ഇങ്ങനെയാണ് കാർത്തിക്ക് ജെസ്സിയെ വിളിച്ചത്; മേക്കിങ് വീഡിയോ പങ്കുവെച്ച് ഗൗതം മേനോൻ

ഫിലിം ഡസ്ക്
Sunday, May 24, 2020

ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ‘കാര്‍ത്തിക് ഡയല്‍ സെയ്ത യെന്‍’ എന്ന ഹ്രസ്വചിത്രം ഏതാനും ദിവസങ്ങൾക്ക് മുൻപാണ് റിലീസായത്. ലോക്ക് ഡൗൺ കാലത്ത് ഗൗതം മേനോന്റെ ‘വിണ്ണെത്താണ്ടി വരുവായ’ എന്ന ചിത്രത്തിലെ കഥാപാത്രങ്ങൾ തന്നെയാണ് ഈ ഹ്രസ്വചിത്രത്തിലൂടെ ഒരിക്കൽ കൂടി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

‘വിണ്ണെത്താണ്ടി വരുവായ’ റിലീസായി പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ആ സൂപ്പര്‍ഹിറ്റ് ജോഡിയെ വീണ്ടും സ്ക്രീനിലെത്തിക്കുകയാണ് സംവിധായകന്‍ ഗൗതം വാസുദേവ് മേനോൻ. കാർത്തിക്കിനേയും ജെസ്സിയേയും അവതരിപ്പിക്കുന്ന ചിമ്പുവും ,തൃഷയും രണ്ടിടങ്ങളിൽ ഇരുന്ന കൊണ്ടാണ് ഈ ഹ്രസ്വചിത്രത്തിനുവേണ്ടി തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ലോക്ക്ഡൗണിൽ ഈ ഹ്രസ്വചിത്രം ഷൂട്ട് ചെയ്തിരിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ സംവിധായകൻ ഗൗതം വാസുദേവ് മേനോൻ. കാർത്തിക്കിനെ അവതരിപ്പിക്കുന്ന ചിമ്പുവുമായി വീഡിയോ കോളിലൂടെ എങ്ങനെ അഭിനയിക്കണമെന്നുള്ള നിർദേശങ്ങൾ നൽകുന്ന തന്റെ വീഡിയോയാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.

ഈ ലോക്ക്ഡൗൺ കാലത്ത് തിരക്കഥ എഴുതാനിരിക്കുന്ന കാർത്തിക്കിന് എഴുത്ത് തുടരാൻ സാധിക്കാതെ വരുമ്പോൾ ജെസിയെ ഫോൺ വിളിക്കുന്നതിൽ നിന്നാണ് ഹ്രസ്വചിത്രം ആരംഭിക്കുന്നത്. കൊവിഡിനെക്കുറിച്ചും ലോക്ക്ഡൗണിലെ സിനിമാ പ്രതിസന്ധിയെപ്പറ്റിയുമൊക്കെ ഇരുവരും സംസാരിക്കുന്നു. 12 മിനിട്ട് ദൈർഘ്യമാണ് ഹ്രസ്വചിത്രത്തിനുള്ളത്. ഇതിനോടകം തന്നെ ലക്ഷങ്ങളാണ് കാര്‍ത്തിക് ഡയല്‍ സെയ്ത യെന്‍ കണ്ടത്.

×