നിലവിലെ ബാങ്ക് നിക്ഷേപങ്ങളുടെ ഇൻഷുറൻസ് പരിധി ഉയർത്തുമെന്ന് നിർമ്മല സീതാരാമൻ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, November 16, 2019

ഡല്‍ഹി : നിലവിലെ ബാങ്ക് നിക്ഷേപങ്ങളുടെ ഇൻഷുറൻസ് പരിധി ഉയർത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ഒരു ലക്ഷം രൂപയാണ് ഇൻഷുറൻസ് പരിധി. ഇത് വർധിപ്പിക്കാനുള്ള തീരുമാനം കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ അറിയിക്കുമെന്നും അനുമതി ലഭിച്ചാൽ നടപ്പാക്കുമെന്നും ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.

എന്നാൽ ഇൻഷുറൻസ് പരിധി എത്രയാക്കിയാണ് ഉയർത്തുന്നതെന്ന് അവർ പറഞ്ഞില്ല. ബാങ്ക് നിക്ഷേപങ്ങൾക്ക് ഉണ്ടാകാനിടയുള്ള നഷ്ടങ്ങളിൽ നിന്നുള്ള പരിരക്ഷയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

1993 വരെ 30000 രൂപയായിരുന്നു പരിധി. പിന്നീടിത് ഒരു ലക്ഷമായി വർധിപ്പിച്ചു. അതേസമയം ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്കുകളുടെ കാര്യത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനും തീരുമാനമുണ്ട്.

സെപ്തംബറിൽ പഞ്ചാബ് – മഹാരാഷ്ട്ര സഹകരണ ബാങ്കിന്റെ കാര്യത്തിൽ കൊണ്ടുവന്ന നിയന്ത്രണമാണ് ഇപ്പോൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നത്.

×