സഞ്ജു വി സാംസണ്‍ ധോണിയുടെ പിന്‍ഗാമിയായി ഇന്ത്യന്‍ ടീമിലെത്താനുള്ള സാധ്യത ഇങ്ങനെയെന്ന് ഗൗതം ഗംഭീര്‍

സ്പോര്‍ട്സ് ഡസ്ക്
Monday, September 16, 2019

ന്യൂഡല്‍ഹി: മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണിന് ധോണിയുടെ പിന്‍ഗാമിയായി ഇന്ത്യന്‍ ടീമിലെത്താനുള്ള സാധ്യതകളെ കുറിച്ച് വാചാലനാകുകയാണ് മുന്‍ താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീര്‍.

 

ഋഷഭ് പന്ത് തന്‍റെ യഥാര്‍ഥ മികവ് പുറത്തെടുത്തില്ലെങ്കില്‍ തന്‍റെ ഏറ്റവും പ്രിയപ്പെട്ട താരമായ സഞ്ജു ധോണിയുടെ പിന്‍ഗാമിയായി ടീമിലെത്താന്‍ സാധ്യത ഏറെയാണെന്ന് ഗംഭീര്‍ വ്യക്തമാക്കി. സ്ഥിരതയില്ലാത്ത പ്രകടനം നടത്തുന്ന ഋഷഭ് പന്തിന് മുന്നറിയപ്പെന്നോണമാണ് ഗംഭീര്‍ ഇത്തരത്തില്‍ സംസാരിച്ചത്.

ഋഷഭ് പന്ത് മികച്ച താരമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. മാച്ച്‌ വിന്നര്‍ ആകാന്‍ കെല്‍പ്പുള്ള താരമാണ്. എന്നാല്‍ ഇതിനായി കഠിനധ്വാനം ചെയ്യേണ്ടതുണ്ട്. ഇന്ത്യ എയ്ക്ക് വേണ്ടിയുള്ള പ്രകടനത്തിലൂടെ കനത്ത വെല്ലുവിളിയാണ് സഞ്ജു ഉയര്‍ത്തിയിരിക്കുന്നത്. വ്യക്തിപരമായി എന്‍റെ ഫേവറൈറ്റ് സഞ്ജു സാംസണാണ്. ഗംഭീര്‍ വ്യക്തമാക്കി.

തിരുവനന്തപുരം കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ നടന്ന ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ മത്സരത്തില്‍ സഞ്ജു മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

×