Advertisment

സരിത്തിനേയും സ്വപ്‌നയേയും കരുക്കളാക്കി യു.എ.ഇ. കോൺസുൽ ജനറല്‍ സംസ്ഥാനത്തെ മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചുവെന്ന് കസ്റ്റംസ്; സംസ്ഥാന സര്‍ക്കാര്‍ കോൺസുൽ ജനറലിന് നല്‍കിയ വൈ കാറ്റഗറി സുരക്ഷ ദുരുപയോഗം ചെയ്തു- സ‍ർക്കാരിനെതിരെ കസ്റ്റംസ്

New Update

publive-image

Advertisment

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി കസ്റ്റംസ്. സരിത്തിനേയും സ്വപ്‌നയേയും കരുക്കളാക്കി യു.എ.ഇ. കോൺസുൽ ജനറല്‍ സംസ്ഥാനത്തെ മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചുവെന്ന് കസ്റ്റംസ്.

കോൺസുൽ ജനറലിന് വഴിവിട്ട് എസ് കാറ്റഗറി സുരക്ഷ നൽകി. ഇതുവഴി പരിശോധന കൂടാതെ വിമാനത്താവളം വഴി വരികയും പോവുകയും ചെയ്തുവെന്നാണ് ആരോപണം. ഈ സുരക്ഷാ സൗകര്യം കള്ളക്കടത്തിന് ഉപയോഗിച്ചുവെന്നും കോൺസുലേറ്റിലെ നാല് ഉദ്യോഗസ്ഥർക്ക് വഴിവിട്ട് നയതന്ത്ര പാസ് നൽകിയെന്നും ആരോപിക്കുന്നുണ്ട്.

ഇതിനെല്ലാം ഇടനില നിന്നത് സ്വപ്ന സുരേഷാണെന്നും മൂന്നുതരം കള്ളക്കടത്ത് നടന്നെന്നും കസ്റ്റംസ് പറയുന്നു. സ്വപ്നയും സരിത്തും സന്ദീപും നടത്തിയ കള്ളക്കടത്താണ് ഒന്ന്. കോൺസുൽ ജനറൽ നടത്തിയ കള്ളക്കടത്താണ് രണ്ടാമത്തേത്. അനധിക്യത ഡോളർ വിദേശത്തേക്ക് കൊണ്ടുപോയതാണ് മൂന്നാമത്തേത്.

കോൺസുൽ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബി, അറ്റാഷെ റാഷിദ് ഖാമിസ്, ചീഫ് അക്കൗണ്ടന്റ് ഖാലിദ് എന്നീ പ്രതികള്‍ക്ക് കസ്റ്റംസ് നല്‍കിയ ഷോക്കോസ് നോട്ടീസിലാണ് ഗുരുതരമായ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ നിയമങ്ങളും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോള്‍ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് ഇവര്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചത്.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോലും യോഗങ്ങള്‍ നടന്നു. ചില മന്ത്രിമാരും ഇവരുടെ വലയില്‍ വീണതായുള്ള സൂചനയും കസ്റ്റംസിന്റെ നോട്ടീസിലുണ്ട്. വിദേശത്തേക്ക് കൊണ്ടുപോയ ഡോളർ സംസ്ഥാനത്തെ ഉന്നത തലത്തിലെ പലരുടെയും പണമാണെന്നും കസ്റ്റംസ് കുറ്റപ്പെടുത്തുന്നു. സംസ്ഥാന സർക്കാരിന്റെ വഴിവിട്ട നീക്കങ്ങൾ കോൺസുൽ ജനറലിനും കള്ളക്കടത്ത് സംഘത്തിനും തുണയായെന്നും കള്ളക്കടത്ത് സംഘത്തിന് മന്ത്രിമാർ അടക്കമുളളവരുമായി ബന്ധമെന്നും നോട്ടീസിൽ ആരോപിക്കുന്നുണ്ട്.

മന്ത്രിമാരടക്കമുള്ളവരുമായി നേരിട്ട് ബന്ധമുണ്ടാക്കണമെന്ന് കോൺസുൽ ജനറൽ, സരിത് അടക്കമുള്ള പ്രതികളോട് ആവശ്യപ്പെട്ടു. മന്ത്രിമാരടക്കമുളളവർ പ്രോട്ടോകോൾ ലംഘിച്ച് കോൺസുലേറ്റുമായി ഇടപെട്ടു. എംഇഎയോ പ്രോട്ടോകോൾ ഓഫീസറോ ഇതൊന്നും അറിഞ്ഞിരുന്നില്ല. ഗുരുതരമായ ചട്ടലംഘനം സർക്കാരിലെ ഉന്നത പദവികൾ വഹിക്കുന്നവരിൽ നിന്നുണ്ടായെന്നും കസ്റ്റംസ് നോട്ടീസിൽ പറയുന്നു.

വിയറ്റ്‌നാമില്‍ കോൺസുൽ ജനറലായി ജോലി ചെയ്യുമ്പോള്‍ അവിടെയും ഇവര്‍ കള്ളക്കടത്ത് നടത്തിയിരുന്നു. യു.എ.ഇയില്‍നിന്ന് നിരോധിത മരുന്ന്, സിഗരറ്റ് അടക്കമുള്ളവ വിയറ്റ്‌നാമിലേക്ക് കടത്തി ഇന്‍സ്റ്റാഗ്രമിലൂടെ കോൺസുൽ ജനറലും കൂട്ടരും വില്‍പന നടത്തി. ഇതിനുള്ള ശിക്ഷാനടപടിയുടെ ഭാഗമായി സ്ഥലംമാറ്റം ലഭിച്ചാണ് കോൺസുൽ ജനറല്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ കേരളത്തിലേക്കെത്തിയതെന്നും നോട്ടീസില്‍ പരാമര്‍ശമുണ്ട്.

gold smuggling case
Advertisment