പെട്രോളിയം ഉത്‌പന്നങ്ങളെ ജി.എസ്‌.ടി. പരിധിയില്‍ കൊണ്ടുവരുക എന്നതാണ്‌ അടിക്കടി ആര്‍ക്കൊക്കെയോ തോന്നുന്ന പ്രകാരമുള്ള വിലവര്‍ധനയ്‌ക്കു പരിഹാരം. എന്നാല്‍, ജി.എസ്‌.ടി. നിരക്ക്‌ ഏര്‍പ്പെടുത്തിയ ശേഷം കേന്ദ്രസംസ്‌ഥാന സര്‍ക്കാരുകള്‍ പുതിയ സെസ്‌ ചുമത്തിയാല്‍ ജി.എസ്‌.ടിയില്‍ പെടുത്തുന്നതുകൊണ്ടും കാര്യമില്ലാതാകും-ഡിജോ കാപ്പന്‍

author-image
admin
New Update

ഡിജോ കാപ്പന്‍

publive-image

''സര്‍ക്കാരിന്റെ ഭരണപരാജയത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്‌ പെട്രോള്‍, ഡീസല്‍ വിലവര്‍ധന കാണിക്കുന്നത്‌. പെട്രോള്‍ വിലവര്‍ധന നൂറുകണക്കിനു കോടി രൂപയുടെ ബാധ്യതയാണു ഗുജറാത്തിന്‌ ഉണ്ടാക്കുന്നത്‌.'' 2012-ല്‍ ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന്‌ 73.18 രൂപയും ഡീസലിന്‌ 41.32 രൂപയും ആയതിനെ വിമര്‍ശിച്ചാണ്‌ ആ വര്‍ഷം മേയ്‌ 23-ന്‌ അന്നത്തെ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ മേല്‍പ്പറഞ്ഞ വാക്കുകള്‍ കുറിച്ചത്‌. അന്ന്‌ ക്രൂഡ്‌ ഓയില്‍ വില ബാരലിന്‌ 110.34 ഡോളര്‍.

Advertisment

ഒമ്പതു വര്‍ഷത്തിനുശേഷം ഇപ്പോള്‍ ക്രൂഡ്‌ ഓയില്‍ വില അന്നത്തെക്കാള്‍ 40 ഡോളര്‍ കുറവ്‌-2021 ജൂണ്‍ ആദ്യവാരം ബാരലിനു 70.37 ഡോളര്‍. പക്ഷേ, പെട്രോളിന്‌ അന്നത്തെക്കാള്‍ 24 രൂപയും ഡീസലിന്‌ 51 രൂപയും കൂടുതല്‍. ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന്‌ 97 രൂപ, ഡീസലിന്‌ 92 രൂപ.
മോദി ഇപ്പോള്‍ ഇന്ത്യയുടെ എണ്ണവില സംവിധാനത്തിനു മേലേയും അധികാരമുള്ള പ്രധാനമന്ത്രി. ഈ അവസരത്തില്‍ ഇന്ത്യയിലെ ഉപയോക്‌താക്കള്‍ക്ക്‌ ഉണ്ടായ നഷ്‌ടം കേന്ദ്ര സര്‍ക്കാരിന്റെ ഭരണപരാജയമാണെന്ന 2012-ലെ അഭിപ്രായം നരേന്ദ്രമോദിക്ക്‌ ഉണ്ടോ?

ക്രൂഡ്‌ വില കുറയുമ്പോഴും എണ്ണവില കൂടുന്ന ഗതികേടാണ്‌ ഇന്ത്യയിലെ ജനങ്ങളുടേത്‌. ഇതു സംഭവിക്കുന്നതു സ്വാഭാവിക കാരണങ്ങളാലല്ല. വില കുറയുന്ന അവസരം മുതലെടുത്ത്‌ നികുതി കൂട്ടി വില താഴ്‌ത്താതെ നിര്‍ത്തുന്നു.

