/sathyam/media/post_attachments/dPKAmC3OAXkPytt4Py8X.jpg)
മലയാളത്തിലെ ആദ്യ സിനിമയായ 'വിഗതകുമാരനി'ലെ നായികയായിരുന്ന പി കെ റോസിയുടെ 120ാം ജന്മദിനം. പി കെ റോസിയുടെ ജന്മദിനത്തിൽ ആദരമർപ്പിച്ച് ഗൂഗിൾ. 'വിഗതകുമാരൻ' എന്ന സിനിമയിൽ അഭിനയിച്ചതിന്റെ പേരിൽ കടുത്ത ആക്രമണമാണ് റോസി ഏറ്റുവാങ്ങിയത്.
അക്രമികളും ജാതി ഭ്രാന്തന്മാരും റോസിയുടെ വീട് വളഞ്ഞ് കല്ലെറിയുകയും തീവെച്ച് നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. താന്‍ അഭിനിയിച്ച ആദ്യ സിനിമ തീയറ്ററില്‍ കാണാന്‍ എത്തിയ റോസിയെ ചിലര്‍ കൈയ്യേറ്റം ചെയ്യുക പോലും ഉണ്ടായി. ദളിത് വിഭാഗത്തിൽനിന്ന് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത ദരിദ്രകുടുംബത്തിലെ അംഗമായിരുന്നു റോസി. വിഗതകുമാരനിൽ അഭിനയിച്ചതിനെത്തുടർന്ന് റോസിക്കും വീട്ടുകാർക്കും സമൂഹം ഭ്രഷ്ട് കല്പിച്ചു.
1903 ഫെബ്രുവരി 10 ന് തിരുവനന്തപുരത്താണ് റോസിയുടെ ജനനം. ജെ.സി ഡാനിയേല്‍ സംവിധാനം ചെയ്ത വിഗതകുമാരനില്‍ സരോജം എന്ന കഥാപാത്രത്തെയാണ് പി.കെ റോസി അവതരിപ്പിച്ചത്. 1928 നവംബര്‍ 7-നായിരുന്നു തിരുവനന്തപുരം ക്യാപ്പിറ്റോള്‍ തിയ്യേറ്ററില്‍ വിഗതകുമാരന്റെ ആദ്യ പ്രദര്‍ശനം. അഭിഭാഷകന്‍ മുള്ളൂര്‍ ഗോവിന്ദപിള്ളയാണ് ആദ്യ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്.
സവര്‍ണ്ണ കഥാപാത്രത്തെ കീഴ് ജാതിക്കാരി അഭിനയിച്ചു ഫലിപ്പിച്ചു എന്നാക്ഷേപിച്ച് തിയറ്ററില്‍ റോസിയുടെ ചിത്രം കടന്നുവന്നപ്പോഴൊക്കെ കാണികള്‍ കൂവിയും ചെരിപ്പ് വലിച്ചെറിഞ്ഞുമാണ് എതിരേറ്റത്. വെള്ളിത്തിര കുത്തിക്കീറുകയും ചെയ്തു. തിരുവനന്തപുരം ചാല കമ്പോളത്തില്‍ വച്ച് പരസ്യമായി റോസിയെ വസ്ത്രാക്ഷേപം ചെയ്യുക വരെയുണ്ടായി എന്ന് ചരിത്രം പറയുന്നു. വിഗതകുമാരന്റെ പേരില്‍ റോസി നാടു കടത്തപ്പെടുകയും ചെയ്തു.
സിനിമ പിറന്നിട്ട് തൊന്നൂറ്റിനാല് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ വിഗതകുമാരന്റെ സംവിധായകന്‍ ജെ.സി ഡാനിയേലോ മറ്റു അണിയറ പ്രവര്‍ത്തകരോ അഭിനേതാക്കളോ ആരും തന്നെ ജീവിച്ചിരിപ്പില്ല. സിനിമയുടെ ആദ്യ പ്രിന്റ് പോലും ഇല്ല എന്നുള്ളതാണ് വാസ്തവം.