ഡിപ്ലോമാറ്റിക് ലീഡർഷിപ്പ്, ലോക നിലവാരത്തിൽ ആശയ വിനിമയം, അന്താരാഷ്ട്ര അനുഭങ്ങള്‍, രാഷ്ട്രീയ ഭാവന – ശശി തരൂരിനേപ്പോലെ ഇത്രയും ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒരു നേതാവ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വേറെയില്ല. ഭാവിയിൽ കേരളത്തെ നയിക്കാന്‍ പ്രാപ്‌തിയുള്ളൊരാൾ – തരൂരിന്റെ ഗുണങ്ങള്‍ എണ്ണിപ്പറഞ്ഞു GCAP മുന്‍ ചെയർമാൻ ജെ എസ് അടൂരിന്‍റെ ലേഖനം

സത്യം ഡെസ്ക്
Sunday, April 5, 2020

ഒരാളുടെ നേതൃത്വഗുണ വിശകലനം ഒരാൾ വഹിക്കുന്ന പദവികൾക്കും പാർട്ടികൾക്കും രാഷ്ട്രീയത്തിനുമൊക്കെ ഉപരിയായി വിശകലനം ചെയ്യാമെന്നാണ് കരുതുന്നത്.

ഒരാളുടെ നേതൃത്വ ഗുണങ്ങളെ പോസിറ്റീവ് ആയും നെഗേറ്റീവ് ആയും കാണാം. അത് കാഴ്ചക്കാരുടെ മനസ്ഥിതിയും കാഴ്ചപ്പാടും അനുസരിച്ചിരിക്കും. ഞാൻ ഏതൊരാളുടെയും പോസിറ്റീവ് വശങ്ങളാണ് കൂടുതൽ കാണുന്നത് .

ഒരാൾ എന്ത് കൊണ്ട് നേതൃത്വ സ്ഥാനത്തു എത്തിയെന്നാണ് ആലോചിക്കുന്നത്. അത് കൊണ്ട് തന്നെ പാർട്ടി രാഷ്ട്രീയ ലെൻസിൽ കൂടെ നോക്കില്ല. വ്യക്തി വിരോധവും അസൂയയും ഇല്ലാത്തതു കൊണ്ട് ആ ലെൻസില്ല.

ശശി തരൂരിനെ അദ്ദേഹം യൂ എന്നിൽ ആയിരിക്കുമ്പോൾ തന്നെ അറിയാം. ഞാൻ ഗ്ലോബൽ കോൾ റ്റു ആക്ഷൻ എഗൈന്‍സ്റ്റ്‌  പോവെർട്ടി ( GCAP ) യുടെ ചെയർപേഴ്‌സൻ  എന്ന നിലയിലാണ് ശശി തരൂരിനെ ന്യൂയോർക്കിൽ വച്ച് പതിനഞ്ചുകൊല്ലം മുമ്പ് പരിചയപ്പെട്ടത്. പിന്നീട് സുഹൃത്തായി.

അത് കൊണ്ട് ശശിയെ പലപ്പോഴും നേരിട്ട് വീക്ഷിക്കാൻ അവസരമുണ്ടായിട്ടുണ്ട്. അടുത്തു നിന്ന്.

ശശി തരൂരിൽ കണ്ട നേതൃത്വ ഗുണങ്ങൾ

1. ലോക നിലവാരത്തിൽ ആശയ വിനിമയം വളരെ കാര്യ പ്രാപ്‍തിയോടുകൂടി നടത്താൻ ശശി തരൂരിനെ പോലെ കഴിവുള്ളവർ ഇന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉണ്ടോ എന്ന് സംശയമാണ്. ഇഗ്ളീഷ്, ഫ്രഞ്ച്, സ്പാനീഷ് ഭാഷകളും, അതുപോലെ ഹിന്ദി, ബംഗ്ലാ, തമിഴ്, മലയാള ഭാഷകളിലും  സംവേദിക്കുവാൻ പ്രാപ്തിയുള്ളവർ വളരെ ചുരുക്കമാണ് എന്നുള്ളതാണ് ശശിയെ ഒന്നാന്തരം കമ്മ്യുണിക്കേറ്ററാക്കുന്നത്.

