/sathyam/media/post_attachments/O8VovIUpHrW5hUDA4dri.jpg)
ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍. ഡിസംബര്‍ 30ന് ബുധനാഴ്ച ഉച്ചയ്ക്ക് ഡല്‍ഹിയിലെ വിജ്ഞാന്‍ഭവനിലാണ് ചര്‍ച്ച നടക്കുക.
തുറന്ന മനസ്സോടെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ പ്രതികരിച്ചു. ആറാംവട്ട ചര്‍ച്ചയാണ് ബുധനാഴ്ച നടക്കുക. 29ന് ചര്‍ച്ച നടത്താമെന്ന് കര്‍ഷകര്‍ നേരത്തെ കേന്ദ്രത്തെ അറിയിച്ചിരുന്നെങ്കിലും ഇതിനോട് കേന്ദ്രം പ്രതികരിച്ചിരുന്നില്ല.
അതേസമയം, കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരം 33-ാം ദിവസം പിന്നിടുകയാണ്. നാളെയും മറ്റന്നാളും നാല് സംസ്ഥാനങ്ങളില്‍ മെഗാ റാലികള്‍ സംഘടിപ്പിക്കും. മറ്റന്നാള്‍ സിഘു, ടിക്രി അതിര്‍ത്തിയില്‍ നിന്ന് ട്രാക്ടര്‍ റാലികള്‍ നടത്താനും ഹരിയാനയിലേയും പഞ്ചാബിലേയും മുഴുവന്‍ ടോള്‍ പ്ലാസകളും തുറപ്പിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.