നിങ്ങള്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന ‘പുതിയ ഇന്ത്യ’ കൈയ്യില്‍ വച്ചുകൊള്ളുക ;  സമാധാനവും സാംസ്‌കാരിക വൈവിധ്യവുമുള്ള ആ പഴയ ഇന്ത്യയെ ജനങ്ങള്‍ക്ക് തിരികെ നല്‍കുക’: ബി.ജെ.പിയോട്  ഗുലാം നബി ആസാദ്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, June 25, 2019

ഡല്‍ഹി : ജാര്‍ഖണ്ഡ് ആള്‍കൂട്ട കൊലപാതകങ്ങളുടെയും ആക്രമണങ്ങളുടെയും ഫാക്ടറിയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് രാജ്യസഭയില്‍. രാജ്യത്ത് എല്ലാ ആഴ്ചയും മുസ്‌ലീംങ്ങളും ദലിതുകളും കൊല്ലപ്പെടുകയാണെന്നും ഗുലാം നബി ആസാദ് പറഞ്ഞു. ആള്‍ക്കൂട്ട കൊലപാതകം രാജ്യസഭയില്‍ ഉന്നയിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ഭരണകക്ഷിയായ ബി.ജെ.പിയോട് നിങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന ‘പുതിയ ഇന്ത്യ’ കൈയ്യില്‍ വച്ച് സമാധാനവും സാംസ്‌കാരിക വൈവിധ്യവുമുള്ള ആ പഴയ ഇന്ത്യയെ ജനങ്ങള്‍ക്ക് തിരികെ നല്‍കാനും ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭാ തെരഞ്ഞെടുപ്പ് റാലികളില്‍ ഉയര്‍ത്തിയ പ്രസാതാവനയായിരുന്നു പുതിയ ഇന്ത്യ നിര്‍മ്മിക്കും എന്നത്.

‘പഴയ ഇന്ത്യയില്‍ വെറുപ്പോ കോപമോ ആള്‍ക്കൂട്ട കൊലപാതകങ്ങളോ ഉണ്ടായിരുന്നില്ല. പുതിയ ഇന്ത്യയില്‍ ജനങ്ങള്‍ പരസ്പരം ശത്രുക്കളായി മാറിക്കൊണ്ടിരിക്കുകയാണ്. നിങ്ങള്‍ക്ക് കാട്ടിലെ വന്യമൃഗങ്ങളെയല്ല പേടിക്കാനുള്ളത്, മറിച്ച് രാജ്യത്തെ മനുഷ്യരെയാണ്. ഹിന്ദുവും മുസ്ലീമും സിഖുകാരും ക്രിസ്ത്യാനികളും ഒന്നിച്ച് ജീവിച്ചിരുന്ന ആ പഴയ ഇന്ത്യയെ ഞങ്ങള്‍ക്ക് തിരികെ തരൂ’, ആസാദ് രാജ്യസഭയില്‍ പറഞ്ഞു.

വര്‍ഗീയ കലാപങ്ങള്‍ രാജ്യത്തുടനീളം ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതാവ് ബി.ജെ.പിയോട് നിങ്ങള്‍ വിഭാവനം ചെയ്യുന്ന പുതിയ ഇന്ത്യയെ കൈയ്യില്‍ വച്ചോളൂ എന്ന പ്രസ്താവന ഉയര്‍ത്തിയത്. പഴയ ഇന്ത്യയില്‍ മുസ് ലീങ്ങളും ദളിതരും അക്രമിക്കപ്പെടുമ്പോള്‍ വേദനിക്കുന്നത് ഹിന്ദുക്കള്‍ക്കുകൂടിയായിരുന്നു. അവര്‍ പരസ്പരം വേദനകളില്‍ കണ്ണീരൊഴുക്കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

×