കള്ളന്മാരെ പേടിച്ച് 20 പവൻ സ്വർണ്ണാഭരണങ്ങളും 15000 രൂപയും ആധാർ കാർഡും പറമ്പിൽ കുഴിച്ചിട്ട് വീട്ടമ്മ; കുഴിച്ചിട്ട സ്ഥലം മറന്നതിനാൽ പണിയായത് പൊലീസിന് !

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം: കള്ളന്മാരെ പേടിച്ച് സ്വർണ്ണം പറമ്പിൽ കുഴിച്ചിട്ട് വീട്ടമ്മ. 20 പവൻ സ്വർണ്ണാഭരണങ്ങളും 15000 രൂപയും ആധാർ കാർഡുമാണ് വീട്ടമ്മ പറമ്പിൽ കുഴിച്ചിട്ടത്. എന്നാൽ കുഴിച്ചിട്ട സ്ഥലം വീട്ടമ്മ മറന്നു. പറമ്പ് മുഴുവൻ കുഴിച്ചാണ് പൊലീസ് ഒടുവിൽ സ്വർണ്ണം കണ്ടെത്തിയത്.

Advertisment

publive-image

ഓച്ചിറ ചങ്ങന്‍കുളങ്ങര കൊയ്പള്ളിമഠത്തില്‍ അജിത കുമാരിയാണ് കള്ളന്മാരെ പേടിച്ച് ഈ സാഹസം കാണിച്ചത്. അജിത കുമാരിയും ഭർത്താവ് രാമവർമ്മ തമ്പുരാനും ഒരുമിച്ച് ബന്ധുവീട്ടിലേക്ക് പോയപ്പോൾ കഴിഞ്ഞ ഒക്ടോബറിലാണ് ഇവർ സ്വർണ്ണം കുഴിച്ചിട്ടത്. ഇവരുടെ ഏക മകൻ വിദേശത്താണ്.

ബന്ധുവീട്ടിൽ നിന്ന് മടങ്ങിയെത്തിയ ദിവസങ്ങളിൽ ബാങ്ക് അവധിയായിരുന്നു. തുടർന്ന് ഇവർക്ക് കൊവിഡ് ബാധിച്ചു. ഇതിനാൽ കുഴിച്ചിട്ടതൊന്നും എടുക്കാൻ പറ്റിയില്ല. ദിവസങ്ങൾ പിന്നിട്ടതോടെ എവിടെയാണ് കുഴിച്ചിട്ടതെന്ന് 65കാരിയായ അജിത കുമാരി മറന്നു. ആദ്യം പൊലീസിൽ അറിയിച്ചിരുന്നില്ല. പറമ്പ് കുഴിച്ച് സ്വർണ്ണം എടുക്കാൻ ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല.

പിന്നാലെ വാർഡ് മെമ്പർ ആനേത്ത സന്തോഷിനോട് കാര്യം പറയുകയും ഇദ്ദേഹമെത്തി ഇരുവരെയും കൂട്ടി പൊലീസ് സ്റ്റേഷനിൽ പോയി പരാതി നൽകുകയുമായിരുന്നു. തുടർന്ന് പൊലീസെത്തി പറമ്പ് കുഴിക്കാനുള്ള നടപടികളാരംഭിച്ചു. പൊലീസിന്റെ നേതൃത്വത്തിൽ നടന്ന പറമ്പ് കുഴിക്കലിൽ സ്വർണ്ണവും മറ്റ് രേഖകളും കണ്ടെത്തി.

Advertisment