ഭാഷയും സ്വരവും ശരീര ഭാഷയും സന്നിവേശിപ്പിച്ചു പ്രസംഗിക്കുന്നവർ കേരള രാഷ്ട്രീയത്തിലും ഇന്ത്യൻ രാഷ്ട്രീയത്തിലും കുറവാണ്. അത് പോലെ മാധ്യമങ്ങളെയും നവ മാധ്യമങ്ങളെയും എങ്ങനെ ഉപയോഗിക്കണം എന്നറിയാവുന്ന സ്ട്രാറ്റജിക് കമ്മ്യുണിക്കേഷൻ സ്‌കിൽ.

2. അന്താരാഷ്ട്ര അനുഭങ്ങളും, യു എൻ സിസ്റ്റത്തിൽ നേതൃത്വ പരിചയവും, അറിവും വിജ്ഞാവും, പോളിസി വിജ്ഞാന അനുഭവ പരിചയവുമാണ് അദ്ദേഹത്ത knowledge leadership എന്ന തലത്തിലേക്ക് ഉയർത്തുന്നത്. നിരന്തരം വായിക്കുകയും പഠിക്കുകയും എഴുതുകയും ചെയ്യുന്ന ശശി തരൂർ ഇന്ത്യൻ രാഷ്ട്രീയത്തിലെ അപൂർവം ഇന്റലക്ചുൽ ലീഡർഷിപ് പ്രാപ്‌തിയുള്ളയാളാണ്.

3. സാധാരണയിൽ കവിഞ്ഞ പൊളിറ്റിക്കൽ -പോളിസി വിഷൻ ഉള്ളയാളാണ്.

4. വളരെ നന്നായി ഗൃഹപാഠം ചെയ്യുന്നയാളാണ്. അത് പലപ്പോഴും നേരിൽ കണ്ടിട്ടുണ്ട്. ഞാനും സുഹൃത്തും കൂടിഎഴുതിയ ‘ Future of Development Cooperation ‘ എന്ന പുസ്തകം ഡൽഹി കോൺസ്റ്റിട്യൂഷൻ ക്ലബ്ബിൽ വച്ച് കേരളത്തിൽനിന്നും  ഉൾപ്പെടെയുള്ള മുപ്പത് എം പി മാരും വേറെ ഒരുപാട് പേരുമുള്ള വേദിയിൽ ആ പുസ്തകം പ്രകാശനം ചെയ്ത തരൂർ അത് മുഴുവൻ വായിച്ചു ഒന്നാം തരം റിവ്യൂവാണ് പറഞ്ഞത്. അങ്ങനെയുള്ള രാഷ്ട്രീയ നേതാക്കളെ വിരലിൽ എണ്ണാം.

5. ചെറുപ്പക്കാരെ പ്രചോദിപ്പിക്കുവാൻ ഉള്ള കഴിവ്. ചെറുപ്പക്കാർക്ക് നേരിട്ട് പോയി പരിചയപെട്ടാൽ അവർക്ക് സഹായവും സമയവും കൊടുക്കുന്നയാൾ. അത് കൊണ്ടാണ് നൂറു  കണക്കിന് ചെറുപ്പക്കാർ രാഷ്ട്രീയത്തിന് അപ്പുറമായി കൂടെയുള്ളത്. മനുപിള്ളയെപോലുള്ളവരൊക്കെ ശശിയുടെ ഗൈഡൻസ് കിട്ടിയ എഴുത്തുകാരാണ്.

