മൂകയും ബധിരയുമായ ഗീതയുടെ മാതാപിതാക്കളെ കണ്ടെത്താൻ കഴിഞ്ഞ 5 വർഷമായി എല്ലാവരും ശ്രമിക്കുകയാണ്… അമ്മയുടെ അവ്യക്തമായ മുഖവും ഗ്രാമത്തിന്റെ ഏകദേശചിത്രവും മനസ്സിൽപ്പേറിയുള്ള ഗീതയുടെ പ്രയാണം ലക്ഷ്യത്തിലെത്തുമോ ?

പ്രകാശ് നായര്‍ മേലില
Monday, December 21, 2020

ഒരു നദി, നദിക്കരയിൽ ഒരു അമ്പലം, നദിക്കു കുറുകെ കൈവരികളുള്ള ഒരു പാലം, അടുത്തായി റെയിൽവേ സ്റ്റേഷൻ, അവിടെ വന്നുപോകുന്ന കൽക്കരി എഞ്ചിനുള്ള തീവണ്ടി, രണ്ടുനിലകളുള്ള ഒരാശുപത്രി, അവിടെ പ്രസവങ്ങൾ നടന്നിരുന്നു, എപ്പോഴും ആശുപത്രിയിൽ തിരക്കുമുണ്ടായിരുന്നു ഇതൊക്കെയാണ് തൻ്റെ ജന്മനാടിനെപ്പറ്റി ഗീതയുടെ ഓർമ്മകളിൽ അവശേഷിക്കുന്ന നേരിയ ചിത്രങ്ങൾ. ആരെങ്കിലും ഓർക്കുന്നുവോ ഈ ബാലികയെ ?

സൽമാൻ ഖാൻ അഭിനയിച്ച ‘ബജ്‌രംഗീ ഭായിജാൻ’ എന്ന ചിത്രത്തിലെ പാക്കിസ്ഥാനിലുള്ള മൂകയും ബധിരയുമായ പെൺകുട്ടി തൻ്റെ ഇന്ത്യയിലുള്ള മാതാവിനെ കണ്ടെത്തുന്ന ചിത്രമാണ് ഗീതയുടെ ജീവിതകഥ ലോകത്തിനുമുന്നിൽ തുറക്കപ്പെട്ടത്.

മൂകയും ബധിരയുമായ ഗീത 2000 മാണ്ടിൽ അബദ്ധവശാൽ സംജോത എക്സ്പ്രസ്സിൽ യാത്രചെയ്ത് പാക്കിസ്ഥാനിലെത്തുകയായിരുന്നു. ഗീതയ്ക്ക് അന്ന് 7 – 8 വയസ്സ് പ്രായമുണ്ടായിരുന്നെന്ന് കണക്കാക്കുന്നു. ലാഹോർ സ്റ്റേഷനിൽ സ്ഥലം തെറ്റിയെത്തി ഒറ്റയ്ക്ക് ട്രെയിനിലിരുന്നു കരഞ്ഞ ഗീതയെ ലാഹോറിലെ Edhi Foundation ആണ് ദത്തെടുത്തു വളർത്തിയത്.

വർഷങ്ങൾ കടന്നകന്നപ്പോൾ 2015 ൽ ഗീതയുടെ ദുഃഖകഥ കേട്ടറിഞ്ഞ അന്നത്തെ ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ശ്രമഫലമായി അവളെ 2015 ൽ ഇന്ത്യയിലേക്ക് കൂട്ടിക്കൊണ്ടുവന്നു. സുഷമാ സ്വരാജ് അവൾക്ക് “ഹിന്ദുസ്ഥാൻ കി ബേട്ടി” (ഇന്ത്യയുടെ മകൾ) എന്ന് പേരിടുകയും മദ്ധ്യപ്രദേശിലെ ഇൻഡോറിലുള്ള ആനന്ദ് സർവീസ് സൊസൈറ്റി എന്ന എന്‍ജിഒയെ അവളുടെ സംരക്ഷണച്ചുമതല ഏൽപ്പിക്കുകയും ചെയ്തു. ഇന്ന് ഗീതയ്ക്ക് ഏകദേശം 27 – 28 വയസ്സ് പ്രായമുണ്ട്.

