കണ്ണൂർ: ഓൺലൈനിലൂടെ കണ്ണൂരിലെ വ്യാപാരിയിൽ നിന്ന് 40000 രൂപ കൈക്കലാക്കിയ തട്ടിപ്പുകാരനെ കുടുക്കി യുവാവ് . സാങ്കേതിക വൈദഗ്ധ്യം കൊണ്ട് തട്ടിപ്പുകാരനെ കണ്ടെത്തിയ കണ്ണൂർ മാതമംഗലം സ്വദേശി അഫ്സൽ ഹുസൈൻ ഇപ്പോൾ നാട്ടിലെ താരമാണ്. കഴിഞ്ഞ 17നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
മാതമംഗലം ഫുഡ് പാലസ് ഉടമ പി ഷബീറിനെയാണ് ഉത്തരേന്ത്യൻ സ്വദേശി കമ്പളിപ്പിച്ചത്. സൈനികനാണ് എന്ന് പരിചയപ്പെടുത്തിയ തട്ടിപ്പുകാരൻ 4200 രൂപയ്ക്ക് ഭക്ഷണം ഓർഡർ ചെയ്തു. ഗൂഗിൾ പേ വഴി പണം അടയ്ക്കണമെന്നും ഭക്ഷണം ശേഖരിക്കാൻ മറ്റൊരാളെ അയക്കാം എന്നും പറഞ്ഞു.
പിന്നീട് വിളിച്ച് ഗൂഗിൾ പേ പ്രവർത്തിക്കുന്നില്ലെന്നും എടിഎം കാർഡ് നമ്പർ തരണമെന്നും ആവശ്യപ്പെട്ടു. ധാരാളം ഉത്തരേന്ത്യൻ കസ്റ്റമഴ്സ് ഉള്ള ഷബീർ തട്ടിപ്പുകാരനെ പൂർണമായും വിശ്വസിച്ചു. ബന്ധുവും വസ്ത്ര വ്യാപാരിയായ ഒ പി ഇബ്രാഹിംകുട്ടിയുടെ എടിഎം കാർഡ് നമ്പർ പറഞ്ഞു കൊടുക്കുകയും ചെയ്തു. അതിനുശേഷം ഫോണിലേക്ക് വന്ന ഒടിപി നമ്പറും ചോദിച്ചു. ഒ ടി പി നമ്പർ നൽകിയതോടെ അക്കൗണ്ടിൽനിന്ന് നാൽപതിനായിരം രൂപ നഷ്ടമായി.
പെട്ടെന്നുതന്നെ എടിഎം കാർഡ് ബ്ലോക്ക് ചെയ്ത് ഇബ്രാഹിം കുട്ടിയും ഷബീറും സുഹൃത്തായ അഫ്സലിനെ കാണുകയായിരുന്നു. കേരള പൊലീസിൻറെ സൈബർഡോം കൂട്ടായ്മയിൽ അംഗം കൂടിയാണ് അഫ്സൽ.
പൊലീസിൽ പരാതി നൽകിയശേഷം അഫ്സൽ സ്വന്തം നിലയ്ക്കും അന്വേഷണം ആരംഭിച്ചു. ഒരു പ്രത്യേക ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് ഉത്തരേന്ത്യൻ സ്വദേശി പൂനെയിൽ നിന്ന് തട്ടിപ്പ് നടത്തിയതെന്ന് അഫ്സലിന് അന്വേഷണത്തിൽ വ്യക്തമായി.