/sathyam/media/post_attachments/CrxgYzBs7epfNM4Cz2HE.jpg)
മൃഗയാ... മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള പോരിന്‍റെ കഥകള്‍ പ്രചരിക്കുന്നതിനിടയില്‍ ജൂലൈ 6-ാം തീയതിയിലെ കേരളകൗമുദി പത്രത്തിന്‍റെ മുന്‍ പേജില്‍ വന്ന രണ്ടു വാര്‍ത്തകള്‍ കൗതുകകരമായി. "പാമ്പാടി രാജന്‍റെ ഉടമ റോബിറ്റ് എം തോമസ് നിര്യാതനായി". "പാമ്പാടി രാജനൊപ്പം വളര്‍ന്ന ഉടമ". വാര്‍ത്തകളുടെ തലക്കെട്ടുകള്‍ അങ്ങനെ.
1970-ല്‍ കോടനാട് ആനവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും റോബിറ്റിന്‍റെ പിതാവ് ബേബിച്ചന്‍ 25,000/- രൂപക്ക് ലേലത്തില്‍ പിടിച്ച നാലുവയസ്സുകാരന്‍ കുട്ടിക്കൊമ്പനാണ് റോബിറ്റിനൊപ്പം വളര്‍ന്ന് കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള ആനകളിലൊന്നായി മാറിയ പാമ്പാടി രാജന്‍...
പാമ്പാടി രാജനും റോബിറ്റുമായുമുള്ള ആത്മബന്ധത്തിന്‍റെ ചരിത്രം ആനപ്രേമികള്‍ക്കു മാത്രമല്ല ഹൃദയത്തില്‍ അലിവുള്ളവര്‍ക്കാര്‍ക്കും മറക്കാനാവില്ല. മദപ്പാടുള്ളപ്പോഴും റോബിറ്റിന്‍റെ ഒരു വിളി മതി പാമ്പാടി രാജനെ ശാന്തനാക്കാന്‍.
എഴുന്നെള്ളത്തിന് പോകുന്ന അമ്പലങ്ങളില്‍ കാലേ കൂട്ടി ചെന്ന് ആനക്കു വേണ്ടി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍ നേരിട്ടു വിലയിരുത്തിയിരുന്ന റോബിറ്റ് ജീവിച്ച നാടു തന്നെയാണ് വന്യമൃഗങ്ങളെയെല്ലാം ശത്രുക്കളായി കാണുന്നത്.
മനുഷ്യരും മൃഗങ്ങളുമായുള്ള പോരിന്‍റെ ചരിത്രത്തിന് ചോരയുടെ മണമുണ്ട്. പൗരാണിക കാലത്ത് രാജക്കന്‍മാര്‍ മൃഗയാ വിനോദത്തില്‍ ഏര്‍പ്പെടുന്നത് രാജധര്‍മ്മമായിരുന്നു. വേട്ടക്കു കാട്ടില്‍പോയ ദുഷ്യന്ത മഹാരാജാവ് കണ്വാശ്രമത്തിലെ ശകുന്തളയെ ഗാന്ധര്‍വ്വ വിവാഹം ചെയ്ത പൗരാണിക ഇതിഹാസ കഥയാണ് കാളിദാസന്‍റെ അഭിജ്ഞാന ശാകുന്തളം മഹാകാവ്യം.
വന്യമൃഗങ്ങളെ വേട്ടയാടി ജനങ്ങളെ സംരക്ഷിച്ചിരുന്ന രാജാക്കന്‍മാരും രാജഭരണത്തിനു ശേഷം കണ്ണില്‍ ചോരയില്ലാത്ത വേട്ടക്കാരും എല്ലാവരും കൂടി ആയപ്പോള്‍ പല വന്യമൃഗങ്ങളും വംശനാശ ഭീഷണിയിലായി.
കൊന്നൊടുക്കിയ വന്യമൃഗങ്ങളുടെ തോലുകളും കൊമ്പുകളും കൊണ്ട് കൊട്ടാരങ്ങളുടേയും വീടുകളുടേയും ഭിത്തികള്‍ അലങ്കരിക്കുന്നതില്‍ അഭിമാനിച്ചിരുന്നവരും ഒട്ടേറേ !
കേന്ദ്ര വന്യജീവി സംരക്ഷണ നിയമം വന്നതോടെ വന്യമൃഗങ്ങളെ വേട്ടയാടുന്നത് ഗുരുതര കുറ്റകൃത്യമായി. സ്വാഭാവികമായും വേട്ടകളും കുറഞ്ഞു. അതോടെ വന്യ മൃഗങ്ങള്‍ പെറ്റു പെരുകി...
