ചൂടാക്കിയാൽ സ്വർണമാകുന്ന ‘മാജിക് മണ്ണ്’; ജ്വല്ലറി വ്യാപാരിയെ കബളിപ്പിച്ച് കവർന്നത് 50 ലക്ഷം രൂപ; വ്യാപാരി ലക്ഷങ്ങള്‍ കൊടുത്ത് വാങ്ങിയത് 4 കിലോ മണ്ണ്‌

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, January 24, 2021

പൂനെ: ചൂടാക്കിയാൽ സ്വർണ തരികളാകുന്ന ‘മാജിക്’ മണ്ണെന്ന് വിശ്വസിച്ച് ജ്വല്ലറി വ്യാപാരിക്ക് നഷ്ടമായത് 50 ലക്ഷം രൂപ. ബാംഗാളിൽ നിന്നുള്ള പ്രത്യേക മണ്ണ് എന്ന് വിശ്വസിച്ചാണ് സ്വർണ വ്യാപാരി പണം നൽകിയത്.

പൂനെയിലെ ഹദാസ്പാറിലുള്ള ജ്വല്ലറി വ്യാപാരിയാണ് കബളിപ്പിക്കപ്പെട്ടത്. മൂന്ന് പേർ ചേർന്നാണ് വ്യാപാരിയെ കബളിപ്പിച്ചത്. സ്വർണ തരികളായി മാറുന്ന നാല് കിലോ മണ്ണിനായി 49.92 ലക്ഷം രൂപയാണ് വ്യാപാരി ഇവർക്ക് നൽകിയത്.

ഒരു വർഷം മുമ്പാണ് സംഭവങ്ങളുടെ തുടക്കമെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഒരു വർഷം മുമ്പ് 39 കാരനായ ജ്വല്ലറി വ്യാപാരിയുടെ കടയിൽ സ്വർണ മോതിരം വാങ്ങാനായി ഒരാൾ എത്തിയിരുന്നു. പിന്നീട് സ്ഥാപനത്തിലെ നിത്യ സന്ദർശകനായി മാറിയ ഇയാൾ വ്യാപാരിയുമായി സൗഹൃദം സ്ഥാപിച്ചു.

വ്യാപാരിയുടെ കുടുംബവുമായും ഇയാൾ സൗഹൃദമുണ്ടാക്കുകയും വീട്ടിൽ നിത്യ സന്ദർശകനായുമായി തീർന്നുവെന്ന് പൊലീസ് പറയുന്നു. സ്വർണ വ്യാപാരിയുടെ വീട്ടിലേക്ക് അരി, പാൽ തുടങ്ങിയ സാധനങ്ങളും ഇയാൾ സ്ഥിരമായി എത്തിച്ച് വിശ്വാസം നേടിയെടുത്തു.

ബംഗാളിലുള്ള പ്രത്യേകതരം മണ്ണ് തന്റെ കൈവശമുണ്ടെന്നും ഇത് ചൂടാക്കിയാൽ സ്വർണ തരികളായി മാറുമെന്നും വ്യാപാരിയെ ഇയാൾ വിശ്വസിപ്പിച്ചു. ഇതിനകം പരാതിക്കാരന് ഇയാളിൽ വിശ്വാസവും ഉടലെടുത്തിരുന്നതായി പൊലീസ് പറയുന്നു.

സ്വർണ തരികളായി മാറുന്ന മണ്ണ് എന്ന പേരില്‍ നാല് കിലോ മണ്ണാണ് വ്യാപാരി ഇയാളിൽ നിന്നും വാങ്ങിയത്. നാല് കിലോ മണ്ണിനായി 30 ലക്ഷം രൂപയും ബാക്കി രൂപ്ക്ക് സ്വർണവും ഇയാൾ വ്യാപാരിയിൽ നിന്നും സ്വന്തമാക്കി.

സ്വർണ തരികളായി മാറുമെന്ന പ്രതീക്ഷയിൽ മണ്ണ് ചൂടാക്കിയതോടെയാണ് കബളിപ്പിക്കപ്പെട്ടുവെന്ന കാര്യം സ്വർണവ്യാപാരിക്ക് മനസ്സിലായത്. ഇതോടെ വ്യാപാരി പൊലീസിൽ പരാതിയുമായി എത്തി. മൂന്ന് പേർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

×