ഗ്രോബാഗില്‍ രണ്ടു തട്ടുകളായി നടാം: ഇഞ്ചിക്കൃഷിയില്‍ ഇരട്ടി വിളവ് നേടാം

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, June 1, 2020

രുചികരമായ വിഭവങ്ങള്‍ തയാറാക്കാന്‍ ഇഞ്ചി നിര്‍ബന്ധമാണു നമുക്ക്. ഒരേ സമയം സുഗന്ധവ്യജ്ഞനവും ഔഷധവുമാണ് ഇഞ്ചി. വലിയ തോതില്‍ കീടനാശിനികളാണ് കര്‍ണാടക അടക്കമുള്ള ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഇഞ്ചിയില്‍ പ്രയോഗിക്കുന്നത്. ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ പിടിപെടാന്‍ ഇത്തരം ഇഞ്ചി ഉപയോഗിക്കുന്നത് കാരണമാകും. അടുക്കളത്തോട്ടത്തില്‍ കുറച്ച് ഇഞ്ചി കൃഷി ചെയ്താല്‍ ഒരു കുടുംബത്തിനു വേണ്ട ഇഞ്ചി സുലഭമായി ലഭിക്കും. സ്ഥല പരിമിതിയുള്ളവര്‍ക്ക് ഗ്രോ ബാഗിലും ഇഞ്ചി നടാം. നാലോ അഞ്ചോ ഗ്രോബാഗിലോ ചാക്കിലോ ഇഞ്ചി നട്ടാല്‍ ഒരു കുടുംബത്തിന് ഒരു വര്‍ഷത്തേയ്ക്ക് വേണ്ടതു ലഭിക്കും.

ഇഞ്ചി നടാന്‍ പറ്റിയ സമയം

കേരളത്തില്‍ എല്ലായിടത്തും ഇതിനോടകം തന്നെ ഒന്നോ രണ്ടോ മഴ ലഭിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇഞ്ചി, മഞ്ഞള്‍ എന്നിവ നടാന്‍ പറ്റിയ സമയമാണിപ്പോള്‍. അടുക്കളത്തോട്ടത്തില്‍ സ്ഥലം ഉള്ളവര്‍ക്ക് ചെറു തടങ്ങളെടുത്ത് ഉണങ്ങിയ ചാണകപ്പൊടിയും ചേര്‍ത്ത് ഇഞ്ചി നടാം. സ്ഥലമില്ലാത്തവര്‍ക്ക് ചാക്ക്, ഗ്രോബാഗ് എന്നിവയില്‍ എന്നിവയില്‍ കൃഷി ചെയ്ത് മികച്ച വിളവ് നേടാം. ഗ്രോബാഗ്, ചാക്ക് എന്നിവയില്‍ ഇഞ്ചി കൃഷി ചെയ്യുന്ന രീതി നോക്കാം.

ഗ്രോബാഗ് തയാറാക്കല്‍

താഴെ പറയുന്ന നടീല്‍ മിശ്രീതം കൊണ്ട് അഞ്ചോ ആറോ ഗ്രോബാഗുകള്‍ തയാറാക്കാം. ഒരു കുടുംബത്തിലേക്കുള്ള ഇഞ്ചി ലഭിക്കാന്‍ ഇതു ധാരാളമാണ്.

1. രണ്ട് കൊട്ട മേല്‍ മണ്ണ്.
2. രണ്ട് കൊട്ട ചകിരിച്ചോര്‍.
3. ഒരു കൊട്ട ചാണകപ്പൊടി (ഉണങ്ങിയത് )
4. ഒരു കിലോ എല്ല് പൊടി
5. രണ്ടു കിലോ വേപ്പിന്‍ പിണ്ണാക്ക്
6. നൂറ് ഗ്രാം ഡൈകോടെര്‍മ

നടുന്ന രീതി

ഇവയെല്ലാം കൂടി നന്നായി കൂട്ടിക്കലര്‍ത്തി ഗ്രോ ബാഗ്/ ചാക്ക് എന്നിവയുടെ അന്‍പത് ശതമാനം നിറയ്ക്കണം. അതിനു ശേഷം നാല്‍പ്പതു ഗ്രാം തൂക്കമുള്ള മുള വന്ന വിത്ത് ഇഞ്ചി ബാഗിന്റെ നടുവില്‍ നിന്ന് അല്‍പ്പം മാറ്റി നടാം. ഇതിന് മുകളിലേയ്ക്ക് അല്‍പ്പം നടീല്‍ മിശ്രിതം വിതറണം. അതിന് ശേഷം വീണ്ടും ഒരു കഷ്ണം മുളവന്ന ഇഞ്ചി നടുവില്‍ നിന്ന് അല്‍പ്പം മാറ്റി നേരത്തെ നട്ടതിന്റെ എതിര്‍വശത്ത് നടുക. ഇതിനു ശേഷം അല്‍പ്പം നടീല്‍ മിശ്രിതം വിതറണം. ഇഞ്ചി മുളച്ചു വരുന്നത് വരെ ഉണങ്ങിയ കരിയിലകൊണ്ട് മുടുന്നത് നല്ലതാണ്. ഈ രീതിയില്‍ നന്നായി പരിപാലിച്ചാല്‍ രണ്ട് തട്ടുകളായി ഗ്രോബാഗ് നിറയെ ഇഞ്ചിയുണ്ടാകും.

വളപ്രയോഗം

പച്ച ചാണകം പുളിപ്പിച്ചത്, പച്ചില കമ്പോസ്റ്റ് എന്നിവ ഇഞ്ചിയുടെ വളര്‍ച്ചാഘട്ടങ്ങളില്‍ നല്‍കാം. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് എന്നീ മാസങ്ങളാണ് ഇഞ്ചിയുടെ വളര്‍ച്ചയുടെ പ്രധാന കാലയളവ്. ഈ സമയങ്ങളില്‍ വളപ്രയോഗം കാര്യക്ഷമമാക്കണം. പെട്ടന്ന് അലിയുന്ന പച്ചിലകള്‍ അരിഞ്ഞിട്ട് അതിന് മുകളില്‍ പച്ചച്ചാണക കുഴമ്പ് ഒഴിക്കണം. ഇങ്ങനെ ഒന്നു രണ്ടു തവണ ആവര്‍ത്തിക്കാം. ഒരു തവണ അല്‍പ്പം വെണ്ണീര് (മുരട്ടില്‍ നിന്ന് അല്‍പ്പം മാറ്റി) നല്‍കുന്നത് ഇഞ്ചിക്ക് തൂക്കവും വലുപ്പവും വെക്കാന്‍ സഹായിക്കും.

ഇപ്പോള്‍ നട്ടാല്‍ ഒക്‌റ്റോബര്‍ മാസത്തോടെ അടുക്കളയിലേയ്ക്ക് ആവശ്യത്തിന് ഇഞ്ചി പറിച്ചു തുടങ്ങാം. ഇങ്ങനെ ജൈവ രീതിയിലുള്ള വളപ്രയോഗവും വേണ്ട പരിപാലനവും കൊടുത്താല്‍ ഒരു ബാഗില്‍ നിന്നു രണ്ട് കിലോയില്‍ കൂടുതല്‍ വിളവ് ലഭിക്കും. ഒക്‌റ്റോബര്‍ – നവംബര്‍ ഗ്രോബാഗിലെ ഇഞ്ചി വിളവെടുക്കാനാവും. ഒരുമിച്ച് വിളവെടുക്കാതെ ആവിശ്യമുള്ളപ്പോള്‍ അടര്‍ത്തിയെടുത്താലും മതി.

×