ഗാന്ധി ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയുടെ കടുത്ത ആരാധകന്‍ ബാബു ലാല്‍ ചൗരസ്യ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, February 25, 2021


ഭോപ്പാല്‍: ഗാന്ധി ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയുടെ കടുത്ത ആരാധകന്‍ ബാബു ലാല്‍ ചൗരസ്യ കോണ്‍ഗ്രസില്‍ ചേര്‍ന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ഇയാള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

നേരത്തെ കോണ്‍ഗ്രസ് അംഗമായിരുന്ന ചൗരസ്യ പിന്നീട് ഹിന്ദുമഹാസഭയില്‍ ചേര്‍ന്നു. ഗോഡ്‌സെയുടെ സന്ദേശം ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്ത നേതാവാണ് ബാബുലാല്‍.

മുന്‍ മുഖ്യമന്ത്രി കമല്‍നാഥാണ് ബാബുലാലിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്. ബാബുലാലിനെ സ്വീകരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തു. രാജീവ് ഗാന്ധി ഘാതകര്‍ക്ക് രാഹുല്‍ ഗാന്ധി മാപ്പ് നല്‍കിയത് ചൂണ്ടിക്കാട്ടിയാണ് ബാബുലാല്‍ ചൗരസ്യയുടെ കോണ്‍ഗ്രസ് പ്രവേശനത്തെ മധ്യപ്രദേശ് ഘടകം ന്യായീകരിക്കുന്നത്.

ഗോഡ്‌സെയെ ആരാധിച്ചയാള്‍ ഇപ്പോള്‍ ഗാന്ധിയെയും ആരാധിക്കുന്നുവെന്ന് കോണ്‍ഗ്രസ് എംഎല്‍എ പ്രവീണ്‍ പഥക് പറഞ്ഞു. ഗോഡ്‌സെ അനുസ്മരണ പരിപാടിയിലേക്ക് നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് പങ്കെടുത്തതെന്ന് താന്‍ കുടുംബത്തിലേക്ക് തിരിച്ചെത്തിയെന്നും ബാബുലാല്‍ പ്രതികരിച്ചു.

ഗോഡ്‌സെയുടെ അവസാനത്തെ കോടതി പ്രസ്താവന ഒരു ലക്ഷം പേര്‍ക്ക് വിതരണം ചെയ്യുമെന്ന് ബാബുലാല്‍ പ്രതിജ്ഞയെടുത്തത് വലിയ വാര്‍ത്തയായിരുന്നു. ബാബുലാല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെ ബിജെപി പരിഹസിച്ചു.

×