കപ്പലില്‍ ആകെ 217 പേര്‍, അതില്‍ 128 യാത്രക്കാരും കൊവിഡ് ബാധിതര്‍…ഓസ്‌ട്രേലിയ, ന്യൂസീലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവരെ മാറ്റും; യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ കപ്പലില്‍ തുടരണം

ജോബി ജോസഫ്, യു എസ്, Ph: 209 531 8489
Wednesday, April 8, 2020

മെല്‍ബണ്‍: അന്റാര്‍ട്ടിക് ക്രൂയിസ് കപ്പലിലെ 60 ശതമാനം പേരും കൊവിഡ് ബാധിതരാണെന്ന് കണ്ടെത്തിയതോടെ ഓസ്‌ട്രേലിയ, ന്യൂസീലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ ഉടന്‍ തന്നെ കപ്പലില്‍ നിന്ന് മാറ്റാന്‍ തീരുമാനമായി.

 

ഓസ്‌ട്രേലിയയിലെ ഗ്രെഗ് മോര്‍ട്ടിമര്‍ എന്ന ക്രൂയിസ് കപ്പല്‍ മാര്‍ച്ച് 15നാണ് അന്റാര്‍ട്ടിക്കയിലേക്കും ദക്ഷിണ ജോര്‍ജിയലേക്കുമായി യാത്ര തിരിച്ചത്.കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് കപ്പലിന്റെ യാത്ര തുടരുന്നത് അധികൃതര്‍ തടഞ്ഞതിനാല്‍ ഏപ്രില്‍ ആദ്യം മുതല്‍ കപ്പല്‍ ഉറുഗ്വേ തീരത്ത് കുടുങ്ങിക്കിടക്കുകയാണ്. ഇതിലുണ്ടായിരുന്ന 217 പേരില്‍ 128 യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

പ്രത്യേക പരിചരണം ആവശ്യമുള്ള ആറ് യാത്രികരെ ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവിഡിയോയിലേക്ക് മാറ്റി. എന്നാല്‍ കൊവിഡ് ബാധിതരായ യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള യാത്രികര്‍ കൊവിഡ് മുക്തരാകുന്നതുവരെ കപ്പലില്‍ തുടരേണ്ടിവരും. ഓരോ മൂന്ന് ദിവസങ്ങള്‍ കഴിയുമ്പോഴും യാത്രക്കാരെയെല്ലാം പരിശോധനക്ക് വിധേയരാക്കുന്നുണ്ട്.

യാത്രക്കാരെ ഉറുഗ്വേയില്‍ ഇറങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതര്‍ അത് നിഷേധിച്ചതായി ക്രൂയിസ് ഓപ്പറേറ്റര്‍ പറഞ്ഞു. ഓസ്‌ട്രേലിയയില്‍ നിന്നും ന്യൂസീലാന്‍ഡില്‍ നിന്നുമുള്ളവര്‍ക്ക് വിമാനമാര്‍ഗം യാത്ര ചെയ്യാന്‍ ചൊവ്വാഴ്ചയാണ് അനുമതി നല്‍കിയത്. ഇവര്‍ വ്യാഴാഴ്ച മെല്‍ബണിലേക്ക് യാത്ര തിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

×