ഗീതയുടെ മാതാപിതാക്കളെ കണ്ടെത്താൻ കഴിഞ്ഞ 5 വർഷമായി എല്ലാവരും ശ്രമിക്കുകയാണ്. സുഷമ സ്വരാജ് ജീവിച്ചിരുന്നപ്പോൾ ഗീതയുടെ വിവാഹം നടത്താൻ ശ്രമിച്ചിരുന്നെങ്കിലും അവളുടെ എതിർപ്പുമൂലം അത് നടന്നില്ല. തൻ്റെ മാതാപിതാക്കളെ കണ്ടെത്തിയശേഷം മതി വിവാഹമെന്ന നിലപാടിലാണ് അന്നുമിന്നും ഗീത. സൈൻ ലാംഗ്‌വേജ് വഴിയാണ് ഗീതയുടെ ആശയവിനിമയമെല്ലാം.

ഗീതയുടെ മാതാപിതാക്കളെ കണ്ടെത്താൻ സുഷമാ സ്വരാജുൾപ്പെടെ നിരവധി പ്രമുഖർ പല തലങ്ങളിൽ ശ്രമിച്ചിരുന്നു. പത്രദൃശ്യമാദ്ധ്യമങ്ങളിൽ അവളെപ്പറ്റിയുള്ള വാർത്തകളും വിവരങ്ങളും പല തവണ പ്രസിദ്ധപ്പെടുത്തി. ഗീതയുടെ മാതാപിതാക്കളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം രൂപ കേന്ദ്രസർക്കാർ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

സുഷമാ സ്വരാജ് മരിച്ചതോടുകൂടി ഗീത ഒറ്റപ്പെട്ടു. എങ്കിലും ആനന്ദ് സർവീസ് സൊസൈറ്റിയിലെ ഗ്യാനേന്ദ്ര, മോണിക്ക പുരോഹിത് എന്നിവർ അവളുമായി പല സംസ്ഥാനങ്ങളും കാറിൽ യാത്ര ചെയ്യുകയാണ്. ജനിച്ച നാടും മാതാപിതാക്കളെയും കണ്ടെത്തുക എന്നതാണ് ലക്ഷ്യം. കോവിഡ് കാലമായതിനാൽ കഴിഞ്ഞ 8 മാസക്കാലം തിരച്ചിൽ നടക്കാതെപോയി.

ഒരു നദി, നദിക്കരയിൽ ഒരു അമ്പലം, നദിക്കു കുറുകെ കൈവരികളുള്ള ഒരു പാലം, അടുത്തായി റെയിൽവേ സ്റ്റേഷൻ, അവിടെ വന്നുപോകുന്ന കൽക്കരി എഞ്ചിനുള്ള തീവണ്ടി, രണ്ടുനിലകളുള്ള ഒരാശുപത്രി, അവിടെ പ്രസവം നടക്കുമായിരുന്നു, ഇപ്പോഴും ആശുപത്രിയിൽ തിരക്കുമുണ്ടായിരുന്നു ഇതൊക്കെയാണ് തൻ്റെ ജന്മനാടിനെപ്പറ്റി ഗീതയുടെ ഓർമ്മകളിൽ അവശേഷിക്കുന്നവ. തങ്ങളുടെ കൃഷിസ്ഥലത്ത് നെല്ലും, കരിമ്പും, കപ്പലണ്ടിയും കൃഷിചെയ്തിരുന്നതും ഗീത ഓർക്കുന്നുണ്ട്.

തീവണ്ടികളെപ്പറ്റി അമ്മ പകർന്നുതന്ന അറിവുകളും അമ്മയുടെ മുഖം പോലെതന്നെ അവൾക്ക് നേരിയ ഓർമ്മയുണ്ട്. അമ്മയെപ്പറ്റി ഓർക്കുമ്പോൾ ആ കണ്ണുകളിൽ താനേ നനവൂറുക പതിവാണ്.

