മുട്ടേല്‍ പാലം ഉദ്ഘാടനത്തിന്റെ പോസ്റ്ററില്‍ നിന്ന് കായംകുളം എംഎല്‍എ യു പ്രതിഭയെ ഒഴിവാക്കിയത് ശരിയായില്ല: പോസ്റ്റര്‍ തയാറാക്കിയത് വിവരമില്ലാത്തവരെന്ന് മന്ത്രി ജി സുധാകരന്‍

ന്യൂസ് ബ്യൂറോ, ആലപ്പുഴ
Monday, January 18, 2021

ആലപ്പുഴ: മുട്ടേല്‍ പാലം ഉദ്ഘാടനത്തിന്റെ പോസ്റ്ററില്‍ നിന്ന് കായംകുളം എംഎല്‍എ യു പ്രതിഭയെ ഒഴിവാക്കിയത് ശരിയായില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. വിവരമില്ലാത്തവരാണ് പോസ്റ്റര്‍ തയാറാക്കിയത്. കായംകുളം എംഎല്‍എ നന്നായി കാര്യങ്ങള്‍ നോക്കുന്നുണ്ട്.

എംഎല്‍എയുടെ കൂടി ഇടപെടലോടെയാണ് പാലം നിര്‍മിച്ചതെന്നും മന്ത്രി പറഞ്ഞു. ആരുടെ പോസ്റ്റായാലും അത് എംഎല്‍എയ്ക്കെതിരെയല്ല, സര്‍ക്കാരിനെതിരായ പ്രവര്‍ത്തനമായി മാത്രമേ കാണാന്‍ കഴിയൂവെന്ന് ഉദ്ഘാടന വേദിയിലും മന്ത്രി ആവര്‍ത്തിച്ചു.’

നല്ല കാര്യങ്ങള്‍ നടത്തുമ്പോള്‍ വിഷം കലര്‍ത്താന്‍ ആരും ശ്രമിക്കേണ്ട. തലയ്ക്ക് മൂളയുള്ള ആരെങ്കിലും എംഎല്‍എയെ ഒഴിവാക്കി ഫേസ്ബുക്ക് പോസ്റ്റിടുമെന്ന് കരുതുന്നില്ല.

പാര്‍ട്ടിയുടെ ഫേസ്ബുക്ക് പേജില്‍ കയറി ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടത് ആരാണെന്ന് അന്വേഷിക്കണം. ഫേസ്ബുക് കണ്ട് വളര്‍ന്നവരല്ലാത്തത് കൊണ്ട് ഞങ്ങളെ പേടിപ്പിക്കാന്‍ വരരുത്. ഉദ്ഘാടനവുമായി ബന്ധപ്പെട്ട നോട്ടീസില്‍ വയ്ക്കേണ്ടവരുടെ പേരുകള്‍ പൊതുമരാമത്തിന്റെ നോട്ടിസില്‍ വച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളുടെ പേരുകള്‍ ആവശ്യമില്ലാത്തതിനാലാണ് ഒഴിവാക്കിയതെന്നും മന്ത്രി പറഞ്ഞു.

×