ഗണേഷ്കുമാറിന്റെ വാഹനത്തിനു നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കല്ലേറ്; കാറിന്റെ ചില്ല് തകര്‍ത്തു; ഗണേഷ് കുമാറിന് നേരെ കരിങ്കൊടി പ്രതിഷേധവും; അഞ്ച്‌ യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ കസ്റ്റഡിയില്‍; പത്തനാപുരത്ത് നാളെ ഹര്‍ത്താല്‍

ന്യൂസ് ബ്യൂറോ, കൊല്ലം
Sunday, January 17, 2021

ചവറ: കെ.ബി.ഗണേഷ്കുമാർ എംഎൽഎയുടെ വാഹനത്തിനു നേരെ കല്ലേറ്. ദേശീയപാതയിൽ ചവറ നല്ലെഴുത്തുമുക്കിനു സമീപമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കല്ലെറിഞ്ഞത്. വാഹനത്തിന്റെ ചില്ലുകൾ തകർന്നു. ഗണേഷ് കുമാറിന് നേരെ കരിങ്കൊടി പ്രതിഷേധവുമുണ്ടായി. സംഭവത്തിൽ 5 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു.

പ്രതിഷേധക്കാര്‍ക്ക് എതിരെ എംഎല്‍എയുടെ മുന്‍ പിഎ പ്രദീപ് കോട്ടാത്തലയുടെ നേതൃത്വത്തില്‍ ആക്രമണം നടന്നിരുന്നു. ഇന്നും അക്രണം ഉണ്ടായ സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. എംഎല്‍എ പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം പ്രതിഷേധം ഉയര്‍ത്താനാണ് കെഎസ് യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും തീരുമാനം.

നേരത്തെ കെ ബി ഗണേഷ് കുമാറിന്റെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. പൊലീസ് ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് വഴിവച്ചത്. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സാജു ഖാന് സംഘര്‍ഷത്തില്‍ പരുക്കേറ്റു. സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ പത്തനാപുരം പഞ്ചായത്തില്‍ കോൺഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. അവശ്യസര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

×