Advertisment

റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍; അധിക വിഹിതമായി 42 കോടി അനുവദിച്ചെന്ന് മന്ത്രി ജി ആര്‍ അനില്‍

author-image
Charlie
New Update

publive-image

Advertisment

തിരുവനന്തപുരം: റേഷന്‍ വ്യാപാരികള്‍ക്ക് ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ നല്‍കാനുള്ള കമ്മീഷന്‍ അനുവദിച്ചതായി മന്ത്രി ജിആര്‍ അനില്‍. 2022-23 സാമ്പത്തിക വര്‍ഷം റേഷന്‍ വ്യാപാരി കമ്മീഷന്‍ ഇനത്തില്‍ 216 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരുന്നതെന്ന് മന്ത്രി അറിയിച്ചു.റേഷന്‍ വ്യാപാരികള്‍ക്ക് കമ്മീഷന്‍ നല്‍കുന്നതിന് പ്രതിമാസം ശരാശരി 15 കോടി രൂപയാണ് ആവശ്യമായി വരുന്നത്. അതനുസരിച്ച് ബജറ്റ് വിഹിതം പര്യാപ്തമായിരുന്നു.

എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ പിഎംജികെഎവൈ പദ്ധതി പ്രകാരം അനുവദിച്ചിട്ടുള്ള ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തിന്റെ കമ്മീഷന്‍ തുക ബജറ്റില്‍ വകയിരുത്തിയിരുന്നില്ല. മാത്രവുമല്ല ഈ വര്‍ഷം ഡിസംബര്‍ വരെ ഈ പദ്ധതി നീട്ടിക്കൊണ്ടുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ ഓഗസ്റ്റിലാണ് പ്രഖ്യാപിച്ചത്. പിഎംജികെഎവൈ പദ്ധതി പ്രകാരമുള്ള റേഷന്‍ വ്യാപാരി കമ്മീഷന്‍ കൂടി ഉള്‍പ്പെടുമ്പോള്‍ പ്രതിമാസം 28 കോടി രൂപയോളം ആവശ്യമായി വന്നു. കമ്മീഷന്‍ ഇനത്തില്‍ സെപ്തംബര്‍ മാസം വരെ 196 കോടി രൂപ റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കിക്കഴിഞ്ഞെന്നും മന്ത്രി അനില്‍ അറിയിച്ചു.

പ്രതിമാസം 18,000 രൂപ കമ്മീഷന്‍ കിട്ടേണ്ട റേഷന്‍ വ്യാപാരികള്‍ക്ക് പിഎംജികെഎവൈ കൂടി ചേരുമ്പോള്‍ ഇരട്ടി തുക കമ്മീഷനായി ലഭിക്കും. കേന്ദ്ര ഗവണ്‍മെന്റ് അധികമായി അനുവദിച്ച പിഎംജികെഎവൈ പദ്ധതി പ്രകാരമുള്ള ഭക്ഷ്യധാന്യ വിതരണത്തിനുള്ള കമ്മീഷന്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭ്യമാകുന്നതിന് കാത്തു നില്‍ക്കാതെ വ്യാപാരി കമ്മീഷന്‍ മുഴുവന്‍ തുകയും മുടക്കം കൂടാതെ നല്‍കി വന്നു. ഒക്ടോബര്‍ മാസം മുതല്‍ കമ്മീഷന്‍ നല്‍കുന്നതിന് 100 കോടി രൂപ അധികമായി കണ്ടെത്തേണ്ടി വരികയും ഭക്ഷ്യ വകുപ്പ് ആവശ്യപ്പെട്ട പ്രകാരം ധനകാര്യ വകുപ്പ് അധിക തുക അനുവദിക്കുകയും ചെയ്തു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ കമ്മീഷന്‍ കാലതാമസം കൂടാതെ ഒരുമിച്ച് വ്യാപാരികള്‍ക്ക് ലഭ്യമാകുന്നതിന് നടപടി സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.

Advertisment