Advertisment

70 മിനിറ്റ് വരെ ഒരു ഗോളിന് പിന്നില്‍ ! തുടര്‍ന്ന് തുടരെ അടിച്ചുകൂട്ടിയത് മൂന്നു ഗോളുകള്‍; കൊല്‍ക്കത്തയില്‍ ചരിത്രം സൃഷ്ടിച്ച് ഗോകുലം കേരള ഐ ലീഗ് ചാമ്പ്യന്‍മാര്‍

New Update

publive-image

Advertisment

കൊല്‍ക്കത്ത: മലയാളി ഫുട്‌ബോള്‍ ആരാധകര്‍ക്ക് പുതു ഉണര്‍വ് സമ്മാനിച്ച് ഐ ലീഗ് കിരീടം സ്വന്തമാക്കി ഗോകുലം കേരള. ആവേശപ്പോരാട്ടത്തില്‍ മണിപ്പൂരില്‍ നിന്നുള്ള കരുത്തരായ ട്രാവു എഫ്‌സിയെ തറപ്പറ്റിച്ചാണ് ഗോകുലത്തിന്റെ കിരീടനേട്ടം. മത്സരത്തിന്റെ 70-ാം മിനിറ്റ് വരെ ഒരു ഗോളിന് പിന്നില്‍ നിന്ന ഗോകുലം പിന്നെ എട്ട് മിനിറ്റിനിടെ മൂന്ന് ഗോളുകളാണ് നേടിയത്.

ഇന്‍ജുറി ടൈമില്‍ ഒരു ഗോളു കൂടി നേടിയാണ് ഗോകുലം ചരിത്രം സൃഷ്ടിച്ചത്. കൊൽക്കത്തയിലെ കെബികെ സ്റ്റേഡിയത്തിൽ ആവേശം വാനോളമുയർന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ഗോകുലം കേരളയുടെ വിജയം.

ഗോകുലത്തിന്റെ രണ്ടാം ദേശീയ കിരീടമാണിത്. നിലവിലെ ഡ്യൂറന്റ് കപ്പ് ചാമ്പ്യന്മാരാണ് ഗോകുലം. ഈ വിജയത്തോടെ എ.എഫ്.സി കപ്പിന് ടീം യോ​ഗ്യത നേടി. ഇരുപത്തിനാലാം മിനിറ്റില്‍ ലീഗ് ടോപ് സ്കോറർ ബിദ്യാസാഗര്‍ സിങ്ങിന്റെ ഗോളില്‍ ട്രാവുവാണ് ആദ്യം മുന്നിലെത്തിയത്.

എഴുപതാം മിനിറ്റിലാണ് ഗോകുലം തിരിച്ചടിച്ചത്. അഫ്ഗാന്‍ താരം ഷെരീഫിന്റെ ഫ്രീകിക്കിലൂടെ. നാലു മിനിറ്റിനുള്ളില്‍ എമില്‍ ബെന്നി ലീഡ് നേടിക്കൊടുത്തു. എഴുത്തിയേഴാം മിനിറ്റില്‍ ഡെന്നിസ് മൂന്നാം ​ഗോൾ നേടി. മത്സരമവസാനിക്കാൻ സെക്കൻഡുകൾ ബാക്കിനിൽക്കേ മുഹമ്മദ് റാഷിദ് ടീമിനായി ​ഗോൾനേട്ടം പൂർത്തിയാക്കി.

വിജയത്തോടെ 29 പോയിന്റുമായാണ് ഗോകുലം ചാംപ്യൻമാരായത്. ഇതേ സമയത്തു നടന്ന മത്സരത്തിൽ പഞ്ചാബ് എഫ്സിയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് വീഴ്ത്തിയ ചർച്ചിൽ ബ്രദേഴ്സിനും 29 പോയിന്റുണ്ടെങ്കിലും ഗോൾവ്യത്യാസത്തിലാണ് ഗോകുലം കിരീടം സ്വന്തമാക്കിയത്. ജയിച്ചാൽ ട്രാവു എഫ്‍സിക്കും കിരീടം നേടാൻ അവസരമുണ്ടായിരുന്നു.

Advertisment