ഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലെ കനത്ത തോൽവിക്ക് പിന്നാലെ കോൺഗ്രസ് ഹൈക്കമാൻഡിനെതിരെ ഉയർന്ന പ്രതിഷേധങ്ങളെ തണുപ്പിക്കാൻ സോണിയ ഗാന്ധി തന്നെ രംഗത്ത്. ജി 23 നേതാക്കൾക്ക് പാർട്ടിയിലും പാർലമെൻ്ററി രംഗത്തും പുതിയ ചുമതലകൾ നൽകാനാണ് നീക്കം. കഴിഞ്ഞ ദിവസങ്ങളിൽ വിമത ശബ്ദമുയർത്തിയ നേതാക്കളെ ഹൈക്കമാൻഡ് നേരിൽ കണ്ടാണ് ചർച്ചകൾ നടത്തുന്നത്.
ജി 23 കൂട്ടായ്മയിലെ നേതാക്കളെ അവഗണിക്കുകയില്ലെന്നും പ്രധാന സ്ഥാനങ്ങള്‍ നല്‍കുമെന്നും ഗുലാം നബി ആസാദുമായി നടത്തിയ ചർച്ചയിൽ സോണിയാ ഗാന്ധി വ്യക്തമാക്കിയിരുന്നു. ഇന്നു മനീഷ് തിവാരിയടക്കമുള്ളവരെയും സോണിയ കണ്ടു.
ഗുലാം നബി ആസാദിനെ വീണ്ടും രാജ്യസഭയിലെത്തിക്കാൻ പദ്ധതിയുണ്ടെങ്കിലും അദ്ദേഹമതിന് സമ്മതം മൂളിയിട്ടില്ല. സജീവ രാഷ്ട്രീയം അവസാനിപ്പിക്കാനുള്ള നീക്കം അദ്ദേഹം തുടങ്ങിയിട്ടുണ്ട്. എങ്കിലും ഗുലാം നബിയെ അടുത്തു വരുന്ന ഒഴിവിൽ ചത്തീസ്ഗഢിൽ നിന്നും രാജ്യസഭയിലെത്തിക്കാനാണ് സാധ്യത.
ഏപ്രിലില്‍ രാജ്യസഭ അംഗത്വ കാലാവധി അവസാനിക്കുന്ന ആനന്ദ് ശര്‍മ്മക്ക് ഹിമാചല്‍ പ്രദേശ് പാര്‍ട്ടിയെ നയിക്കാനുള്ള ഉത്തരവാദിത്വം നല്‍കും. ഹിമാചലിൽ ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. സംസ്ഥാനത്ത് പാര്‍ട്ടിയെ നയിച്ചിരുന്ന വീര്‍ഭദ്ര സിങ് അന്തരിച്ചിരുന്നു. ഈ വിടവ് നികത്താന്‍ ആനന്ദ് ശര്‍മ്മക്ക് കഴിയുമെന്നാണ് സോണിയയുടെ പ്രതീക്ഷ.
മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ പി സി സി അധ്യക്ഷനാകും. കുല്‍ദീപ് ബിഷ്‌ണോയെ നിയമസഭ കക്ഷി നേതാവാകും.
മനീഷ് തിവാരിയെയും സന്ദീപ് ദിക്ഷിതിനും സംഘടന സംവിധാനത്തില്‍ മികച്ച സ്ഥാനങ്ങള്‍ നല്‍കും. മനീഷ് തിവാരിയെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി സ്ഥാനത്തേക്കാണ് പരിഗണിക്കുന്നതെന്നാണ് സൂചന.
പുനസംഘടന നടന്നാൽ കെ സി വേണുഗോപാലിനെ നേതൃത്വം കൈവിടില്ല. അദ്ദേഹത്തിന് നിർണായക പദവി നൽകാൻ തന്നെയാണ് തീരുമാനം.
ഈ വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ നേതാക്കളെ ഡല്‍ഹിയിലേക്ക് സോണിയാ ഗാന്ധി വിളിപ്പിച്ചിട്ടുണ്ട്. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ നേതാക്കളെയാണ് വിളിപ്പിച്ചത്. ഹിമാചല്‍ പ്രദേശിലെ നേതാക്കൾ ഇന്നാണ് സോണിയാ ഗാന്ധിയെ കാണുക.
തെരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് ചർച്ച ചെയ്യുക. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാവണം എന്നതുള്‍പ്പെടെ യോഗത്തില്‍ ചര്‍ച്ചയാവും. ഹിമാചല്‍ പ്രദേശില്‍ കഴിഞ്ഞ
വര്‍ഷം നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. മാണ്ഡി ലോക്‌സഭ സീറ്റിലും മൂന്ന് നിയമസഭ മണ്ഡലങ്ങളിലും വിജയിച്ചിരുന്നു. മെയ് ആദ്യവാരം ചിന്തൻശിബിർ വിളിച്ചു കൂട്ടും. അതിനു ശേഷമാകും പാർട്ടിയിലെ അഴിച്ചു പണികൾ.