ഇന്ത്യയ്‌ക്ക്‌ ആവശ്യമായ ക്രൂഡിന്റെ 84 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്‌. ഒരു ബാരല്‍ (159 ലിറ്റര്‍) ക്രൂഡ്‌ ശുദ്ധി ചെയ്യുമ്പോള്‍ പ്രധാനമായും 73 ലിറ്റര്‍ ഡീസലും 35 ലിറ്റര്‍ പെട്രോളുമാണു ലഭിക്കുക. കൂടാതെ വിമാന ഇന്ധനം, മണ്ണെണ്ണ, പാചകവാതകം, ടാര്‍, ലൂബ്രിക്കന്റ്‌ ഓയില്‍ തുടങ്ങി 18 ഇനം മറ്റു വ്യാവസായിക ഉത്‌പന്നങ്ങളും ലഭിക്കുന്നു.

2021 ജൂണ്‍ ആദ്യവാരം ക്രൂഡ്‌ വില ബാരലിന്‌ 70.37 ഡോളര്‍ അഥവാ 5123. 12 രൂപ ആയിരുന്നു. അതായത്‌ ലിറ്ററിന്‌ 32.22 രൂപ. ക്രൂഡ്‌ ശുദ്ധീകരിച്ച്‌ പെട്രോള്‍ പമ്പിലെത്തിക്കാന്‍ റിെഫെനറികളുടെ ചെലവും ട്രാന്‍സ്‌പോര്‍ട്ടിങ്‌ ചെലവും ലാഭവും ഉള്‍പ്പെടെ ഒരു ലിറ്ററിന്‌ 5.63 രൂപ വേണ്ടിവരും. അങ്ങനെ, നികുതിക്കു മുമ്പ്‌ ഒരു ലിറ്റര്‍ പെട്രോളിനു വില 37രൂപ 85 പൈസ. ഒരു ലിറ്റര്‍ ഡീസലിനാകട്ടെ, മേല്‍പ്പറഞ്ഞ ചെലവ്‌ 8.09 രൂപയാണ്‌. പമ്പിലെത്തുമ്പോള്‍ അടിസ്‌ഥാനവില 32.22 8.9 = 40.31രൂപ.

കേന്ദ്ര എക്‌െസെസ്‌ നികുതി 32.90 രൂപയും കേരളത്തിന്റെ വാറ്റ്‌ 22.20 രൂപയും ഡീലര്‍ കമ്മിഷന്‍ 3.79രൂപയും കൂട്ടിച്ചേര്‍ക്കുമ്പോഴാണു പെട്രോള്‍ വില 37.85രൂപയില്‍നിന്ന്‌ 96.74രൂപയായി മാറുന്നത്‌.
40.31 രൂപയ്‌ക്കു പെട്രോള്‍ പമ്പില്‍ എത്തുന്ന ഡീസലിന്‌ കേന്ദ്ര നികുതി 31.80 രൂപയും വാറ്റ്‌ 17.39 രൂപയും ഡീലര്‍ കമ്മിഷന്‍ 2.59 രൂപയും കൂടിച്ചേരുമ്പോള്‍ വില 92.91രൂപ.

പെട്രോളിന്റെ കേന്ദ്ര എക്‌െസെസ്‌ നികുതി പല ഇനങ്ങള്‍ ചേര്‍ന്നതാണ്‌. ലിറ്ററിന്‌ 1.40 രൂപ അടിസ്‌ഥാനനികുതി, 11 രൂപ സ്‌പെഷല്‍ അഡീഷണല്‍ എക്‌സൈസ്‌ നികുതി, കഴിഞ്ഞ ബജറ്റില്‍ ഏര്‍പ്പെടുത്തിയ കൃഷി അടിസ്‌ഥാനസൗകര്യ വികസന സെസ്‌ 2.50 രൂപ. റോഡ്‌ അടിസ്‌ഥാനസൗകര്യ വികസന സെസ്‌ എന്ന പേരില്‍ അഡീഷണല്‍ എക്‌സൈസ്‌ ഡ്യൂട്ടിയായി വേറെയും 18 രൂപ. ഇതെല്ലാം ചേര്‍ന്നതാണ്‌ 32.90 രൂപ.