കാടിന്‍റെ വിസ്തീര്‍ണ്ണം ക്രമാതീതമായി കുറഞ്ഞു കുറഞ്ഞു വന്നതോടെ വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥ തന്നെ തകിടം മറിഞ്ഞു. മനുഷ്യര്‍ കാടു കീഴടക്കിയപ്പോള്‍ വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതു പതിവായി. കാടുകളില്‍ തീറ്റയും വെള്ളവും കുറഞ്ഞതും വന്യമൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങുന്നതിന് കാരണമായി.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വന്യജീവി ആക്രമണത്തില്‍ നിരവധി മനുഷ്യ ജീവനുകളാണ് പൊലിഞ്ഞത്. വ്യാപകമായ കൃഷിനാശത്തിന്‍റെ കണക്കുകള്‍ വേറെ!
വന്യമൃഗങ്ങള്‍ക്ക് ലഭിക്കുന്ന സംരക്ഷണവും പരിരക്ഷയും പോലും മനുഷ്യര്‍ക്ക് കിട്ടുന്നില്ല എന്ന പരാതിയും ശക്തമാണ്. ഉഗ്രവിഷമുള്ള രാജവെമ്പാലയെ പിടിച്ചാലും കാട്ടില്‍ കൊണ്ടു വിടണം. കൊല്ലുന്നത് നിയമവിരുദ്ധമാണ്.
ലോകത്തുള്ള സകല ചരാചരങ്ങളും മനുഷ്യന് ആസ്വദിക്കാനുള്ളതാണെന്ന ആര്‍ത്തി പ്രകൃതിയും, വന്യമൃഗങ്ങളും, മനുഷ്യരും തമ്മിലുള്ള ആരോഗ്യകരമായ താളം തെറ്റിച്ചിരിക്കുന്നു എന്നു പറയാതെ വയ്യ.
മൂന്നാറിലെ സ്വകാര്യ തോട്ടത്തില്‍ ജെസിബി കൊണ്ട് കാട്ടാനയെ അടിച്ചുകൊന്നതും, ഗര്‍ഭിണിയായ പിടിയാനയെ ദാരുണമായി കൊന്നതും അന്തര്‍ദേശിയ തലത്തില്‍ പോലും രാജ്യത്തിന്‍റെ ശോഭ കെടുത്തിയ കാര്യവും മറക്കാനാവില്ല.
ഈ പോരിന് ഒരു അന്ത്യം വേണ്ടേ ? കാടായ കാടു മുഴുവന്‍ മതില്‍ കെട്ടി അടക്കാന്‍ പറ്റുമോ ? വന്യമൃഗങ്ങളെയെല്ലാം കൊന്നൊടുക്കുവാന്‍ പറ്റുമോ ? ഭൂട്ടാന്‍റെ ഭരണഘടനയില്‍ മാറ്റം ചെയ്യാന്‍ പാടില്ലാത്ത ഒരു അനുച്ഛേദമുണ്ട്.
രാജ്യ വിസ്തൃതിയുടെ 60 ശതമാനം എക്കാലവും വനമായി തന്നെ നിലനിര്‍ത്തണം. അത്രക്കൊന്നും നടന്നില്ലെങ്കില്‍ പോലും ഒരു കാര്യം ആലോചിക്കാവുന്നതാണ്. കാട് വന്യമൃഗങ്ങള്‍ക്കാകട്ടെ ! നാട് മനുഷ്യര്‍ക്കും !
വാല്‍കഷ്ണം
അവശേഷിക്കുന്ന കാടും കൂടി ഇല്ലാതാക്കാന്‍ ജനങ്ങളും സര്‍ക്കാരും മത്സരിക്കുകയാണ്. ഇതുവരെ അണകെട്ടി മുക്കിയതൊന്നും പോരാഞ്ഞിട്ട് ആതിരപ്പള്ളിയില്‍ അണക്കെട്ടാന്‍ സര്‍ക്കാരിന് അസുഖകരമായ ധ്യതിയാണ്. തള്ളക്കോഴി ചവിട്ടിയാല്‍ പിള്ളക്കോഴിക്ക് നോവില്ലെന്ന ഭാവമാണ് സര്‍ക്കാരിന് ! ഒരു സംശയവും വേണ്ട സര്‍ക്കാരാണ് ഏറ്റവും ഭീകരനായ പ്രകൃതിഘാതകന്‍ !
- അഡ്വ. എസ് അശോകന്‍ , ഇടുക്കി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us