ബട്ട്വാരാ കാ ഇതിഹാസ് പരമ്പര -3
/sathyam/media/post_attachments/R3x813ifhXtrP4Wbeppc.jpg)
മുസ്ലിം ലീഗ് രൂപീകരിച്ച വിവരങ്ങളൊക്കെ അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്ന അവസ്ഥയിൽ വർഷങ്ങൾ മൂന്നാല് കഴിഞ്ഞുപോയി. പലവിധമായ രാഷ്ട്രീയവും അരാഷ്ട്രീയവുമായ സംഗതികൾ സമൂഹത്തിൽ അലയൊലികളും ചിന്താ വ്യതിയാനവും മറ്റുമുണ്ടാക്കി. ഈ അവസരത്തിൽ, 1910ൽ നാസിക് ജില്ലാ മജിസ്‌ട്രേറ്റായിരുന്ന ജാക്സൺ സായിപ്പിനെ വധിച്ച കേസിൽ 25 വർഷത്തെ രണ്ടു കഠിന തടവ് ശിക്ഷകൾക്ക് വിധിക്കപ്പെട്ട് ആൻഡമാനിൽ സെല്ലുലാർ ജയിൽ ആയിരുന്ന വി ഡി സവർക്കർ ഇക്കാര്യത്തെക്കുറിച്ചു മദന്മോഹൻ മാളവ്യക്ക് കത്തെഴുതുകയും ഹിന്ദു ദേശീയത ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം ആവശ്യമാണെന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്തു,
അപ്പോഴേക്കും ഗംഗയിലൂടെയും സിന്ധുവിലൂടെയും ധാരാളം വെള്ളം ഒഴുകിപ്പോയിരുന്നു. മദന്മോഹൻ മാളവ്യയും കൂട്ടരും ചേർന്ന് നടത്തിയ അന്വേഷണങ്ങളിൽ സർക്കാർ തലത്തിൽ പല താക്കോൽ സ്ഥാനങ്ങളിലും മുസ്‌ലിംകൾ എത്തപ്പെട്ടിരിക്കുന്നതായും, ഇതിനിടയിൽ സംഭവിച്ച ചില കലാപങ്ങളിൽ ഭരണകൂടം കുറ്റകരമായ മൗനത്തിലായിരുന്നതിന് പിന്നിൽ ഈ ശക്തികളാണെന്നും കണ്ടെത്തി.
അങ്ങനെ മുസ്‌ലിം സമൂഹം രാഷ്ട്രീയമായി സംഘടിച്ച് 9 വർഷങ്ങൾക്ക് ശേഷം ഹിന്ദുക്കളെ രാഷ്ട്രീയമായി സംഘടിപ്പിക്കാൻ മദന്മോഹൻ മാളവ്യ മുന്നിട്ടിറങ്ങി 1915ൽ മാളവ്യ ഹിന്ദു മഹാസഭ രൂപീകരിച്ചു, മുസ്‌ലിംകൾ അനധികൃതമായി കൈവശം വച്ചിരിക്കുന്ന അധികാര സ്ഥാനങ്ങളെ ചോദ്യം ചെയ്യുന്ന പ്രവർത്തനം ആരംഭിച്ചു അദ്ദേഹം,
എന്നാൽ മുസ്ലീമുകൾക്കിടയിൽ ലീഗിന് കിട്ടിയ സ്വീകരണം ഹൈന്ദവർക്കിടയിൽ ഹിന്ദു മഹാസഭക്ക് കിട്ടിയില്ല, ഹൈന്ദവരിലെ ജാതി ബോധം അസ്തമിക്കാതെ ഹിന്ദു സമൂഹത്തെ ഒന്നിപ്പിക്കാൻ സാധിക്കില്ലെന്ന് മാളവ്യക്ക് ബോധ്യപ്പെട്ടു, ജാതി ഉന്മൂലനത്തെക്കുറിച്ചു മാളവ്യ നടത്തിയ പ്രസംഗങ്ങൾ സവർണ്ണ ഹിന്ദുക്കളിൽ നിന്നും അദ്ദേഹത്തെ അകറ്റി.
ഇതേ കാലയളവിലാണ് ദക്ഷിണാഫ്രിക്കയിലെ പ്രവർത്തനങ്ങൾ മതിയാക്കി 1915 ജനുവരി 9ന് ഗാന്ധിജി ഇന്ത്യയിൽ മടങ്ങിയെത്തുന്നത്. മെയ് മാസത്തോടുകൂടി അദ്ദേഹം സത്യാഗ്രഹ സമര മുറകൾ ആരംഭിച്ചു ദേശീയ സമരത്തിൻ്റെ നെടു നായകത്വത്തിലേക്ക് വന്നു. ഇതേ സമയം 1916 ഡിസംബറിൽ ഉത്തർപ്രദേശിലെ ലഖ്നൗവിൽ വച്ചു നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ സമ്മേളനത്തിൽ വച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസും ഓൾ ഇന്ത്യാ മുസ്ലിം ലീഗും ഉടമ്പടി ഒപ്പിടുകയുണ്ടായി. ഇത് ലഖ്നൗ സന്ധി എന്നറിയപ്പെടുന്നു.
