കൊറോണ വൈറസ് അതീവ അപകടകാരിയാണെന്ന സത്യവും വുഹാനിലെ സ്ഥിതിയും മറച്ചുവച്ചു. ചൈനയോട് 12 ലക്ഷം കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് ജർമ്മനി നോട്ടീസ് അയച്ചു !

പ്രകാശ് നായര്‍ മേലില
Monday, April 20, 2020

കൊറോണ വൈറസ് പകർന്നതുമായി ബന്ധപ്പെട്ട് അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ആസ്‌ത്രേലിയ , ജപ്പാൻ എന്നീ രാജ്യങ്ങൾ ചൈനക്കെതിരേ അതീവഗുരുതര ആരോപണങ്ങളുന്നയിച്ചതിനു പിന്നാലെ ജർമ്മനി  കോവിഡ് 19 മൂലം തങ്ങൾക്കുണ്ടായ കഷ്ടനഷ്ടങ്ങൾക്ക് പരിഹാരമായി 149 ബില്യണ്‍ യൂറോ [ ഇന്ത്യൻ രൂപയിൽ 12 ലക്ഷം കോടി ] നഷ്ടപരിഹാരമായി ആവശ്യപ്പെട്ട് ഇന്ന് ചൈനയ്ക്ക് വിശദമായ ബിൽ അയച്ചു.

ഇത് ആദ്യഘട്ട ഏകദേശ വിലയിരുത്തലാണെന്നും വിശദമായ കണക്കെടുപ്പിനുശേഷം കൃത്യമായ നഷ്ടപരിഹാരം വീണ്ടും സമർപ്പിക്കുമെന്നും ജർമ്മൻ സർക്കാർ വ്യക്തമാക്കി. ജർമ്മനിയിലെ ഏറ്റവും വലിയ പത്രമായ Build ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ചൈന ഇപ്പോൾ 149 ബില്യണ്‍ യൂറോയ്ക്ക് ജർമ്മനിക്ക് കടക്കാരാണെന്നാണ്.

ജർമ്മനിയിൽ ഇതുവരെ കോവിഡ് ബാധിച്ചവർ 1.45 ലക്ഷവും മരണം 4642 പേരുമാണ്. ഇതുവരെയുള്ള നഷ്ടപരിഹാര കണക്കാണ് ചൈനക്കവർ നൽകിയിരിക്കുന്നത്.

ഇതിൽ ടൂറിസം റവന്യു, സിനിമാ മേഖല, ജർമ്മൻ എയർലൈൻസ് കമ്പനികൾ കൂടാതെ ജർമ്മനിയിലെ ചെറുകിട വ്യവസായ യൂണിറ്റുകൾ എന്നിവയ്ക്കുണ്ടായ നഷ്ടങ്ങളും ഒപ്പം ഓരോ വ്യക്തിക്കും 1784 യൂറോയും കൂടി നഷ്ടപരിഹാരത്തിൽ ചേർത്തിട്ടുണ്ട്. ജർമ്മനിയുടെ GDP 4.2 % താഴ്ന്നതിൻ പ്രകാരമാണിത്.

ജർമ്മനിയുടെ ആരോപണത്തിൽ ” മിസ്റ്റർ ഷീ ജിൻപിങ്, കൊറോണ വൈറസ് അതീവ അപകടകാരിയാണെന്ന സത്യം നിങ്ങളുടെ സർക്കാരും ശാസ്ത്രജ്ഞരും വളരെ മുൻപ് തന്നെ അറിഞ്ഞിരുന്നതാണ്. എന്നാൽ നിങ്ങളത് ലോകത്തുനിന്നൊളിച്ചുവച്ചു.

പടിഞ്ഞാറൻ രാജ്യങ്ങളിലെ ശാസ്ത്രജ്ഞർ വുഹാനിലെ സ്ഥിതിയെപ്പറ്റി അന്വേഷിച്ചപ്പോൾ നിങ്ങളൊരു മറുപടിയും തന്നില്ല. സത്യം വെളിപ്പെടുത്തുന്നത് നിങ്ങളുടെ രാജ്യത്തിന് അപമാനകരമാകുമെന്ന് നിങ്ങൾ കരുതി. അതുകൊണ്ടുതന്നെ ലോകമെമ്പാടുമുണ്ടായ നഷ്ടത്തിന് നിങ്ങൾ ഉത്തരവാദികളാണ് ” എന്നാണ് കുറ്റപ്പെടുത്തിയിരിക്കുന്നത്.

×