നിലവിളി ശബ്ദം കേട്ട് നോക്കുമ്പോള്‍ ഗ്രേസി ചേച്ചി പുറത്തേയ്ക്ക് തെറിച്ചു വീഴുന്നതാണ് കാണുന്നത് ; ബസ് അമിത വേഗത്തിലായിരുന്നു ; ഓടിച്ചെന്നപ്പോള്‍ കാണുന്നത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന ഗ്രേസി ചേച്ചിയെ, തൊട്ടടുത്ത് പേടിച്ചു വിറച്ചു നില്‍ക്കുന്ന കുഞ്ഞ് ; ഏറ്റുമാനൂരില്‍ വീട്ടമ്മയുടെ ദാരുണ മരണം കണ്‍മുന്നില്‍ കണ്ട ദൃക്‌സാക്ഷി പറയുന്നു

ന്യൂസ് ബ്യൂറോ, കോട്ടയം
Sunday, January 26, 2020

ഏറ്റുമാനൂർ : അമിത വേഗത്തിൽ പാഞ്ഞ ബസിൽ നിന്നു തെറിച്ചു പോയ വീട്ടമ്മ മതിലിൽ തലയടിച്ചു വീണു മരിച്ചു. കല്ലമ്പാറ മാന്തുരുത്തി വടക്കേതിൽ ഗ്രേസി ജോസാണു (67) മരിച്ചത്. ഇന്നലെ രാവിലെ 10.45നു വേദഗിരി – കല്ലമ്പാറ റോഡിലായിരുന്നു അപകടം. വാതിൽ തുറന്നു വച്ച് ഓടിക്കുന്നതിനിടെ സെന്റ് മാർട്ടിൻ ബസിൽനിന്നാണു ഗ്രേസി പുറത്തേക്കു വീണത്.

മുൻപുള്ള സ്റ്റോപ്പിൽ യാത്രക്കാർ കയറാനായി തുറന്ന ശേഷം ഹൈഡ്രോളിക് ഡോർ അടയ്ക്കാതെ ബസ് സർവീസ് നടത്തുകയായിരുന്നെന്ന് ബസിലുണ്ടായിരുന്ന യാത്രക്കാർ പറഞ്ഞു. ബസിന്റെ വാതിലിൽ ക്ലീനർ ഉണ്ടായിരുന്നില്ല.

ഏറ്റുമാനൂരിലേക്കു പോകാൻ കൊച്ചുമകൻ ജുവലിനൊപ്പം കണിയാംകിഴക്കൽ ജംക്‌ഷനിൽനിന്നാണ് ഗ്രേസി ബസിൽ കയറിയത്. തിരക്കായതിനാൽ മുൻവാതിലിനു സമീപം നിൽക്കുകയായിരുന്നു ഗ്രേസി. കുട്ടിയായ ജുവലിന് മറ്റൊരിടത്ത് സീറ്റു കിട്ടി. ബസ് സ്റ്റോപ്പിൽനിന്ന് അൽപദൂരം പിന്നിട്ട ബസ് വേഗത്തിൽ വളവു തിരിഞ്ഞപ്പോൾ പിടിവിട്ട് ഗ്രേസി റോഡിലേക്കു തെറിച്ചു വീണു.

യാത്രക്കാരി വീണത് അറിയാതെ ബസ് പിന്നെയും മുന്നോട്ടോടി. യാത്രക്കാർ‍ ബഹളം വച്ചപ്പോഴാണു ബസ് നിർത്തിയത്.മുൻവാതിലിനു സമീപം നിൽക്കുകയായിരുന്നു ഗ്രേസി. ബസ് വേഗത്തിൽ വളവ് തിരിയുമ്പോൾ നിലതെറ്റി പിടിവിട്ട് പുറത്തേക്കു തെറിച്ചു വീഴുകയായിരുന്നു. ഗ്രേസിയുടെ തല റോഡരികിലെ മതിലിൽ ഇടിച്ചെന്ന് നാട്ടുകാർ പറഞ്ഞു.

കാറിൽ നാട്ടുകാർ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. ബസ് കസ്റ്റഡിയിൽ എടുത്ത പൊലീസ് ഡ്രൈവർ അതിരമ്പുഴ മരിക്കലക്കാലായിൽ അനൂപിനെതിരെ (29) മനഃപ്പൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു.ഗ്രേസി കടുത്തുരുത്തി നിലപ്പന കുടുംബാംഗമാണ്. ഭർത്താവ്: എം.വി ജോസ്. മക്കൾ: ബെൻസിൽ, സിൻസിൽ. മരുമക്കൾ: ജിജോമോൻ, ബിൻസി. സംസ്കാരം നാളെ ഉച്ചയ്ക്കു 2.30നു വേദഗിരി സെന്റ് മേരീസ് പള്ളിയിൽ.

അപകടം കണ്‍മുന്നില്‍ കണ്ട വീട്ടമ്മയുടെ വാക്കുകള്‍ ഇങ്ങനെ..

ഏറ്റുമാനൂരിലെ ഡെന്റൽ ക്ലിനിക്കിലേക്കാണെന്നു ചിരിച്ചുകൊണ്ടു പറഞ്ഞ ഗ്രേസി ചേച്ചിയുടെ മുഖം മനസ്സിൽ നിന്നു മായുന്നില്ല. കൊച്ചുമകൻ ജൂവൽ കൂടെയുണ്ടായിരുന്നു.10.30നാണ് ഇരുവരും കണിയാംകിഴക്കേതിൽ ജം‌ക്‌ഷനിലെത്തിയത്. അതിരമ്പുഴയിലേക്കു പോകുകയായിരുന്നു ഞാൻ. ബസിൽ നല്ല തിരക്കായിരുന്നു. എന്റെ പിന്നിലാണ് ഗ്രേസി ചേച്ചി നിന്നത്. ജൂവലിന് സീറ്റ് കിട്ടി.

അൽപനേരത്തിനു ശേഷം നിലവിളി ശബ്ദം കേട്ട് ഞാൻ നോക്കുമ്പോൾ‌ ഗ്രേസി ചേച്ചി പുറത്തേക്കു വീഴുന്നതാണു കാണുന്നത്. ഡോർ തുറന്നു കിടന്നിരുന്നതിനാൽ പുറത്തേക്കു തെറിച്ചുപോയി. അമിത വേഗത്തിലായിരുന്നു ബസ്.

ഞങ്ങൾ അലറി വിളിച്ചപ്പോഴാണ് ബസ് നിർത്തിയത്. അപ്പോഴേക്കും നാട്ടുകാർ ഓടിക്കൂടിയിരുന്നു. ബസിൽനിന്നിറങ്ങി ഓടിച്ചെന്നപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന ഗ്രേസി ചേച്ചിയെ ആണു കണ്ടത്. തൊട്ടടുത്ത് കുട്ടി പേടിച്ചു വിറച്ചു നിൽക്കുന്നുണ്ടായിരുന്നു.

×