മ്യൂണിക്ക്: ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സഹോദരൻ മോൺ. ജോർജ് റാറ്റ്‌സിംഗർ (96) ജർമനിയിൽ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളാൽ റേഗൻസ്ബർഗിലെ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗബാധിതനായ സഹോദരനെ കാണാൻ വേണ്ടി മാർപാപ്പ ബെനഡിക്ട് പതിനാറാമൻ കഴിഞ്ഞദിവസം ജർമനിയിലെ റിഗൻസ് ബർഗിൽ പോയിരുന്നു.
പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ജോസഫ് റാറ്റ്‌സിംഗർ (സീനിയർ)- മരിയ റാറ്റ്‌സിംഗർ ദമ്പതികളുടെ മൂത്ത പുത്രനായി 1924 ജനുവരി 15നാണ് ജോർജ് റാറ്റ്‌സിംഗർ ജനിച്ചത്. റാറ്റ്‌സിംഗർ കുടുംബത്തിൽ ഇനി അവശേഷിക്കുന്നത് ബെനഡിക്ട് പതിനാറാമൻ എന്ന ജോസഫ് റാറ്റ്‌സിംഗർ മാത്രമാണ്. സഹോദരി മരിയ നേരത്തേ മരിച്ചു. മാർപാപ്പയും സഹോദരൻ ജോർജ്ജും ഒരേ ദിവസമാണ് പൗരോഹിത്യം സ്വീകരിച്ചത്. 1924 ജനുവരിയിൽ ജനിച്ച ജോർജ് 1935 ആണ് മൈനർ സെമിനാരിയിൽ ചേരുന്നത്.
ദേവാലയ സംഗീതത്തിലും പിയാനോ വായന വളരെ കഴിവുള്ള ആളായിരുന്നു ജോർജ്. ഏകദേശം 1964 മുതൽ 1994 വരെ റിഗൻസ് ബർഗ് കത്തീഡ്രൽ ദേവാലയത്തിലെ ഗായകസംഘ ഡയറക്ടർ ആയിരുന്നു അദ്ദേഹം. ലോകത്തിലെ പല ഭാഗങ്ങളും ദേവാല സംഗീത കച്ചേരികൾ അദ്ദേഹം നടത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ലോകത്തെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി ആയിര ത്തിലേറെ സംഗീത പരിപാടികൾ അവതരിപ്പിച്ചു. ബെനഡിക്ട് പതിനാറാമന്റെ സംഗീതാഭിരുചി തന്നിൽനിന്നു പകർന്നതായിരിക്കാമെന്ന് ജോർജ് പറഞ്ഞിട്ടുണ്ട്. ബെനഡിക്ട് പിതാവിനെ മാർപാപ്പയായി തിരഞ്ഞെടുത്തപ്പോൾ മുതൽ പലതവണ റോമിൽ വന്ന് മാർപാപ്പയെ സന്ദർശിച്ചിട്ടുണ്ട്.
ഇറ്റലിയിലെ ലാസിയോ പ്രവിശ്യ മോൺ. ജോർജിന് 2008 ൽ ഇറ്റാലിയൻ പൗരത്വം നൽകി ആദരിച്ചിട്ടുണ്ട്. 1967ലാണ് വൈദികനായിരുന്ന ജോർജിനെ മോൺസിഞ്ഞോർ പദവിയിലേക്ക് ഉയർത്തുന്നത്. കഴിഞ്ഞ തിരുഹൃദയ തിരുനാൾ ദിവസം ബെനഡിക്ട് പാപ്പയും സഹോദരൻ മോൺ ജോർജ്ജും ഒരുമിച്ച് വിശുദ്ധ ബലിയർപ്പിച്ച് പ്രാർത്ഥിച്ചിരുന്നു.