Advertisment

പറമ്പിൽ‌ പുള്ളിപ്പുലി വരാറുണ്ടെന്നു മനസ്സിലാക്കി കെണിയൊരുക്കി കാത്തിരുന്നത് ഒരു മാസത്തോളം; പുലിയെ കറിവച്ചു കഴിച്ച ശേഷം പുലിത്തോലിന്റെ ചിത്രം വാട്‌സ്ആപ്പില്‍ അയച്ചുകൊടുത്ത് കച്ചവടം ഉറപ്പിച്ചു; ചോദിച്ചത് 5 ലക്ഷമെങ്കിലും കച്ചവടം ഉറച്ചത് 3 ലക്ഷത്തിന്; പുലിത്തോല്‍ വാങ്ങാന്‍ തയ്യാറായ യുവാവിനു വേണ്ടി തിരച്ചില്‍

New Update

അടിമാലി:  പറമ്പിൽ‌ പുള്ളിപ്പുലി വരാറുണ്ടെന്നു മനസ്സിലാക്കിയ വിനോദ് കെണിയൊരുക്കി കാത്തിരുന്നത് ഒരു മാസത്തോളം. വിനോദിന്റെ സുഹൃത്തുക്കളായ കുര്യാക്കോസും ബിനുവുമാണു കെണി ഉണ്ടാക്കാൻ സഹായിച്ചതെന്നും പൊലീസ് പറയുന്നു. കാട്ടുപന്നിയെ പിടികൂടാൻ വയ്ക്കുന്ന കമ്പിക്കെണിയുടെ വലിയ രൂപമാണു പുള്ളിപ്പുലിയെ കുടുക്കാൻ ഉപയോഗിച്ചത്. രണ്ടു മരങ്ങൾക്കിടയിൽ കട്ടി കൂടിയ നൂൽക്കമ്പി വലിച്ചുകെട്ടിയാണു കെണി ഒരുക്കിയത്. പുലി കുടുങ്ങിയാൽ കുതറുംതോറും മുറുകുന്ന തരത്തിലായിരുന്നു ക്രമീകരണം.

Advertisment

publive-image

പുള്ളിപ്പുലിയുടെ തോലും നഖങ്ങളും പ്രതികൾ വിൽക്കാൻ ശ്രമിച്ചു. ഒന്നാം പ്രതി വിനോദ് പുലിത്തോലും നഖവും പെരുമ്പാവൂർ സ്വദേശിക്കു വിൽക്കാനാണു ശ്രമിച്ചത്. പുലിത്തോലിന്റെ ചിത്രം വാട്സാപ്പിൽ അയച്ചുകൊടുത്താണു കച്ചവടം ഉറപ്പിച്ചത്.

വിനോദ് 5 ലക്ഷം രൂപ ചോദിച്ചു. 25,000 തരാമെന്നു പെരുമ്പാവൂർ സ്വദേശി സമ്മതിച്ചു. ഒടുവിൽ 3 ലക്ഷം രൂപയ്ക്കു കച്ചവടം ഉറപ്പിച്ചു. വിനോദിന്റെ ഫോണിൽ നിന്ന് ഇതുസംബന്ധിച്ച ചാറ്റ് മെസേജുകൾ കണ്ടെടുത്തു. പുലിത്തോൽ വാങ്ങാൻ തയാറായ പെരുമ്പാവൂർ സ്വദേശിക്കായി പൊലീസ് തിരച്ചിൽ തുടങ്ങി.

മുഖ്യപ്രതി മുനിപ്പാറ കൊള്ളി കൊളവിൽ വിനോദിന്റെ കൃഷിയിടത്തിൽ നിന്നു കഴിഞ്ഞ 20ന് ആണു പുള്ളിപ്പുലിയെ കുരുക്കിട്ടു പിടികൂടിയത്. മറ്റു 4 പേരും കൂടി പുലിയുടെ മാംസം വീതിച്ചെടുത്തു കറി വച്ചെന്നാണു കേസ്. വിനോദിനൊപ്പം അറസ്റ്റിലായ മുനിപ്പാറ ബേസിൽ ഗാർഡൻ വി.പി.കുര്യാക്കോസ്, പെരുമ്പൻകുത്ത് ചെമ്പൻപുരയിടത്തിൽ സി.എസ്.ബിനു, മാങ്കുളം മലയിൽ സലി കുഞ്ഞപ്പൻ, വടക്കുംചാലിൽ വിൻസന്റ് എന്നിവർ റിമാൻഡിലാണ്.

പ്രതികൾ മുൻപും വന്യമൃഗവേട്ട നടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുമെന്നു വനംവകുപ്പ് മാങ്കുളം റേഞ്ച് ഓഫിസർ വി.ബി.ഉദയസൂര്യൻ പറഞ്ഞു. വനത്തോടു ചേർന്ന ഈ മേഖലയിൽ പുലിയുണ്ടെന്ന് അറിഞ്ഞാണു പ്രതികൾ കെണി ഒരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.

പുലിത്തോൽ ഉണങ്ങാൻ വെയിലത്തു വച്ചതും വിൽപനയ്ക്കു ശ്രമിച്ചതുമാണു സംഭവം വനംവകുപ്പിന്റെ ശ്രദ്ധയിൽ പെടാൻ കാരണമായത്. തോൽ കേടു വരാതിരിക്കാൻ മഞ്ഞളും ഉപ്പും ചേർത്ത മിശ്രിതം പുരട്ടി വെയിലത്തു വച്ചിരിക്കുന്നതിന്റെ ഫോട്ടോ വനപാലകർക്കു ലഭിച്ചു.

വന്യജീവിസംരക്ഷണ നിയമം അനുസരിച്ചാണു പ്രതികൾക്കെതിരെ വനം വകുപ്പ് കേസ് എടുത്തിരിക്കുന്നത്. 3 വർഷം മുതൽ 7 വർഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണിത്.

പുള്ളിപ്പുലിയുടെ കഴുത്തിൽ കമ്പി മുറുകി മുറിഞ്ഞതായി വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. കെണിയിൽ കിടന്നു തന്നെ പുലി ചത്തു എന്നാണു നിഗമനം. പിന്നീട് പ്രതികളെത്തി പുലിയെ കശാപ്പു ചെയ്തു മാംസവും തോലും വേർതിരിച്ചു വീതിക്കുകയായിരുന്നു.

എന്നാൽ പ്രദേശത്തു കുറെ നാളായി പുലിയുടെ ശല്യമുണ്ടെന്നും വളർത്തുമൃഗങ്ങളെയടക്കം പുലി പിടിച്ചെന്നു വനം വകുപ്പിൽ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നുമാണു വിനോദിന്റെ കുടുംബത്തിന്റെ പ്രതികരണം. തുടർന്നാണു സ്വയം കെണി വയ്ക്കണ്ടിവന്നത്. പുലി കെണിയിൽപെട്ടു ചത്തതാണെന്നും ഇവർ പറഞ്ഞു.

leopard
Advertisment