പള്ളി തിരുന്നാള്‍ എല്ലാ ഇടവകക്കാര്‍ക്കും സന്തോഷം പകരുന്ന ഒന്നാണ്. ഇടവകക്കാര്‍ അവരുടെ കയ്യില്‍ നിന്നും പണം മുടക്കി വലിയ ആഘോഷത്തോടെയാണ് പല പള്ളികളിലും തിരുന്നാള്‍ ആഘോഷിക്കുന്നത്.
എന്നാല്‍ കോവിഡ് കാലത്ത് പല പള്ളികളിലെ തിരുന്നാളാഘോഷവും പേരിന് മാത്രമായി. വലിയ ആഘോഷത്തോടെ നടന്നിരുന്ന തിരുന്നാളുകള്‍ പലതും ആളുകളില്ലാതെ ആഘോഷിക്കുന്നതും കണ്ടു.
പക്ഷേ തൃശൂരിലെ ഒരു പള്ളിയില്‍ കോവിഡ് കാലത്ത് തിരുന്നാളാഘോഷിക്കാന്‍ പള്ളിയില്‍ നിന്നും ഇടവകയിലെ എല്ലാ ആളുകള്‍ക്കും പണം നല്‍കിയ സംഭവം ഞെട്ടലോടെയാണ് വിശ്വാസികള്‍ കണ്ടത്.
തൃശ്ശൂര്‍ അതിരൂപതയിലെ കോലഴി സെന്റ് ബനഡിക്റ്റ് പള്ളിയിലാണ് സംഭവം. പെരുന്നാള്‍ കൊടിയേറ്റിന് മുന്നോടിയായി പതിവിനു വിപരീതമായി പള്ളി കമ്മിറ്റിക്കാര്‍ എല്ലാ വീടുകളിലും കയറിയിറങ്ങി പെരുന്നാള്‍ സപ്ലിമെന്റ്, കൂടെ സീല്‍ ചെയ്ത ഒരു കവറും കൊടുത്തു.
കവര്‍ കിട്ടിയ വിശ്വാസികള്‍ ഓര്‍ത്തത് സംഭാവന കൊടുക്കാനുള്ളതാകുമെന്നാണ്. എന്നാല്‍ കവര്‍ തുറന്ന വിശ്വാസികള്‍ ഞെട്ടി. കവറിനുള്ളില്‍ 501 രൂപയും ഒരു കത്തും. അതില്‍ പള്ളി വികാരിയുടെ പേരുപോലും വെച്ചിട്ടില്ല.
സംശയനിവാരണത്തിനായി പലരും പള്ളിക്കമ്മറ്റിക്കാരെ വിളിച്ചതോടെയാണ് സംഗതി അറിഞ്ഞത്. എല്ലാവര്‍ക്കും പൈസക്ക് ബുദ്ധിമുട്ടായ കാലമായതുകൊണ്ട്, പെരുന്നാള്‍ ആഘോഷിക്കാനായി, പള്ളി തരുന്ന ഒരു ചെറിയ സംഭാവനയാണ് ഇതെന്ന്.
ഒരുപക്ഷേ കേരളത്തിലെ ആദ്യത്തെ സംഭവമാകും ഇതെന്നാണ് വിശ്വാസികളുടെ പക്ഷം. പള്ളിക്കമ്മറ്റിയുടെ പിന്തുണയോടെയാണ് കോലഴി സെന്റ്. ബനഡിക്റ്റ് പള്ളി വികാരിയുടെ ഈ വിപ്ലവകരമായ തീരുമാനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us