യു.പി യിൽ വൻ സ്വർണ്ണനിക്ഷേപം കണ്ടെത്തിയിരിക്കുന്നു !

പ്രകാശ് നായര്‍ മേലില
Sunday, February 23, 2020

ഭാരതീയരെ സംബന്ധിച്ചിടത്തോളം വളരെ ആഹ്ലാദകരമായ വർത്തയാണിത്. രാജ്യത്തിന്റെ സമ്പദ്ഘടനയെ ത്തന്നെ ഉടച്ചുവാർക്കാൻപോകുന്ന തരത്തിലുള്ള ആയിരക്കണക്കിന് ടൺ സ്വർണ്ണനിക്ഷേപം ഉത്തർപ്രദേശിലെ സോൺഭദ്ര ജില്ലയിൽ കണ്ടെത്തിയിരിക്കുന്നു.

പേരുപോലെതന്നെ അർത്ഥവത്തായിരിക്കുന്നു സോൺഭദ്ര ജില്ല. സോണ എന്നാൽ സ്വർണ്ണമെന്നാണ് ഹിന്ദിയിൽ അർഥം. സോൺഭദ്ര എന്നാൽ സ്വർണ്ണം ഭദ്രമായ സ്ഥലം എന്നാണ്.

സോൺഭദ്ര നദി ഒഴുകുന്നതുമൂലമാണ് ജില്ലയ്ക്കും ആ പേരുവന്നത്.റോബർട്ട്സ് ഗംജ് ആണ് ജില്ലാ തലസ്ഥാനം.

സോൺഭദ്ര നദിയിലെ മണൽത്തരികളിൽ സ്വർണ്ണത്തിന്റെ അംശം വർഷങ്ങളായി കാണപ്പെട്ടിരുന്നതിനാൽ ഇവിടെ അധിവസിച്ചുപോന്ന ആദിവാസിസമൂഹം മണൽത്തരികൾ അരിച്ചുപെറുക്കി അവ ശേഖരിക്കുന്ന പതിവ് പണ്ടുമുതലേയുണ്ടായിരുന്നു. നൂറുകണക്കിനാൾക്കാർ ഇതിനായി ദിവസം മുഴുവൻ നദിയോരത്തും നദിയിലും ജോലിചെയ്യുമായിരുന്നു.

സമീപപ്രദേശങ്ങളിലെ പാറക്കെട്ടുകളിലും സ്വർണ്ണത്തരികൾ കണ്ടെത്തിയിരുന്നതാണ്. മണ്ണിനടിയിൽ സ്വർണ്ണശേഖരമുണ്ടെന്ന കണക്കുകൂട്ടലിൽ ഇവിടെ പല സ്ഥലത്തും ആളുകൾ അനധികൃത ഖനനവും നടത്തിയിരുന്നു.

ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വർഷങ്ങളായി സോൺഭദ്ര ജില്ലയിലെ സോൺ മലയിലും ഹർദി ബ്ളോക്കിലും നടത്തിയ ഖനനത്തിലാണ് വൻ സ്വർണ്ണനിക്ഷേപം ഇവിടെ കണ്ടെത്തിയിരിക്കുന്നത്.സോൺ മലയിൽ ഏകദേശം 3000 ടണ്ണും ഹർദി ബ്ലോക്കിൽ 600 കിലോയും കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ പുൽവാഹ്‌ ,സലായ് ദീഹ് ബ്ലോക്കുകളിൽ കണ്ടെത്തിയ സ്വർണ്ണനിക്ഷേപത്തിന്റെ കണക്കെടുപ്പുകൾ നടന്നുവരുകയാണ്. സോൺ പഹാഡിൽ കണ്ടെത്തിയ സ്വണ്ണനിക്ഷേപം 108 ഹെക്ടർ ചുറ്റളവ് സ്ഥലവി സ്തൃതിയിലാണ്.അതുകൊണ്ടുതന്നെ ഇവിടെയുള്ള സ്വർണ്ണത്തിന്റെ അളവ് കൂടാനും സാദ്ധ്യതയുണ്ട്.

സ്വർണ്ണം കൂടാതെ വലിയ അളവിൽ ഇരുമ്പയിര്, യുറേനിയം, 90 ടൺ Andalusite,9 ടൺ പൊട്ടാഷ്,10 ടൺ സിലോമിനൈറ്റ് എന്നിവയും ഇവിടെ കണ്ടെത്തിയിരിക്കുന്നു.

സോൺഭദ്ര ധാതുസമ്പത്തുകൊണ്ട് സമ്പന്നമായ ജില്ലയാണ്.കൽക്കരി സമൃദ്ധമായ ഇവിടെ അതിൽപ്രവർ ത്തിക്കുന്ന നിരവധി താപവൈദ്യുതനിലയങ്ങളുണ്ട്. സിമന്റു പ്ലാന്റുകളും സജീവമാണ്.

ഇവിടെത്തുടങ്ങുന്ന ഇരുമ്പയിർ നിക്ഷേപം ആഗ്രാ ,ഗ്വാളിയർ ,ബീഹാർ വഴി ബംഗാൾ വരെയുള്ള Iron Belt എന്നാണറിയപ്പെടുന്നത്.

ഇത്രയേറെ ധാതുസമ്പത്ത് കണ്ടെത്തിയതിനെത്തുടർന്ന് ഈ പ്രദേശങ്ങളുടെ സുരക്ഷയ്ക്കും കൂടുതൽ സർവേ നടപടികൾക്കുമായി കേന്ദ്രസർക്കാർ കഴിഞ്ഞദിവസം മുതൽ ഇവിടെ ഹെലികോപ്റ്റർ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

സ്വർണ്ണമുൾപ്പെടെയുള്ള ധാതുസമ്പത്തിന്റെ നിക്ഷേപങ്ങളെപ്പറ്റി പഠിക്കാൻ നിയോഗിച്ച ഉന്നതലതല 7 അംഗ കമ്മിറ്റി  (22/02/2020) അവരുടെ ഫൈനൽ റിപ്പോർട്ട് മൈനിംഗ് ഡയറക്റ്റർക്ക് സമർപ്പിക്കുകയാണ്.ഇനി സർക്കാർ അനുമതിയോടെ ഖനനം നടത്താനുള്ള ആഗോള ഈ ടെണ്ടർ പ്രക്രിയകൾ ഉടനടി ആരംഭിക്കുക യും ഇക്കൊല്ലംതന്നെ ഖനനം ആരംഭിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.

×