കാട്ടാക്കട: സ്വർണം വാങ്ങാനെന്ന വ്യാജേനയെത്തി ജ്വല്ലറി ഉടമയുടെ നേർക്ക് മുളക് പൊടി എറിഞ്ഞ് സ്വർണവുമായി കടന്ന സംഭവത്തിൽ പിടിയിലായ രണ്ട് സ്ത്രീകളുൾപ്പെടെ നാലുപേരെയും കാട്ടാക്കട കോടതി റിമാൻഡ് ചെയ്തു.
മലയിൻകീഴ് മഠത്തിൻകര രമ്യ നിലയത്തിൽ ഹരികൃഷ്ണൻ (25), ഭാര്യ അനീഷ(23), മലയിൻകീഴ് ഐത്തിങ്കൽകര പുതുവൽ പുത്തൻ വീട് വിഷ്ണുഭവനിൽ വിഷ്ണു(22)ഭാര്യ കുറ്റിച്ചൽ സ്വദേശിനി അൻഷ(24) എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
റിമാൻഡിലായ പ്രതികളിൽ ഹരികൃഷ്ണനും ഭാര്യ അനീഷയും ഈ മാസം 9ന് ബൈക്കിൽ ബാലരാമപുരത്തെ ജ്വല്ലറിയിലെത്തി ഒന്നേമുക്കാൽ പവൻ സ്വർണം സമാന രീതിയിൽ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് വ്യാഴാഴ്ച രാത്രി ഏഴരയോടെ കുറ്റിച്ചലിലെ ജ്വല്ലറിയിൽ നിന്നും സ്വർണം കവർന്ന് കടക്കുന്നതിനിടെ പൊലീസ്.
ബാലരാമപുരത്ത് നിന്നും സ്വർണം കവർന്നത് ഈ സംഘമാണെന്ന് റൂറൽ പൊലീസ് മേധാവി പി.കെ.മധു, കാട്ടാക്കട ഡിവൈഎസ്പി എസ്.ഷാജി എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു. കുറ്റിച്ചലിൽ ജ്വല്ലറി ഉടമ സന്തോഷിന്റെ മുഖത്തേക്ക് മുളക് പൊടി എറിഞ്ഞത് വിഷ്ണുവാണ്. ഈ സമയം വിഷ്ണുവിന്റെ ഭാര്യ അൻഷ ജ്വല്ലറിയിൽ നിന്നും മൂന്ന് പവൻ വീതം തൂക്കമുള്ള രണ്ട് സ്വർണ മാല കൈക്കലാക്കി കാറിലേക്ക് കയറി.
തട്ടിപ്പ് സംഘം ബുധനാഴ്ച രാവിലെയും ജ്വല്ലറിയിലെത്തിയിരുന്നു. വ്യാഴാഴ്ച രാവിലെ വീണ്ടും വന്ന സംഘം സ്വർണം തിരഞ്ഞെടുത്ത് മാറ്റി വെക്കാനാവശ്യപ്പെട്ടു. പണവുമായി വൈകിട്ട് വരാമെന്ന് പറഞ്ഞ് മടങ്ങിയ ശേഷം രാത്രി ഏഴരയോടെ കവർച്ച നടത്തുകയായിരുന്നു. സ്വർണം തട്ടിയെടുത്ത് സംഘം കാറിൽ കാട്ടാക്കട ഭാഗത്തേക്ക് പോയി. കാറിന്റെ നമ്പർ സമീപ സ്റ്റേഷനുകളിലേക്ക് വയർലെസിലൂടെ പൊലീസ് കൈമാറി.
രാത്രി ഒൻപതോടെ മലയിൻകീഴ് ബ്ലോക്ക് ഓഫിസിനു സമീപം കാർ കണ്ടതായി സ്റ്റേഷനിൽ വിവരം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണ സംഘം മലയിൻകീഴ് പൊലീസിന്റെ പിടിയിലായത്. ഇവരിൽ നിന്നും അറുപതിനായിരം രൂപയും മൂന്നു പവന്റെ സ്വർണം കണ്ടെടുത്തു.