2014-ല്‍ കേന്ദ്ര നികുതിയായി പെട്രോളിന്‌ 9.48 രൂപയും ഡീസലിന്‌ 3.56 രൂപയും മാത്രമേ ഈടാക്കിയിരുന്നുള്ളൂ. അതേ സ്‌ഥാനത്ത്‌ ഇപ്പോഴത്തെ 32.90 രൂപയും 31.80 രൂപയും.
ഇറക്കുമതി ചെയ്യുന്ന ക്രൂഡിനു വില കുറയുമ്പോള്‍ അതിന്റെ ഗുണം ഇന്ത്യയിലെ ഉപയോക്‌താക്കള്‍ക്കു ലഭിക്കാന്‍ വേണ്ടി എന്നു പറഞ്ഞാണ്‌ പെട്രോളിയം ഉത്‌പന്നങ്ങളുടെ വില നിശ്‌ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്കു നല്‍കിയത്‌. എന്നാല്‍, രാജ്യാന്തര വിപണിയില്‍ ക്രൂഡ്‌ വില കുത്തനെ ഇടിഞ്ഞപ്പോഴൊക്കെ ആ ആശ്വാസം ജനങ്ങള്‍ക്കു നിഷേധിച്ചെന്നു മാത്രമല്ല, നികുതി വര്‍ധിപ്പിച്ച്‌ കേന്ദ്രസര്‍ക്കാരിന്റെ വരുമാനം കൂട്ടുകയും ചെയ്‌തുകൊണ്ടിരുന്നു.

പെട്രോളിയം ഉത്‌പന്നങ്ങള്‍ ജി.എസ്‌.ടി. പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്‌തമായി ഉന്നയിച്ചിട്ടുള്ളതാണ്‌. ഇന്ധനവിലക്കയറ്റത്തില്‍നിന്നു മാത്രമല്ല, അതിന്റെ പേരില്‍ അടിക്കടിയുണ്ടാകുന്ന അവശ്യവസ്‌തുക്കളുടെ വിലക്കയറ്റത്തില്‍നിന്നു കൂടി ജനങ്ങള്‍ക്ക്‌ ആശ്വാസം നല്‍കുന്ന കാര്യമാണത്‌.

ഇതെല്ലാം വ്യക്‌തമായിരുന്നിട്ടും കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല. ഇതിനു വിമര്‍ശകര്‍ പറയുന്ന പ്രധാന കാരണം, ഭരണത്തെ ഏറെ സ്വാധീനിക്കുന്ന കോര്‍പ്പറേറ്റുകള്‍ക്കു നല്‍കിയ ആനുകൂല്യം നിലനിര്‍ത്താനുള്ള സര്‍ക്കാരിന്റെ താത്‌പര്യമാണ്‌.

കോര്‍പ്പറേറ്റ്‌ ഇന്‍കംടാക്‌സ്‌ 2019-ല്‍ 35 ശതമാനത്തില്‍നിന്ന്‌ 22 ശതമാനം ആയി കുറച്ചതു നിമിത്തം രാജ്യത്തിന്റെ റവന്യൂവരുമാനത്തില്‍ പ്രതിവര്‍ഷം 1,45,000 കോടി രൂപയുടെ നഷ്‌ടം ഉണ്ടാകുന്നുണ്ട്‌. ഇതിന്റെ ആഘാതം ഖജനാവ്‌ അറിയാതിരിക്കുന്നത്‌ പെട്രോളിയം വിലവര്‍ധന വഴി സര്‍ക്കാര്‍ ജനങ്ങളില്‍നിന്നു പണം പിരിച്ചെടുക്കുന്നതു കൊണ്ടാണ്‌. ജനങ്ങള്‍ക്ക്‌ അവരര്‍ഹിക്കുന്ന ആശ്വാസം നല്‍കിയാല്‍ കോര്‍പറേറ്റുകള്‍ക്കുള്ള സഹായം നിലനിര്‍ത്താന്‍ ബുദ്ധിമുട്ടാകും.