ഗീതയുടെ മാതാപിതാക്കളെത്തേടിയുള്ള പ്രയാണം ഇപ്പോഴും തുടരുന്നു. ഗീതയുമായി ഗ്യാനേന്ദ്രയും മോണിക്ക പുരോഹിതും മഹാരാഷ്ട്ര, ഛത്തീസ്‌ ഗഡ്‌, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ പല ഗ്രാമങ്ങളും സന്ദർശിച്ചു. നദിയും അമ്പലവും വയലുകളും കാണുമ്പോൾ ഗീതയുടെ മുഖത്തൊരു പ്രത്യേക പ്രസന്ന ഭാവമാണ് ഉരുത്തിരിയുന്നത്.

അവൾ അവിടെയെല്ലാമിറങ്ങി എന്തൊക്കെയോ തിരഞ്ഞശേഷം നിരാശയോടെ മടങ്ങുന്നു. വയലേലകളിൽ ജോലിചെയ്യുന്ന മുതിർന്ന സ്ത്രീകളെക്കണ്ടാൽ അവർ വണ്ടിനിർത്താൻ ആവശ്യപ്പെടും അക്കൂട്ടത്തിൽ തൻ്റെ അമ്മയുടെ മുഖം അവൾ അടുത്തുചെന്ന് സൂക്ഷ്മമായി പരതുക പതിവാണ്.

ആന്ധ്രാ, തമിഴ് നാട് എന്നീ സംസ്ഥാനങ്ങളിലും ഗീത തൻ്റെ വേരുകൾ തേടിയെത്തുന്നുണ്ട്. ദിവസം മുഴുവനുള്ള തിരച്ചിലിനൊടുവിൽ ദുഖാർത്തയായി പലപ്പോഴും കണ്ണീർവാർക്കുന്ന ഗീതയെ സമാശ്വസിപ്പിക്കാൻ ഗ്യാനേന്ദ്രയും മോണിക്ക പുരോഹിതും വളരെ പണിപ്പെടാറുണ്ട്. കുടുംബവേരുകൾ തേടിയുള്ള ഗീതയുടെ അന്വേഷണം എങ്ങുമെത്താത്തതിൽ പലപ്പോഴും കടുത്ത നിരാശ അവളുടെ മുഖത്തു കാണപ്പെടുന്നുമുണ്ട്.

ഗീത പറഞ്ഞ വസ്തുതകൾ വച്ച് നടത്തിയ വിശകലനത്തിൽ അവളുടെ ജന്മഗ്രാമം മഹാരാഷ്ട്രയുടെ ഏതെങ്കിലും തെക്കൻ അതിർത്തിഗ്രാമമാകാനാണ് സാദ്ധ്യതയെന്ന നിഗമനത്താൽ ഇനി ഏതാനും ദിവസങ്ങൾ തിരച്ചിൽ ആ വഴിക്ക് നീങ്ങാനാണ് പദ്ധതിയിടുന്നത്.

20 വർഷക്കാലം കൊണ്ട് നാടാകെ മാറിയിരിക്കാം. നദിയും പാലവും കെട്ടിടങ്ങൾക്കുമൊക്കെ രൂപമാറ്റം പലതും സംഭവിച്ചുകാണും. കുടുംബം തന്നെ അവിടെനിന്നും മാറിപ്പോയിരിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല. അത്തരമൊരു സാഹചര്യത്തിൽ തൻ്റെ പ്രിയപ്പെട്ട അമ്മയുടെ അവ്യക്തമായ മുഖവും ഗ്രാമത്തിന്റെ ഏകദേശചിത്രവും മനസ്സിൽപ്പേറിയുള്ള ഗീതയുടെ പ്രയാണം ലക്ഷ്യത്തിലെത്തുമോ എന്നതാണ് പ്രസക്തമായ ചോദ്യം ?

×