6. രാഷ്ട്രീയ ഭാവന. പൊളിറ്റിക്കൽ ഇമാജിനേഷൻ രാഷ്ട്രീയത്തിൽ വലിയ നേതൃത്വ ഗുണമാണ്. അത് എപ്പോൾ എന്ത് ചെയ്യണം എന്ന തിരിച്ചറിവാണ് . അത് കൊണ്ടാണ് എം പി ഫണ്ട് ഉപയോഗിച്ച കോവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റ് കേരളത്തിൽ കൊണ്ട് വന്നത്.

7. ഡിപ്ലോമാറ്റിക് ലീഡർഷിപ്പ്. രാഷ്രീയ ഭേദമെന്യേ എല്ലാവരുമായും പോസിറ്റീവ് ആയി സംവേദിക്കുവാനുള്ള കഴിവ്. അത് കൊണ്ടാണ് അദ്ദേഹം പ്രധാനമന്ത്രിക്ക് കൃത്യമായ നിർദേശങ്ങൾ വച്ച് കത്തയച്ചത് . അതുപോലെ മുഖ്യമന്ത്രിക്ക് ഐക്യ ദാർഢ്യം അറിയിച്ചു കത്തയച്ചത്. ഇന്ത്യയിൽ പ്രതുപക്ഷത്തുള്ളവർ സാധാരണ ചെയ്യുന്നത് അല്ല ഇത്.

8. കഠിനാധ്വാനിയും കൃത്യമായ ചിട്ടയും (discipline ) ഉള്ളയാളാണ്. അല്ലെങ്കിൽ എം പി ഉത്തരവാദിതോടൊപ്പം പുസ്തകം എഴുത്തു നടക്കില്ല.

നേതൃത്വ ഗുണങ്ങളോടൊപ്പം പേഴ്സണാലിറ്റിയും പ്രെസൻസും ഒരാളുടെ വ്യക്‌തി പ്രഭാവത്തിനെ ബാധിക്കുന്ന ഘടകമാണ്. അതും ശശി തരൂരിന് അനുകൂല ഘടകമാണ്.

നേരെത്തെ പറഞ്ഞത് പോലെ. എല്ലാ നേതൃത്വ ഗുണങ്ങളും അവസരങ്ങളും സാഹചര്യങ്ങളുടെ സൃഷ്ടിയാണ്. അതേസമയം സാഹചര്യങ്ങളെ പെട്ടന്ന് മനസ്സിലാക്കി തീരുമാനങ്ങൾ എടുത്തു പ്രവർത്തിക്കുവാൻ പ്രാപ്‌തിയുള്ളവരാണ് നേതൃത്തിലേക്ക് ഉയരുന്നത്.

എല്ലാ മനുഷ്യരും അദ്വതീയാരാണ്. Every person is unique. അത് കൊണ്ട് തന്നെ നേതൃത്വ ഗുണങ്ങൾ അവർ വളർന്നു വന്ന സാമൂഹിക -സാംസ്കാരിക -സാമ്പത്തിക പരിസരത്തിന് അനുസരിച്ചു മാറും. ചിലർക്ക് ചില ഗുണങ്ങൾ ഒന്നാംതരമാകുമ്പോൾ ചിലത് മിതമായിരിക്കും.

പല നല്ല ഗുണങ്ങളും കൂടിപ്പോയാൽ അത് വിപരീത ഫലം സൃഷ്ടിക്കും . ‘കാറ്റിൽ ക്ലാസ് ‘ ഉദാഹരണമാണ്. അധികമായാൽ അമൃതും വിഷമം എന്നത് നേതൃത്വ ഗുണങ്ങൾക്കും ബാധകമാണ്.

രാഷ്ട്രീയത്തിൽ ശശി തരൂരിന്റ ഇന്നിങ്സ് തുടങ്ങിട്ടെയുള്ളൂ എന്നാണ് തോന്നുന്നത്. ഇപ്പോൾ അറുപതുകളിലെത്തിയിട്ടെയുള്ളൂ. ഭാവിയിൽ കേരളത്തിന്റ നേതൃത്വത്തില്‍  വരാൻ പ്രാപ്‌തിയുള്ളൊരാൾ.

രചന :  J. S. അടൂർ..

×