New Update
ഡല്‍ഹി; കൊവിഡ് വാക്‌സിനേഷൻ മൂലമുണ്ടാകുന്ന മരണങ്ങൾക്ക് സർക്കാർ ബാധ്യസ്ഥരല്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ. വാക്‌സിൻ സ്വീകരിച്ച ശേഷം മരണം സംഭവിക്കുകയാണെങ്കിൽ സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്ത് നഷ്ടപരിഹാരം തേടുക മാത്രമാണ് പ്രതിവിധിയെന്ന് കേന്ദ്രം. കഴിഞ്ഞ വർഷം കൊവിഡ് വാക്‌സിനേഷൻ എടുത്ത് മരിച്ച രണ്ട് യുവതികളുടെ രക്ഷിതാക്കൾ നൽകിയ ഹർജിയിലാണ് സത്യവാങ്മൂലം.
അടുത്തിടെ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സർക്കാർ ഇക്കാര്യം പറയുന്നത്. മരണത്തെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം വേണമെന്നും പ്രതിരോധ കുത്തിവയ്പ്പിനെ തുടർന്നുള്ള പ്രതികൂല ഫലങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും സമയബന്ധിതമായി ചികിത്സിക്കുന്നതിനുമുള്ള പ്രോട്ടോക്കോൾ തയ്യാറാക്കാൻ വിദഗ്ധ മെഡിക്കൽ ബോർഡ് വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
“വാക്‌സിൻ മൂലം സംഭവിക്കുന്ന അപൂർവമായ മരണങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ സംസ്ഥാനത്തെ ബാധ്യസ്ഥരാക്കുന്നത് നിയമപരമായി സുസ്ഥിരമാകില്ല..”- ഹർജിയിൽ പ്രതികരണം രേഖപ്പെടുത്തിക്കൊണ്ട് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം കോടതിയെ അറിയിച്ചു. “ഒരു വ്യക്തിക്ക് AEFI യിൽ നിന്ന് ശാരീരിക പരിക്കോ മരണമോ ഉണ്ടായാൽ, വാക്‌സിൻ ഗുണഭോക്താക്കൾക്ക് അവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നേടാൻ സിവിൽ കോടതികളെ സമീപിക്കുന്നത് ഉൾപ്പെടെ നിയമത്തിൽ ഉചിതമായ പരിഹാരങ്ങൾ ലഭ്യമാണ്”- മന്ത്രാലയം കൂട്ടിച്ചേർത്തു.