ഗോവിന്ദ് വസന്തയ്ക്ക് വിജയ് സേതുപതിയുടെ സ്‌നേഹചുംബനം

ഉല്ലാസ് ചന്ദ്രൻ
Monday, February 24, 2020

’96’ എന്ന തമിഴ് ചിത്രത്തിലൂടെ ഹിറ്റ് സംഗീത സംവിധായകനായി മാറിയ കലാകാരനാണ് ഗോവിന്ദ് വസന്ത. വിജയ് സേതുപതിയും തൃഷയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഏറെ ആസ്വാദരുടെയും നിരൂപരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു.

ചിത്രത്തിലെ ഗാനങ്ങളെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ ചിത്രത്തിലൂടെയാണ് ഗോവിന്ദ് വസന്ത സംഗീത സംവിധായകനെന്ന നിലയില്‍ ഏറെ ശ്രദ്ധ നേടിയത്. കേരളത്തില്‍ ഒരുകാലത്ത് വലിയ തരംഗം സൃഷ്ടിച്ച മ്യൂസിക് ബാന്റായിരുന്ന തൈക്കൂടം ബ്രിഡ്ജിലെ ഗായകനും കലാകാരനുമായിരുന്നു.

ബാന്‍ഡിന് വേണ്ടി വയലിനും ഗോവിന്ദ് വസന്ത വായിച്ചിരുന്നു. തുടര്‍ന്നാണ് സിനിമാഗാനങ്ങള്‍ക്കായി സംഗീതമൊരുക്കിത്തുടങ്ങിയത്. ഫഹദ് ഫാസില്‍ നായകനായ ‘നോര്‍ത്ത് 24 കാതം’ എന്ന സിനിമയിലൂടെയാണ് ഗോവിന്ദ് വസന്ത സംഗീതസംവിധായകനായി മാറിയത്.

ഇപ്പോഴിതാ തനിക്ക് ഹിറ്റ് സമ്മാനിച്ച ’96’ എന്ന ചിത്രത്തിലെ നായകനായി അഭിനയിച്ച വിജയ് സേതുപതിയുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ് ഗോവിന്ദ് വസന്ത. കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങളും ഗോവിന്ദ് വസന്ത പങ്കുവെച്ചു. സ്‌നേഹമുള്ളവരെ ചേര്‍ത്തുനിര്‍ത്തി കവിളില്‍ ഉമ്മ നല്‍കുന്നത് വിജയ് സേതുപതിയുടെ ശൈലിയാണ്.

എന്നാല്‍ ഗോവിന്ദ് വസന്തയെ കണ്ടപ്പോള്‍ വിജയ് സേതുപതി ചേര്‍ത്തു നിര്‍ത്തി കവിളില്‍ ഒരു കടി നല്‍കുകയായിരുന്നു. ഈ ചിത്രങ്ങള്‍ ഗോവിന്ദ് വസന്ത പങ്കുവെച്ചിട്ടുണ്ട്.

×