മുംബൈ മലയാളികളെ പറ്റിച്ച് കോടികളുമായി മുങ്ങിയ ഗുഡ്‍വിന്‍ തട്ടിപ്പ് കേസിലെ പ്രതികള്‍ പിടിയിലായി

മനോജ്‌ നായര്‍
Friday, December 13, 2019

മുംബൈ ∙ മഹാരാഷ്ട്രയില്‍ കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയ മലയാളി സഹോദരങ്ങൾ അറസ്റ്റിൽ. ഗുഡ്‍വിന്‍ നിക്ഷേപ തട്ടിപ്പില്‍ ഒളിവിലായിരുന്ന തൃശൂര്‍ സ്വദേശി സുനില്‍ കുമാറിനെയും സുധീഷ് കുമാറിനെയും താനെ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് അറസ്റ്റ് ചെയ്തത്.

താനെ സെഷന്‍സ് കോടതിയില്‍ കീഴടങ്ങുന്നതിന് തൊട്ടുമുന്‍പ് വൈകിട്ട് മൂന്നുമണിക്കാണ് അറസ്റ്റ്. താനെ ജില്ലയിലെ മൂന്നു ജ്വല്ലറികളില്‍നിന്നായി 25 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. മഹാരാഷ്ട്രയിലെയും തൃശൂരിലെയും വിവിധ ജ്വല്ലറികളില്‍നടന്ന തട്ടിപ്പില്‍ വേറെയും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സ്വർണക്കടകളുടെ മറവിൽ ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് മാസചിട്ടിയായും സ്ഥിരം നിക്ഷേപമായും പണം സ്വീകരിച്ച ശേഷം വഞ്ചിച്ചെന്നാണ് ഇരുവര്‍ക്കുമെതിരായ പരാതി.

സ്വർണക്കടകളുടെ മറവിൽ ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് മാസ ചിട്ടിയായും സ്ഥിരം നിക്ഷേപമായും പണം സ്വീകരിച്ച ശേഷം വഞ്ചിച്ചെന്നാണ്  പരാതി. ഒരു ലക്ഷം രൂപ മുതൽ രണ്ട് കോടി രൂപ വരെ നിക്ഷേപിച്ച ആയിരക്കണക്കിനാളുകളിൽ ഭൂരിഭാഗവും മലയാളികളാണ്. താനെയിൽ മാത്രം 25 കോടിയിലധികം തട്ടിപ്പ് നടത്തിയെന്നാണ് ഔദ്യോഗിക കണക്ക്.

പണം കിട്ടാതായതോടെ നിക്ഷേപകർ പ്രശ്നമുണ്ടാക്കിത്തുടങ്ങിയപ്പോൾ മൂന്ന് മാസം മുൻപ് കടകളെല്ലാം പൂട്ടി പ്രതികൾ മുങ്ങുകയായിരുന്നു. ജ്വല്ലറികളിലെ സ്വർണമെല്ലാം മാറ്റിയ ശേഷമാണ് പ്രതികൾ മുങ്ങിയതെന്ന് അന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

പിന്നാലെ മുംബൈയിലും താനെയിലും പൂനെയിലും തുടങ്ങി ജ്വല്ലറിക്ക് ശാഖകളുള്ള ഇടങ്ങളിലെല്ലാം ആയിരക്കണക്കിനാളുകൾ പരാതിയുമായെത്തി.

ഇരുവരേയും തിരഞ്ഞ് മുംബൈ പൊലീസ് കേരളത്തിലും എത്തിയിരുന്നു. ഒളിവിലാണെങ്കിലും  സ്ഥാപനത്തെ തകർക്കാൻ വ്യാജ പ്രചാരണം നടത്തുകയാണെന്ന വീഡിയോ സന്ദേശം ഇടയ്ക്കിടെ ഇരുവരും ചേര്‍ന്ന് പുറത്ത് വിട്ടിരുന്നു.

×