പെട്രോളിന്റെ വിലനിയന്ത്രണം ഏടുത്തുകളഞ്ഞ 2010 ജൂണിനു ശേഷം പെട്രോളിയം കമ്പനികള്‍ രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുകയാണ്‌. സാധാരണക്കാര്‍ ഉപയോഗിക്കുന്ന പെട്രോളിനെയും ഡീസലിനെയുംകാള്‍ ഗുണനിലവാരം കൂടിയ വിമാന ഇന്ധനത്തിന്‌ കുറഞ്ഞ വിലയേ എണ്ണക്കമ്പനികള്‍ നിശ്‌ചയിച്ചിട്ടുള്ളൂ. ആരുടെ താത്‌പര്യങ്ങള്‍ക്കാണ്‌ എണ്ണക്കമ്പനികള്‍ മുന്‍തൂക്കം നല്‍കുന്നത്‌ എന്നതിന്‌ ഇതിനെക്കാള്‍ വ്യക്‌തമായ തെളിവ്‌ വേണ്ട.

ഡീസല്‍ വിലയിലെ ഒരു പൈസയുടെ വര്‍ധനപോലും രാജ്യത്തിന്റെ സാമ്പത്തികക്രമത്തെ ഉലയ്‌ക്കും. ലിറ്ററിന്‌ നാലു മുതല്‍ ഏഴു വരെ കിലോമീറ്റര്‍ മൈലേജ്‌ കിട്ടുന്ന ട്രക്കുകളിലാണ്‌ ചരക്കിന്റെ നല്ല പങ്കും കൈമാറ്റം ചെയ്യപ്പെടുന്നത്‌. അഞ്ചു ടണ്‍ ചരക്ക്‌ 100 കിലോമീറ്റര്‍ കൊണ്ടുപോകാന്‍ 20 ലിറ്റര്‍ ഡീസല്‍ ചെലവാകുന്നു.

ട്രക്കുകള്‍ 500 മുതല്‍ 2500 വരെ കിലോമീറ്റര്‍ ഓടിയാണു പച്ചക്കറിയും പഴവര്‍ഗങ്ങളും ഇന്ത്യയിലെ മിക്ക സംസ്‌ഥാനങ്ങളിലും എത്തിക്കുന്നത്‌. കോവിഡ്‌ മഹാമാരിയുടെ ദുരിതത്തില്‍നിന്നു ജനങ്ങളെ സംരക്ഷിക്കാനും തൊഴില്‍ നഷ്‌ടം നിമിത്തമുള്ള വരുമാനനഷ്‌ടത്തിന്‌ അല്‍പമെങ്കിലും ആശ്വാസം പകരാനും സമ്പന്ന-ദരിദ്ര രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ നികുതി ഇളവു നല്‍കിയും ബാങ്ക്‌ അക്കൗണ്ടില്‍ നിശ്‌ചിതതുക നിക്ഷേപിച്ചും പലിശരഹിത വായ്‌പകള്‍ അനുവദിച്ചും കടം എഴുതിത്തള്ളിയും സഹായഹസ്‌തം നീട്ടുന്നു. ഇതേ സമയം, നമ്മുടെ രാജ്യത്തു പെട്രോള്‍, ഡീസല്‍ പാചകവാതക നികുതികള്‍ വര്‍ധിപ്പിച്ച്‌ ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കുന്നു.

പെട്രോളിയം ഉത്‌പന്നങ്ങളെ ജി.എസ്‌.ടി. പരിധിയില്‍ കൊണ്ടുവരുക എന്നതാണ്‌ അടിക്കടി ആര്‍ക്കൊക്കെയോ തോന്നുന്ന പ്രകാരമുള്ള വിലവര്‍ധനയ്‌ക്കു പരിഹാരം. എന്നാല്‍, ജി.എസ്‌.ടി. നിരക്ക്‌ ഏര്‍പ്പെടുത്തിയ ശേഷം കേന്ദ്രസംസ്‌ഥാന സര്‍ക്കാരുകള്‍ പുതിയ സെസ്‌ ചുമത്തിയാല്‍ ജി.എസ്‌.ടിയില്‍ പെടുത്തുന്നതുകൊണ്ടും കാര്യമില്ലാതാകും.

Advertisment