്ഷം; പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ കേന്ദ്രത്തിന്റെ മുഖ്യ റെക്ടറായി ഈ വൈദിക ശ്രേഷ്ഠനെ നിയമിച്ചു.പാലാ മുണ്ടാങ്കൽ വള്ളോം പുരയിടം കുടുംബാംഗമായ ഈ 65-കാരൻ 1978 ഡിസംബർ 28-നാണ് വൈദികനായത്. അതും 25-ാം വയസ്സിലെ പിറന്നാൾ ദിനത്തിൽ തന്നെ!

Advertisment