(അതായത് ഇന്നത്തെ കേരളത്തിൽ മലബാറിലെ സീറ്റുകളിൽ മുസ്ലിം നാമധാരി മാത്രം മത്സരിയ്ക്കുന്ന/മത്സരിച്ചു ജയിക്കുന്ന രാഷ്ട്രീയ കീഴ്വഴക്കമുണ്ടല്ലോ അതിൻ്റെ സ്ഥാപന വത്കരണമായിരുന്നു ലഖ്‌നൗ സന്ധി)
ഈ സന്ധിയിലൂടെ രണ്ടു പാർട്ടികളും മത ന്യൂനപക്ഷങ്ങൾക്ക് അനുവദിച്ചിട്ടുള്ള നിയോജക മണ്ഡലങ്ങളിൽ പ്രാതിനിധ്യം നൽകാമെന്ന് സമ്മതിക്കുകയുണ്ടായി. കൂടാതെ ഇന്ത്യയ്ക്ക് സ്വയം ഭരണം ആവശ്യപ്പെട്ടുകൊണ്ട് നടക്കുന്ന പ്രക്ഷോഭങ്ങളിൽ പങ്കെടുക്കാമെന്ന് മുസ്ലിം ലീഗിൻ്റെ നേതാക്കൾ സമ്മതിക്കുകയും ചെയ്തു. രാഷ്ട്രീയ നിരീക്ഷകർ ഇന്ത്യൻ രാഷ്ട്രീയത്തിലെ അധികാരം പങ്കുവയ്ക്കലായും ഈ സംഭവത്തെ വിലയിരുത്തിയിട്ടുണ്ട്.
മുസ്ലീമുകളുടെ രാഷ്ട്രീയ മേൽക്കോയ്മ അംഗീകരിക്കലായിരുന്നു ഫലത്തിൽ ഇതുകൊണ്ടുണ്ടായത്. കാരണം ഒരു വശത്ത് മതേതരത്വം പറയുവാൻ മാത്രം ഹിന്ദുക്കളായ രാഷ്ട്രീയക്കാർക്ക് സാധിക്കുമ്പോൾ മുസ്ലിം ലീഗ് എന്ന ലേബലിൽ മുസ്ലിം ആവശ്യങ്ങൾക്ക് വേണ്ടി നില കൊള്ളാൻ മുസ്ലിം രാഷ്ട്രീയ നേതൃത്വത്തിന് സാധിക്കുകയും അതേ സമയം കോൺഗ്രസ്സിലുള്ള മുസ്ലീമുകൾക്ക് മതേതരത്വം പറയാനും സാധിക്കുന്ന ഒരുതരം ദ്വിമുഖമായ തന്ത്രമായിരുന്നു മുസ്ലിം സമൂഹം നടപ്പാക്കിക്കൊണ്ടിരുന്നത്.
1920 ഒാഗസ്റ്റ് 31ന് തൻ്റെ വസ്ത്രം പൂർണമായും ഖദറാക്കി മാറ്റിക്കൊണ്ട് ഇന്ത്യയിലെ ഗ്രാമങ്ങളിലെ നൂൽനൂൽപ്പ് തൊഴിലാളികൾ ഉണ്ടാക്കുന്ന വസ്ത്രം മാത്രം ധരിച്ചു അർദ്ധ നഗ്‌നായ ഫക്കീറാകുവാനുള്ള ഗാന്ധിജിയുടെ വിപ്ലവകരമായ തീരുമാനം വലിയ വാർത്താ പ്രാധാന്യം നേടി.
തൊഴിലാളികൾക്ക് അന്നം നൽകുന്ന തുണി ഉൽപന്നത്തിന് ഖാ(അന്നം) ദി( തരിക) എന്ന പേര് ഗാന്ധിജി നൽകിയത് രാഷ്ട്രീയ പ്രചാരണത്തിൻ്റെ സ്വീകാര്യത വർദ്ധിപ്പിച്ചു. ബാലഗംഗാധര തിലകൻ, ദാദാഭായ് നവറോജി, സ്വാമി ദയാനന്ദ സരസ്വതി (ആര്യസമാജം) എന്നിവരുടെ നേതൃത്വത്തിൽ സ്വദേശി ഉൽപന്നങ്ങൾക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കായുള്ള സമരങ്ങളെ ത്വരിതപ്പെടുത്തി.
ഇങ്ങനെ രാഷ്ട്രീയമായ ചിന്തകൾക്ക് മാത്രം ധാരാളം ഇടം കിട്ടിയിരുന്ന ജന്മനസ്സുകളിലേയ്ക് ഇടിത്തീ പോലെ ഒരു സംഭവം വന്നു വീണു അതായിരുന്നു ഖിലാഫത്ത് പ്രസ്ഥാനം. ഖിലാഫത്ത് പ്രസ്ഥാനം ഇന്ത്യയുടെ രാഷ്ട്രീയ മണ്ഡലത്തിൽ ഇന്നും ചർച്ചാ വിഷയമാണ്. അതേക്കുറിച്ചു അടുത്ത ലക്കത്തിൽ തുടരാം...
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us