സംഘത്തെ പിടികൂടിയ മലയിൻകീഴ് സ്റ്റേഷനിലെ എസ്.ഐ.സുബിൻ,ജൂനിയർ എസ്.ഐ സരിത, സിപിഒ മാരായ നീഷ്, ഉണ്ണികൃഷ്ണൻ, സജിത്,ലിബു,ഷിജു,ഹോംഗാർഡ് ജയചന്ദ്രൻ എന്നിവർക്ക് റൂറൽ പൊലീസ് മേധാവി റിവാർഡ് പ്രഖ്യാപിച്ചതായി ഡിവൈഎസ്പി എസ്.ഷാജി പറഞ്ഞു.
കാട്ടാക്കട കുറ്റിച്ചലിൽ ജ്വല്ലറി കവർച്ച നടത്തിയ ദമ്പതികളെ മണിക്കൂറുകൾക്കകം പിടികൂടിയ പൊലീസിന്റെ അഭിമാനകരമായ നേട്ടത്തിനു പിന്നിൽ മലയിൻകീഴ് തച്ചോട്ടുകാവ് സ്വദേശിയായ റിട്ട.എസ്ഐ എ.ബാബുവിന്റെ സമയോചിത ഇടപെടൽ. കവർച്ചയ്ക്കു ശേഷം പ്രതികൾ കടന്ന കാറിന്റെ നമ്പറും നിറവും വാഹനത്തിൽ യുവതികൾ ഉണ്ടെന്ന വിവരവും വ്യാഴാഴ്ച രാത്രി എല്ലാ സ്റ്റേഷനുകളിലും വയർലെസിലൂടെ സന്ദേശം ലഭിച്ചിരുന്നു.
മലയിൻകീഴ് സ്റ്റേഷനിൽ സുഹൃത്തിന്റെ ആവശ്യവുമായി എത്തിയ ബാബു വയർലെസിലൂടെ കേട്ട സന്ദേശം ശ്രദ്ധിച്ചു. കാറിന്റെ നിറവും നമ്പറും പേപ്പറിൽ കുറിച്ചു നമ്പർ ശരിയാണെന്ന് ഒന്നും കൂടെ ഉറപ്പാക്കിയ ശേഷം സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങി.
മലയിൻകീഴ് ജംക്‌ഷന് സമീപം വെള്ള കാർ സ്വകാര്യ പണമിടപാടു സ്ഥാപനത്തിനു മുന്നിൽ കിടക്കുന്നത് കണ്ട ഇരുവരും സമയം കളയാതെ. മലയിൻകീഴ് സ്റ്റേഷനിൽ എത്തി കാര്യം പറഞ്ഞു. പൊലീസ് എത്തിയപ്പൊഴേക്കും കാറുമായി പ്രതികൾ മുങ്ങിയെങ്കിലും പിന്നാലെ പാഞ്ഞ പൊലീസ് നേമം ബ്ലോക്ക് ഓഫിസിനു മുന്നിൽ വച്ച് കാറിനെ തടഞ്ഞു പ്രതികളെ പിടികൂടുകയായിരുന്നു.
പ്രതികൾ കവർച്ച ചെയ്ത 6 പവന്റെ രണ്ട് മാലകൾ കണ്ടെടുക്കാനായും നിർണായകമായി. കവർച്ച ചെയ്ത മാലകളിൽ ഒന്ന് മലയിൻകീഴിലെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ 60000 രൂപയ്ക്ക് പണയം വച്ച ശേഷം പ്രതികൾ മുങ്ങുന്നതിനിടെയാണ് പിടിയിലായത്. ഈ പണവും രണ്ടാമത്തെ മാലയും പ്രതികളുടെ കൈവശം ഉണ്ടായിരുന്നു. പണമിടപാടു സ്ഥാപനത്തിൽ നിന്ന് പണയം വച്ച മാല പൊലീസ് കണ്ടെടുത്തു.