സര്‍ക്കാര്‍ ഡ്രൈവര്‍മാരില്‍ പലര്‍ക്കും കാഴ്ചയില്ലെന്നു ഗഡ്കരി

New Update

ന്യൂഡല്‍ഹി: താന്‍ ഇപ്പോഴും സ്വന്തം കാറും സ്വന്തം ഡ്രൈവറെയും ഉപയോഗിക്കുന്നതെന്നു എന്തു കൊണ്ടാണെന്നു വെളിപ്പെടുത്തി ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. സര്‍ക്കാര്‍ ഡ്രൈവര്‍മാരില്‍ പലര്‍ക്കും കണ്ണിനു കാണില്ലെന്ന് സ്വന്തം അനുഭവത്തില്‍നിന്നു മനസിലായതിനാലാണെന്ന് റോഡ്‌സുരക്ഷയും ഇന്‍ഷുറന്‍സും സംബന്ധിച്ച ശില്‍പശാലയില്‍ അദ്ദേഹം പറഞ്ഞു.

Advertisment

publive-image

മഹാരാഷ്ട്രയില്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ കാര്‍ മരത്തിലിടിച്ചു തനിക്കും കുടുംബത്തിനും ഗുരുതരമായി പരുക്കേറ്റു. ഡ്രൈവര്‍ക്ക് ഒരു കണ്ണിനു തിമിരമുണ്ടായിരുന്നു. പിന്നീടു മന്ത്രിയായപ്പോള്‍ എല്ലാ സര്‍ക്കാര്‍ ഡ്രൈവര്‍മാരുടെയും കണ്ണു പരിശോധിച്ചു. 40 ശതമാനത്തിന് അന്ധതയുണ്ടായിരുന്നു. ഒരു മുഖ്യമന്ത്രിയുടെ ഡ്രൈവറായിരുന്നയാള്‍ക്ക് രണ്ടു കണ്ണിനും തകരാറുണ്ടായിരുന്നു. അതില്‍പ്പിന്നെ ഒരിക്കലും സര്‍ക്കാര്‍ വാഹനം ഉപയോഗിച്ചിട്ടില്ലെന്നു മന്ത്രി പറഞ്ഞു.

സ്വന്തം കാറും, ഡ്രൈവറും സ്വന്തമായി നിറയ്ക്കുന്ന ഇന്ധനവുമേ ഉപയോഗിക്കുന്നുള്ളൂ. ചടങ്ങിനെത്തിയ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്വന്തം ഡ്രൈവറുടെ കണ്ണ് സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

സ്വകാര്യ ആശുപത്രി എന്നു പ്രത്യേകിച്ചു പറയുന്നത് കണ്ണു കാണില്ല എന്നു വെളിപ്പെട്ട എല്ലാ സര്‍ക്കാര്‍ ഡ്രൈവര്‍മാര്‍ക്കും സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നു എന്നതു കൊണ്ടാണെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

nitin gadkari eyesight drivers govt
Advertisment