ഇസ്രായേലിൻറെ ഔദാര്യത്തിന് കാത്തുനിൽക്കാതെ സൗമ്യയുടെ കുടുംബത്തെ സർക്കാർ സഹായിക്കണം- ഡീൻ കുര്യാക്കോസ് എംപി

ന്യൂസ് ബ്യൂറോ, ഇടുക്കി
Monday, May 17, 2021

തൊടുപുഴ: ഇസ്രായേലിൽ വച്ച് മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യാ സന്തോഷിൻറെ കുടുംബത്തിന് ഇസ്രായേലിൻറെ ഔദാര്യത്തിന് കാത്തുനിൽക്കാതെ ഇന്ത്യൻ പൗര എന്ന നിലയിൽ അർഹമായ നഷ്ടപരിഹാരവും സഹായവും ചെയ്യുന്നതിന് കേന്ദ്ര സംസ്ഥാന ഗവൺമെൻറ് തയ്യാറാകണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു.

ഇക്കാര്യം ആവശ്യപ്പെട്ട് എം.പി. പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്ത് നല്കിയിരുന്നു. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ അലംഭാവം കാണിക്കുന്നതായി എംപി പറഞ്ഞു. സൗമ്യയുടെ ഭൗതികദേഹം ഏറ്റുവാങ്ങുന്നതിനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ശവസംസ്ക്കാരചടങ്ങിൽ വീട്ടിലും സംസ്ഥാന സർക്കാർ പ്രതിനിധികൾ ആരും എത്തിച്ചേരാത്തത് തികച്ചും ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണ്.

അർഹമായ നഷ്ടപരിഹാരത്തിന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെടണം. സ്വന്തം കുടുംബത്തെ പോറ്റുന്നതിന് വേണ്ടി പ്രതികൂല സാഹചര്യത്തിലും ഇസ്രായേലിൽ ജോലി ചെയ്യുവാൻ പോയ പാവപ്പെട്ട കുടുംബാംഗമാണ് സൗമ്യ.

ഇതുപോലെ ആയിരക്കണക്കിന് നേഴ്സ്മാരുൾപ്പെടെയുള്ള മലയാളികൾ ഇസ്രായേലിൽ ജോലിചെയ്യുന്നുണ്ട്. അവരെല്ലാം അരക്ഷിതത്വത്തിലും ഭീതിയിലുമാണ് കഴിഞ്ഞ ഒരാഴ്ചയായി കഴിയുന്നത്. അവരുടെ ഭീതി അകറ്റുന്നതിനും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും കേന്ദ്ര ഗവൺമെൻറുമായി ബന്ധപ്പെട്ട സംസ്ഥാനം ശക്തമായ ഇടപെടൽ നടത്തണമെന്നും എംപി കൂട്ടിച്ചേർത്തു.

×